1/22/08

വിതക്കാരന്റെ ചരടുവലികള്‍

"അവന്‍ പറഞ്ഞു: ദൈവരാജ്യം, ഒരുവന്‍ ഭൂമിയില്‍ വിത്തു വിതയ്ക്കുന്നതിനു സദൃശ്യം. അവന്‍ രാവും പകലും ഉറങ്ങിയും ഉണര്‍ന്നും കഴിയുന്നു. അവന്‍ അറിയാതെ തന്നെ വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു: ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്ന് കതിരില്‍ ധാന്യമണികള്‍ ഇങ്ങനെ ഭൂമി ഫലം പുറപ്പെടുവിക്കുന്നു."(മര്‍ക്കോസ്‌ 4, 26-28)

നെല്‍കൃഷിയുള്ളവര്‍ക്കറിയാം പാടത്ത്‌ വിത്തു വിതച്ചതിനു ശേഷമുള്ള ബുദ്ധിമുട്ടുകള്‍. വിതച്ചതിനു ശേഷം അവ മുളപൊട്ടി വേരുപിടിച്ചു തുടങ്ങുമ്പോഴേക്കും നിറഞ്ഞു കിടക്കുന്ന വെള്ളം തുറന്നു വിടണം, ഇല്ലെങ്കില്‍ എല്ലാം ചീഞ്ഞു പോകും. വെള്ളം തുറന്നു വിട്ടാലോ? പുതുജീവന്റെ നാമ്പുകളെ വേരൊടേ പിഴുതുതിന്നാന്‍ കൂട്ടത്തോടെ വരവായി വിവിധയിനം പറവകള്‍. ഇവയെ ഓടിച്ചു വിടാന്‍ കാവലിരിക്കുന്ന പതിവുണ്ടായിരുന്നു വീട്ടില്‍, ക്രമമനുസരിച്ച്‌ ഞങ്ങള്‍ മാറി മാറി കാവലിരുന്ന് അവ വരുമ്പോള്‍ ഒച്ചയുണ്ടാക്കി ഓടിച്ചു വിടും. കൂട്ടത്തില്‍ ലോട്ടുലൊടുക്കു വിദ്യകളില്‍ കുടുമ്പത്തില്‍ അന്നേ കുപ്രസിദ്ധി നേടിയ ഞാന്‍ ഒരു സൂത്രപണി ചെയ്തിരുന്നു (ഞാന്‍ അഴിച്ചു പണിത്‌ കഷണങ്ങളുടെ എണ്ണം കൂട്ടാത്ത ക്ലോക്ക്‌, റേഡിയോ ആദിയായവ വീട്ടില്‍ വളരെ കുറവാണ്‌). വെള്ളം കോരാനായി ഉപയോഗിച്ചിരുന്ന, നടുവില്‍ ഓട്ടവീണിരുന്ന, പഴയ പിച്ചള ബക്കറ്റിനകത്ത്‌ ഒരു കൊച്ചു കമ്പികഷണം ഫിറ്റ്‌ ചെയ്ത്‌ അതിനെ ഒരു മണി പോലെയാക്കും. അത്‌ പാടത്തിനരികെയുള്ള മരത്തില്‍ തലകീഴായി കെട്ടിതൂക്കി അതില്‍ നിന്നും നീളത്തില്‍ ചരടുകള്‍ ഏച്ചുകെട്ടി വീടിനകത്ത്‌ ഞാന്‍ ഇരിക്കുന്നിടത്തേക്ക്‌ എത്തിക്കും. ഞാനവിടെയിരുന്ന് ചരട്‌ വലിക്കുമ്പൊള്‍ പാടത്ത്‌ എന്റെ പിച്ചള ബക്കറ്റ്‌ "കട...പട...കഠേ..." ഒച്ചയുണ്ടാക്കും. പറവകള്‍ ഈ ഒച്ച കേട്ട്‌ പേടിച്ച്‌ പറന്നു പോകും, പിന്നെ കുറച്ച്‌ നേരത്തേക്ക്‌ അവ മടങ്ങി വരില്ല. അങ്ങനെ ശ്രദ്ധാപൂര്‍ണ്ണമായ പരിപാലനയാല്‍ "വിത്തുകള്‍ പൊട്ടിമുളച്ചു വളരുന്നു: ആദ്യം ഇല, പിന്നെ കതിര്‍, തുടര്‍ന്ന് കതിരില്‍ ധാന്യമണികള്‍..."

എങ്കിലും ജീവിതത്തിലേക്ക്‌ പിന്തിരിഞ്ഞു നോക്കുമ്പോള്‍ എന്റെ ഹൃദയവയലില്‍ വിതക്കപ്പെട്ട ഒരുപാട്‌ നല്ല വിത്തുകള്‍ പിന്നീടുണ്ടായ അശ്രദ്ധയാല്‍ കവര്‍ന്നെടുക്കപെട്ടിട്ടുണ്ട്‌, അതേ അശ്രദ്ധയാല്‍ തന്നെ എത്രയോ തിന്മയുടെ വിത്തുകള്‍ എന്നില്‍ വിതക്കപെടുകയും തഴച്ചു വളരുകയും ചെയ്തിരിക്കുന്നു. വേണ്ട സമയത്ത്‌ വേണ്ട "ചരടുവലികള്‍" നടത്താത്തതിന്റെ ഫലം. ഇന്നും എന്റെ ജീവിതത്തില്‍ ഈ ദുരവസ്ഥ തുടരാതിരിക്കാന്‍ ഒരുപാട്‌ ദൈവികമായ സംവിധാനങ്ങളും, 'ലോട്ടുലൊടുക്ക്‌ വിദ്യകളും' സഭയിലൂടെ ഗുരു പറഞ്ഞു തന്നിട്ടുണ്ട്‌. കൂദാശകളും, ഭക്താനുഷ്‌ഠാനങ്ങളും മറ്റുമെല്ലാം അതിനുദാഹരണങ്ങളാണ്‌. "നിങ്ങള്‍ സദാ ജാഗരൂകരായി പ്രാര്‍ത്ഥിക്കുവിന്‍" എന്ന ഗുരുവചനത്തിന്റെ പൊരുളും ഇതു തന്നെയല്ലെ? പക്ഷെ, എപ്പോഴും 'ഉണര്‍ന്നിരിക്കാന്‍' മാനുഷികമായി സാധിക്കില്ല. അത്തരം സമയങ്ങളില്‍ നേരത്തെ പിടിച്ചു വലിച്ച ജപമാലച്ചരടിന്റേയും, പ്രാര്‍ത്ഥനാവലികളുടേയും പ്രതിധ്വനി ഹൃദയത്തില്‍ മുഴങ്ങിനില്‍ക്കണം. ഈ പ്രതിധ്വനിയാല്‍ തിന്മയുടെ ശക്തികള്‍ എന്നില്‍ നിന്ന് അകറ്റി നിറുത്തപ്പെടും. അങ്ങനെ എന്നില്‍ വിതക്കപെട്ട നന്മയുടെ വിത്തുകള്‍ മറ്റാരാലും കവര്‍ന്നെടുക്കപ്പെടാതെ ഭൂമിയില്‍ ഫലമണിയും.

ഇപ്രകാരം നൂറുമടങ്ങായി നിന്റെ ഹൃദയവയലില്‍ ഫലമണിയുന്ന വചനവിത്തുകള്‍ നിന്നെ ഗുരുവിന്റെ ഭുമിയിലെ ജീവന്റെ വിതക്കാരനാക്കില്ലേ? അതൊ, നിനക്കായ്‌ മാത്രം അറപ്പുരകള്‍ പണിതുവയ്ക്കാന്‍ ഒരുങ്ങുകയാണോ നീ? ഒരുപക്ഷെ, ഇതിനു മുന്‍പ്‌ നീയ്യും നിനക്കു ചുറ്റുമുള്ളവരില്‍ ഒരുപാട്‌ തിന്മയുടെ വിത്തുകള്‍ വിതച്ചിട്ടുണ്ടാകാം, അവര്‍ പോലുമറിയാതെ അവരിലെ നന്മയുടെ വിത്തുകള്‍ കവര്‍ന്നെടുത്ത്‌ അവര്‍ 'ഫലശൂന്യമാക്കപ്പെടാന്‍' നീയ്യും കൂട്ടുനിന്നിട്ടുണ്ടാകാം. പക്ഷെ, ഇന്നു നിന്നില്‍ വളര്‍ന്ന് വരുന്ന ഒരേ ഒരു വചന വിത്ത്‌ മതിയാവാം നീ നിഷ്ക്കരുണം പിഴുതെടുത്ത ജീവന്റെ വിത്തുകള്‍ പുനര്‍ജ്ജനിപ്പിക്കാന്‍, നിനക്കു ചുറ്റുമുള്ള ഈ ലോകം വിശുദ്ധീകരിക്കപ്പെടാന്‍.

ജീവന്റെ വിതക്കാരേ നമുക്ക്‌ പരസ്പരം ഹൃദയങ്ങള്‍ ചേര്‍ത്തണക്കാം. അവിടെ മുളപൊട്ടിയുണരുന്ന ജീവന്റെ പ്രതിധ്വനികള്‍ അവിടുത്തെ രാജ്യം വിസ്‌തൃതമാക്കട്ടെ.

4 comments:

biju said...

Your hrdayapadathu pottimulackunna oro pulchedikalkum othiri pookkalum phalanjalum undakatte ennu aasamsikkunnu.
Fr. Biju CRM

അപ്പു ആദ്യാക്ഷരി said...

വളരെ നല്ല ചിന്തകള്‍. നന്ദിയുണ്ട് ഇതിവിടെ പകര്‍ത്തിവച്ചതിന്.

razai cover online said...

ജീവന്റെ വിതക്കാരേ നമുക്ക്‌ പരസ്പരം ഹൃദയങ്ങള്‍ ചേര്‍ത്തണക്കാം. അവിടെ മുളപൊട്ടിയുണരുന്ന ജീവന്റെ പ്രതിധ്വനികള്‍ അവിടുത്തെ രാജ്യം വിസ്‌തൃതമാക്കട്ടെ.

california king fitted sheet ,
300 thread count bedding ,

Anonymous said...

kyrie 9
off white hoodie
yeezy 500
alexander mcqueen outlet
goyard
off white clothing
palm angels
golden goose sale
supreme
air jordan