4/4/09

ലൈംഗികതയും ബ്രഹ്മചര്യവും

'തത്തമ്മയും മൂര്‍ഖന്‍പാമ്പും' അഥവാ 'സെമിനാരിയും സെമിത്തേരിയും' എന്നൊക്കെ ഒരുമിച്ച്‌ കേള്‍ക്കുമ്പോള്‍ ഇപ്പോഴും നെറ്റി ചുളിക്കുന്നവരുണ്ടാകാം. പക്ഷെ, സമകാലികസമൂഹത്തില്‍ 'ലൈംഗികതയും ബ്രഹ്മചര്യവും' എന്ന് കേള്‍ക്കുമ്പോള്‍ ആരും നെറ്റിചുളിക്കാറില്ല എന്ന് തോന്നുന്നു. കാരണം, ചേരുംപടി ചേര്‍ക്കാവുന്ന സ്വാഭാവിക പദങ്ങളായി ഇന്നത്‌ മാറിയിരിക്കുന്നു. ഏതാനും ചില 'സ്വാമിമാരും' 'അഭയാക്കേസും' 'ആമേനും' അവയെതുടര്‍ന്നുണ്ടായ 'മാധ്യമാഘോഷങ്ങളും' കേരളസമൂഹത്തില്‍ ഇത്തരത്തിലുള്ള ഒരു സാമൂഹിക കാഴച്ചപ്പാടിന്‌ വഴിതെളിച്ചിട്ടുണ്ട്‌.

എല്ലാ മനുഷ്യരും ഒരര്‍ത്ഥത്തില്‍ ലൈംഗികതയുമായി മല്‍പ്പിടുത്തം നടത്തുന്നവരാണ്‌. ലൈംഗികതയുമായി ബന്ധപ്പെട്ട്‌ തികച്ചും സമാധാനപൂര്‍ണ്ണമായ ഒരു സമൂഹവും ചരിത്രത്തില്‍ ഉണ്ടായിട്ടില്ല എന്ന് പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. സ്വന്തം ശരീരത്തെ ബഹുമാനിക്കുന്ന ഏതെങ്കിലുമൊരു ബ്രഹ്മചാരിക്കൊ സാധാരണക്കാരനൊ ലൈഗികമേഖലയില്‍ പരിപൂര്‍ണ്ണ ശാന്തതയനുഭവപ്പെടുന്നുണ്ട്‌ എന്ന് പറയാനാവില്ല. എല്ലാവരും ഈ മേഖലയില്‍ ഏതെങ്കിലും വിധത്തില്‍ സമ്മര്‍ദ്ദം അനുഭവപ്പെടുന്നവരാണ്‌. സാമൂഹികമായ പരസ്പര ബന്ധങ്ങള്‍ക്കും ദൈവികമായ സൃഷ്ടികര്‍മ്മത്തിലുള്ള പങ്കാളിത്തത്തിനുമായി മനുഷ്യനെ ഉത്തേജിപ്പിക്കുന്ന, അതിശക്തവും സങ്കീര്‍ണ്ണവുമായ ഒരു സവിശേഷതായി ലൈംഗികത നിലകൊള്ളുന്നതാവണം ഈ സമ്മര്‍ദ്ദത്തിന്‌ അടിസ്ഥാനകാരണം. ഇത്തരത്തിലുള്ള ഒരു ഉത്തേജനം മനുഷ്യനില്ലായിരുന്നെങ്കില്‍ മനുഷ്യവംശം ഭൂമുഖത്ത്‌ നിന്ന് തുടക്കത്തിലെ അപ്രത്യക്ഷമായേനെ.

ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എവര്‍ക്കും താത്പര്യമുള്ളതിനാലാവാം മാധ്യമങ്ങള്‍ക്ക്‌ എല്ലായ്പ്പോഴും അവ വാര്‍ത്താപ്രാധാന്യമുള്ളവയാണ്‌. ഇതെഴുതുമ്പോഴും ഓസ്ട്രിയയിലും കൊളംബിയയിലും മകളെ ലൈംഗികമായി ദുരുപയോഗിച്ച്‌ അവളില്‍ നിന്ന് മറ്റു മക്കള്‍ക്ക്‌ അവകാശികളായ 'പിതാക്കന്മാരുടെ' വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഉണ്ട്‌. അതേസമയം ഇത്തരം വാര്‍ത്തകള്‍ ബ്രഹ്മചാരികളെ സംബന്ധിച്ചുള്ളതാണെങ്കില്‍ അവ കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കപ്പെടാറുമുണ്ട്‌. ഒരുപക്ഷെ മേല്‍പ്പറഞ്ഞതുപോലെ, എല്ലാവരും ലൈംഗികമേഖലയില്‍ സമ്മര്‍ദ്ദങ്ങള്‍ നേരിടുമ്പോഴും തങ്ങള്‍ക്ക്‌ ഇതൊരു പ്രശ്നമേയല്ല എന്ന രീതിയില്‍ സമുഹത്തിന്‌ ഒരു ചോദ്യചിഹ്നമായി ജീവിക്കുന്ന, ചുരുങ്ങിയപക്ഷം അത്തരത്തില്‍ കാണപ്പെടുന്ന പുരോഹിതരും, സന്ന്യസ്തരുമടങ്ങുന്ന ബ്രഹ്മചാരികള്‍ തങ്ങളുടെ ജീവിതശൈലിയില്‍ പരാജയപെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുക സ്വാഭാവികമാണ്‌. ഇത്തരം വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിന്‌ മാധ്യമങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല എന്നതാണ്‌ എന്റേയും അഭിപ്രായം, കാരണം അവ വസ്തുതകളാണ്‌. ഉദാഹരണത്തിന്‌, പ്രതികൂലമായ കാലാവസ്ഥാവിവരണം നല്‍കുന്നതിന്റെ പേരില്‍ അവതാരകനെ കുറ്റം പറയുന്നതില്‍ അര്‍ത്ഥമില്ലല്ലൊ. എങ്കിലും ഇത്തരം വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്ന മാധ്യമങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്‌ ഓരൊ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്‌.

അതേസമയം, ഒറ്റപ്പെട്ട ലൈംഗികാപചയങ്ങള്‍ സമൂഹത്തില്‍ ആവര്‍ത്തിക്കുമ്പോള്‍ അവയെ സാമാന്യവത്ക്കരിക്കുന്നതിനോട്‌ ഒരിക്കലും യോജിക്കാനാവില്ല. ഏതാനും ചില വ്യക്തികള്‍ക്ക്‌ വീഴ്ചകള്‍ സംഭവിക്കുന്നതിന്റെ പേരില്‍ എല്ലാ വ്യക്തികളേയും തത്തുല്ല്യമായി വിലയിരുത്തുന്നത്‌ ബാലിശമാണ്‌ എന്നതില്‍ സംശയമില്ല. സമകാലിക മാധ്യമസസ്കാരത്തില്‍ സാമാന്യവത്ക്കരണത്തിന്റെ ഇത്തരം പ്രവണതകള്‍ കൂടിവരുന്നതായി കാണപ്പെടുന്നു. ലൈംഗികാപവാദ വാര്‍ത്തകള്‍ ഒരുമിച്ചെടുത്താല്‍, ബ്രഹ്മചര്യജീവിതം നയിക്കുന്നവര്‍ക്കിടയില്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ ഇത്തരം അപചയങ്ങള്‍ സംഭവിക്കുന്നത്‌ വളരെ കുറവാണ്‌ എന്ന് കാണാനാവും. പൊതുവഭിപ്രായമനുസരിച്ച്‌ മറിച്ചാണ്‌ കണക്കുകള്‍ സൂചിപ്പിക്കേണ്ടിയിരുന്നത്‌. അതായത്‌, ചിലര്‍ ആരോപിക്കുന്നതുപോലെ ബ്രഹ്മചര്യം ദൈവത്തിനും മനുഷ്യപ്രകൃതിക്കും എതിരായിരുന്നെങ്കില്‍ ലൈംഗികമേഖലയില്‍ തിന്മകള്‍ വര്‍ദ്ധിക്കേണ്ടത്‌ ബ്രഹ്മചാരികളുടെ ജീവിതത്തിലായിരുന്നു. വാര്‍ത്തകള്‍ മറിച്ച്‌ സൂചിപ്പിക്കുന്നതിനാല്‍, ബ്രഹ്മചര്യം മനുഷ്യന്റെ പ്രകൃതിക്ക്‌ ഏതിരല്ല എന്നും, ദൈവികകൃപയാല്‍ മനുഷ്യന്റെ സ്വഭാവികപ്രകൃതിക്ക്‌ ഉപരിയായി ജീവിക്കാനാവുന്ന ഒരു യാഥാര്‍ത്ഥ്യമാണ്‌ എന്നും അംഗീകരിക്കാനാവും.

ബ്രഹ്മചാരികള്‍ എന്ന് പറയുമ്പോള്‍ സാധാരണഗതിയില്‍ വിവാഹം കഴിക്കാത്തവര്‍, ലൈംഗികബന്ധത്തിലേര്‍പ്പെടാത്തവര്‍ എന്ന ചിന്തകളാണ്‌ മുന്നിട്ട്‌ നില്‍ക്കുക. ഏന്നാല്‍ വിവാഹജീവിതത്തെ ലൈംഗികബന്ധത്തിനുള്ള ഒരു വേദിയായി മാത്രം ചിത്രീകരിക്കുന്നതു പോലെ അപൂര്‍ണ്ണമായ ഒരു കാഴ്ചപ്പാടാണ്‌ ഇത്‌. ജീവിതത്തിലൊരിക്കലും ലൈംഗികപരമായ കാര്യങ്ങള്‍ ചിന്തിക്കുകയൊ പ്രവര്‍ത്തിക്കുകയൊ ഇല്ല എന്ന ലക്ഷ്യം വച്ച്‌ അതിനായി അക്ഷീണം പരിശ്രമിക്കുന്നവരേയല്ല ബ്രഹമചാരികള്‍ എന്ന് വിളിക്കേണ്ടത്‌, മറിച്ച്‌ 'ബ്രഹ്മത്തില്‍ ചരിക്കുന്നവനാണ്‌ ബ്രഹ്മചാരി'. തത്‌ഫലമായി മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ അവരില്‍ രൂപികൃതമാകാം. അതായത്‌, ഒരു വ്യക്തി സ്വാതന്ത്ര്യത്തോടെ തന്റെ മനസ്സും ശരീരവും ആത്മാവും പരിപൂര്‍ണ്ണമായി ദൈവത്തിന്‌ സമര്‍പ്പിക്കുന്നതിന്റെ ഫലമായി അവനില്‍ രൂപികൃതമാവുന്ന ജീവിതശൈലിയാണ്‌ യഥാര്‍ത്ഥബ്രഹ്മചര്യം. മറ്റൊരുവാക്കില്‍, ഈ സമര്‍പ്പണത്തിന്റെ ആഴമേറിയ പ്രകടനമാണ്‌ ബ്രഹ്മചാരിയുടെ 'അപരിണയജീവിതശൈലി'. ദൈവത്തിനുള്ള ഈ സമര്‍പ്പണത്തിന്‌ കുറവുകള്‍ സംഭവിക്കുമ്പോള്‍ അവരുടെ ജീവിതസാക്ഷ്യത്തിലും പാളിച്ചകള്‍ സംഭവിക്കും. ലൈംഗികജീവിതവുമായി ബന്ധപ്പെട്ട അപഭ്രംശം അവയിലൊന്ന് മാത്രമാണ്‌. അതേസമയം, സമൂഹത്തില്‍ നിലനില്‍ക്കുന്ന ഏതെങ്കിലും നിയമത്തിന്റെ പേരിലോ, ശാരീരികമോ മാനസികമൊ ആയ കാരണങ്ങളാലൊ, അധികാരത്തിനൊ അംഗീകാരത്തിനൊ സമ്പത്തിനൊ വേണ്ടിയൊ, ബ്രഹ്മചര്യം ജീവിതശൈലിയായി സ്വീകരിച്ചവനില്‍ നിന്ന് ബ്രഹ്മചാരിയുടെ ഗുണഗണങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. അനുഷ്ഠാനവിധികള്‍ക്കൊ സന്ന്യാസവസ്ത്രങ്ങള്‍ക്കൊ ഒന്നും ഒരിക്കലും ഒരു യഥാര്‍ത്ഥ സന്ന്യാസിയെ സൃഷ്ടിച്ചെടുക്കാനാവില്ല എന്നതാണ്‌ സത്യം.

ബ്രഹ്മചര്യം മനുഷ്യന്റെ സ്വാഭാവപ്രകൃതിക്ക്‌ അതീതമായതിനാല്‍ ദൈവകൃപകൂടാതെ ഈ ജീവിതശൈലിയിലേക്ക്‌ പ്രവേശിക്കാനൊ അതില്‍ നിലനില്‍ക്കാനൊ ഒരു മനുഷ്യനും സാധിക്കുകയില്ല. ഇക്കാരണത്താല്‍ത്തന്നെ, ബ്രഹ്മചര്യം ദൈവവിളി അഥവാ ദൈവികദാനമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതോടൊപ്പം വ്യക്തിപരമായ നിതാന്തപരിശ്രമവും ഈ ജീവിതശൈലിയുടെ പരിപൂര്‍ണ്ണതക്ക്‌ അത്യന്താപേക്ഷിതമാണ്‌. ക്രൈസ്തവവിശ്വാസത്തില്‍ ബ്രഹ്മചര്യത്തിന്‌ ശ്രേഷ്ഠമായൊരു സ്ഥാനമുണ്ട്‌. കാരണം, അത്‌ സുവിശേഷപ്രബോധനങ്ങളില്‍ അധിഷ്ഠിതമാണ്‌. 2000 വര്‍ഷത്തിലധികമായി തിരുസഭയില്‍ നിലനില്‍ക്കുന്ന ഒരു സുവിശേഷപുണ്യമാണ്‌ ബ്രഹ്മചര്യം. അതേസമയം, കത്തോലിക്കാസഭയിലെ പൗരോഹിത്യവുമായി ബന്ധപ്പെടുത്തി ബ്രഹ്മചര്യത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍, വിവാഹം പൗരോഹിത്യത്തിന്റെ അന്തസത്തയെ ഇല്ലാതാക്കുന്നില്ല. കത്തോലിക്കാസഭയിലുള്‍പ്പെട്ട പൗരസ്ത്യസഭയിലെ വിവാഹിതരായ വൈദികര്‍ക്കും പൗരോഹിത്യശുശ്രൂഷയില്‍ മറ്റുള്ളവര്‍ക്കൊപ്പം തുല്ല്യസ്ഥാനമാണുള്ളത്‌. അതായത്‌ പൗരോഹിത്യ ശുശ്രൂഷയുടെ ഫലദായകത ഒരു പുരോഹിതന്റെ വിവാഹജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നതല്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. അതേസമയം ബ്രഹ്മചര്യം പൗരോഹിത്യജീവിതത്തിന്‌ ഏറ്റവും അനുയോജ്യമായ ജീവിതശൈലി ആണെന്നാണ്‌ സഭ പ്രബോധിപ്പിക്കുന്നത്‌. യേശുക്രിസ്തുവിന്റെ ജീവിതമാതൃകയും സുവിശേഷപ്രബോധനങ്ങളും സഭയുടെ പാരമ്പര്യവും പ്രായോഗികാനുഭവവും തുടങ്ങിയവ ബ്രഹ്മചര്യമാണ്‌ പൗരോഹിത്യശുശ്രൂഷക്ക്‌ എറ്റവും അനുയോജ്യം എന്ന സഭയുടെ തിരിച്ചറിവിന്‌ കാരണമായി ചൂണ്ടികാണിക്കാവുന്നത്‌. ഈ അനുയോജ്യത സഭ നിയമങ്ങളിലൂടെ കാലാകാലം പരിരക്ഷിക്കുകയും ചെയ്യുന്നുണ്ട്‌. പൗരോഹിത്യബ്രഹ്മചര്യം ഒരു വിശ്വാസസത്യമായി പരിഗണിക്കാത്തതിനാല്‍ (Dogma), ഇതുമായി ബന്ധപ്പെട്ട സഭാനിയമങ്ങള്‍ക്ക്‌ കാലക്രമേണ മാറ്റങ്ങള്‍ വാരാന്‍ സാധ്യതയുണ്ടെങ്കിലും ഇത്തരം ജീവിതത്തിലേക്ക്‌ പ്രവേശിക്കാനാഗ്രഹിക്കുന്നവര്‍ക്ക്‌ അതിനുള്ള അവസരം എല്ലായ്പ്പോഴും സഭയില്‍ ഉണ്ടാവും എന്ന് കരുതാം.

ചുരുക്കത്തില്‍, ലൈംഗികതയോടുള്ള നിഷേധാത്മകമായ ഒരു നിലപാടല്ല ബ്രഹ്മചര്യം എന്ന് മനസ്സിലാക്കണം. ദൈവത്തിനുള്ള സമ്പൂര്‍ണ്ണ സമര്‍പ്പണം വഴി സ്വന്തം ലൈംഗികതയെ ദൈവവുമായുള്ള ഐക്യത്തിനും വ്യക്തിപരമായ വളര്‍ച്ചക്കും സമൂഹത്തിന്റെ നന്മക്കുമായി പരിവര്‍ത്തനം ചെയ്യാന്‍ കഴിയുന്നവനാണ്‌ യഥാര്‍ത്ഥ ബ്രഹ്മചാരി. ബ്രഹ്മചര്യത്തിന്റെ അതിസ്വാഭാവികതയെ ഉയര്‍ത്തികാട്ടുന്നതിനൊപ്പം അതിന്റെ സ്വാഭാവികതയെ തിരസ്കരിക്കരുത്‌. മറ്റുള്ളവരെപ്പോലെ ബ്രഹ്മചാരിയിലും തുടിക്കുന്ന ലൈംഗികോര്‍ജ്ജത്തിന്റെ ശരിയായ പരിവര്‍ത്തനത്തിലൂടെ മാത്രമെ അവന്‌ യഥാര്‍ത്ഥശാന്തിയും സ്വാതന്ത്ര്യവും സന്തോഷവും അനുഭവിക്കാനാവൂ. അതായത്‌, ബ്രഹ്മചര്യവും ലൈംഗികതയും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതൊരു സമൂഹത്തിലായാലും യഥാര്‍ത്ഥ്യബോധമില്ലാതെ, ബ്രഹ്മചര്യത്തെ 'ഭാവനാത്മകവിശുദ്ധിയോടെ' കാണുന്നതും, ലൈംഗികതയെ മൃഗതുല്ല്യമായി സ്വാഭാവീകരിക്കുന്നതും തികച്ചും അപകടകരമാണ്‌. മനുഷ്യന്‍ മൃഗങ്ങളില്‍ നിന്ന് വ്യത്യസ്ഥനായിരിക്കുന്നതിനാല്‍ അവയില്‍ നിന്ന് വ്യത്യസ്ഥമായി ഉത്തരവാദിത്വപൂര്‍ണ്ണമായ അത്മനിയന്ത്രണം അവന്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്‌. ഒരു ബ്രഹ്മചാരി മാനുഷികപ്രകൃതിയില്‍ നിന്നുള്ള തന്റെ പരിമിതികളെ അംഗീകരിക്കേണ്ടതു പോലെ, കുടുംമ്പജീവിതം നയിക്കുന്നവര്‍ ലൈംഗികജീവിതത്തിന്റെ ശ്രേഷ്ഠത ഉള്‍ക്കൊണ്ട്‌ ജീവിക്കുകയും വേണം. ഇത്തരത്തില്‍ സംന്തുലിതമായ ഒരു കാഴ്ചപ്പാടുണ്ടെങ്കിലെ ആരോഗ്യകരമായ സമൂഹം രൂപപ്പെടുകയൊള്ളു. മറിച്ചുള്ളവര്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര്‍വ്വതം പോലെ സമുഹത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും, അവ വാര്‍ത്തകളും ആവും.