5/18/08

മറന്നോ? ഞാനാരാണെന്ന് !

ഗുരു അന്ന് കടല്‍ത്തീരം ചേര്‍ന്ന് നടക്കുകയായിരുന്നു. പ്രഭാതസൂര്യന്റെ കിരണങ്ങള്‍ ഗുരുവിന്റെ മുഖത്തെ കൂടുതല്‍ പ്രകാശിപ്പിച്ചു. അവര്‍ണ്ണനീയമായ തേജ്ജസ്സായിരുന്നു അവിടുത്തെ കണ്ണുകളില്‍. അതായിരിക്കാം വലക്കണ്ണികളില്‍ നിന്ന് കണ്ണുകള്‍ പറിച്ച്‌ മുക്കുവര്‍ അവനുനേരെ നോക്കിയത്‌. അവരുടെ കണ്ണുകളിലേക്ക്‌ ഇരച്ചുകയറിയ പ്രകാശത്തെ അവര്‍ അനുഗമിച്ചു... ഗുരുവിന്റെ ഹൃദയവിചാരങ്ങളോട്‌ അവര്‍ തങ്ങളുടെ 'ശിരസ്സുകള്‍' ചേര്‍ത്തുവച്ചു. അത്ഭുതങ്ങളും ആരവങ്ങളും ആരോപണങ്ങളും അവര്‍ ദര്‍ശിച്ചു. ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. പെട്ടെന്നൊരുനാള്‍ ഗുരു അവരോട്‌ ചോദിച്ചു, ഞാന്‍ ആരാണെന്നാണ്‌ ജനങ്ങള്‍ പറയുന്നത്‌? ശിഷ്യര്‍ മനസ്സു തുറന്നു: ചിലര്‍ സ്നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയ എന്നും വേറെ ചിലര്‍ ജറെമിയ അല്ലെങ്കില്‍ പ്രവാചകന്മാരില്‍ ഒരുവന്‍ എന്നും പറയുന്നു. ഗുരുവിന്റെ അടുത്ത ചോദ്യം, ഞാന്‍ ആരെന്നാണ്‌ നിങ്ങള്‍ പറയുന്നത്‌?

വെള്ളത്തിനുമീതെ നടന്ന് തങ്ങളുടെ അടുത്തേക്ക്‌ വരുന്ന രൂപത്തെ കണ്ട്‌ കൂട്ടുകാര്‍ 'ഇതാ ഭൂതം' എന്നു പറഞ്ഞ്‌ നിലവിളിച്ചപ്പോഴും തെറ്റിദ്ധരിക്കപ്പെടാത്ത വിശ്വാസത്തിന്റെ കണ്ണുകളോടെ ഗുരുവിനെ തിരിച്ചറിഞ്ഞ എടുത്തുചാട്ടക്കാരനായ പത്രോസാണ്‌ ഈ ചോദ്യത്തിന്‌ ഉത്തരമരുളിയത്‌. പത്രോസ്‌ പറഞ്ഞു, "നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്‌" ദൈവത്തിന്റെ കൂടെയാണ്‌ താന്‍ നടക്കുന്നതെന്ന തിരിച്ചറിവ്‌ ഉള്ളവനായിരുന്നിട്ടും അടുത്തനിമിഷം ദൈവത്തെ കുറിച്ചുള്ള അവന്റെ ചില കാഴ്ചപാടുകള്‍ തെറ്റുകയാണ്‌. ദൈവപുത്രന്‍ അനുഭവിക്കേണ്ട സഹനങ്ങള്‍, തിരസ്ക്കരണം, മരണം എന്നിവയേക്കുറിച്ച്‌ വെളിപ്പെടുത്തുമ്പോള്‍ ഗുരുവിനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്ന പത്രോസിന്റെ മാനുഷിക ചിന്തക്ക്‌, 'സാത്താനേ, നീ എന്റെ മുന്‍പില്‍ നിന്ന് പോകൂ' എന്ന ശാസനയോടെ ശിക്ഷണം നല്‍കുന്ന ഗുരു. അങ്ങനെ, സഭയുടെ ആദ്യത്തെ മാര്‍പ്പാപ്പയെ 'കുരിശുവരയ്ക്കാന്‍' പഠിപ്പിക്കുന്നു, ഗുരു.

ഇനി ഒരു ആത്മപരിശോധന: എന്നാണ്‌ എന്റെ ജീവിതത്തിന്റെ കടല്‍തീരത്തു കൂടി ഗുരു നടന്നു വന്നത്‌? കൃത്യമായി പറയാനാവുന്നില്ല... എങ്കിലും ഒന്നറിയാം എല്ലാമുപേക്ഷിക്കുന്നു എന്ന് പറഞ്ഞ്‌ ഗുരുവിനെ അനുഗമിക്കാന്‍ തുടങ്ങിയിട്ട്‌ ഒന്‍പത്‌ വര്‍ഷമായി. അന്ന് ശിഷ്യരോട്‌ ചോദിച്ചത്‌ ഇന്ന് ഗുരു എന്നോട്‌ ആവര്‍ത്തിച്ചാല്‍? ഹൃദയംകൊണ്ട്‌ ഗുരു ദൈവമാണെന്ന് ഞാന്‍ പ്രഖ്യാപിക്കുകയും, അടുത്തനിമിഷം ഞാന്‍ തിരിച്ചറിയുന്ന എന്റെ ജീവിതത്തിലെ സഹനങ്ങളുടേയും തിരസ്കരണങ്ങളുടേയും കുരിശുകളില്‍ നിന്ന് ഓടിയൊളിക്കാന്‍ സ്വയം ഉപദേശിക്കുന്നുവോ! ഞാനെന്റെ വ്യക്തിത്വത്തിലേക്ക്‌ തിരിഞ്ഞുനോക്കുമ്പോള്‍ കുറവുകളുടെ കൂമ്പാരം ഞാന്‍ കാണുന്നു. തെറ്റുപറ്റിയ കാഴ്ചപ്പാടുകളുടെ കൂമ്പാരം, ഞൊടിയിടയില്‍ ഞാനെന്റെ അന്ധത തിരിച്ചറിയുന്നു. പട്ടാപകലും തപ്പിതടയുന്ന അന്ധനെ പോലെയാണു ഞാന്‍; മനസ്സിന്റെ കാഴ്ച നഷ്ടപെടുമ്പോള്‍, ഹൃദയത്തില്‍ കരിന്തിരി കത്തുമ്പോള്‍ ഞാനും പലതിലും തപ്പിതടയുന്നു. ആഡംബരതയില്‍, അംഗീകാരത്തില്‍, അധികാരത്തില്‍, ശാരീരികസുഖങ്ങളില്‍ അങ്ങനെ ഒത്തിരി മോഹങ്ങളിലൂടെ പരതിനടക്കുന്നു.

എനിക്കിപ്പോള്‍ മറ്റൊരു മോഹം... ഗുരു ശിഷ്യരോട്‌ ചോദിച്ച ചോദ്യം എനിക്ക്‌ ഗുരുവിനോട്‌ ചോദിക്കണം. ഗുരോ... ഞാന്‍ ആരെന്നാണ്‌ അങ്ങ്‌ പറയുന്നത്‌? ഇപ്പോള്‍ ഗുരുവിന്റെ കണ്ണുകളില്‍ കുറ്റപ്പെടുത്തലില്ല. മേല്‍പറഞ്ഞ എന്നിലെ കുറവുകള്‍ ഒന്നും ആരോപിക്കുന്നുമില്ല. പക്ഷെ, അതെല്ലാം ഉള്‍കൊള്ളിച്ച്‌ ഗുരു ഇപ്രകാരം പറയുന്നതു പോലെ, കുഞ്ഞേ... നീയാരാണെന്നത്‌ നീ മറക്കുന്നു.

അപ്പന്റെ മടിയിലിരിക്കുന്ന ശിശുവിന്റെ നിഷ്കളങ്കതയിലേക്ക്‌ ഞാനൊരല്‍പ്പനേരം മടങ്ങിപോകട്ടെ... കൈവിട്ടുപോയ കളിപ്പന്തുകളെയോര്‍ത്ത്‌ വേദനയാല്‍ വാവിട്ടുകരയുന്ന ഒരു കൊച്ചുകുട്ടിയുടെ മനസ്സാണ്‌ എനിക്കിപ്പോള്‍. കളിപ്പന്തുകളോട്‌ തോന്നിയ കൗതുകവും ആകര്‍ഷണവും അവയിലൂടെ പരിസരം മറന്നതുമെല്ലാം നീര്‍ക്കുമിള പോലെ നൈമിഷികമായിരുന്നു എന്ന തിരിച്ചറിവിലെത്താന്‍ ഇനിയും സമയമെടുക്കുമായിരിക്കും. എങ്കിലും അപ്പച്ചന്‍ കൂടെയുള്ളപ്പോള്‍ എനിക്ക്‌ അധികനേരം വിഷമിച്ചിരിക്കാനാവില്ല. 'മുടന്തനായ' എന്നെ വീണ്ടും തോളിലേറ്റി താരാട്ടുമ്പോള്‍ ഞാന്‍ എല്ലാം മറക്കുന്നു, കളിപ്പന്തും കണ്ണീരും എല്ലാം...

അപ്പച്ചന്‍ പതിയെ എന്റെ കാതില്‍ മന്ത്രിക്കുന്നു. നീയെനിക്ക്‌ എപ്പോഴും ശിശുവായിരിക്കും, പക്ഷെ നിന്റെ കളിപ്രായമൊക്കെ കഴിയാറായി. നീയൊരു സഞ്ചാരിയാണ്‌, വഴിയോരകാഴ്ചകള്‍ നിന്നെ ഭ്രമിപ്പിച്ചേക്കാം, ദുഃഖിപ്പിച്ചേക്കാം. പക്ഷെ, മനസ്സിന്റെ അന്ധതയാല്‍ അവയിലൊന്നും തട്ടിതടഞ്ഞു വീഴരുത്‌. യാത്രക്കിടയില്‍ വീണുകിട്ടുന്നതൊന്നും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കരുത്‌. മറിച്ച്‌, അത്‌ എല്ലാവര്‍ക്കുമായി പീഠത്തിന്മേല്‍ വയ്ക്കണം. കാരണം, എല്ലാം എല്ലാവര്‍ക്കുമായുള്ള അനുഭവങ്ങളാണ്‌, പാഠങ്ങാളാണ്‌. യാത്രക്ക്‌ വടിയോ സഞ്ചിയോ അപ്പമോ പണമോ ഒന്നും കരുതേണ്ട. അതിനൊക്കെയായുള്ള നിന്റെ കരുതലുകളാണ്‌ നിന്നെ ഇടക്കിടക്ക്‌ അന്ധനാക്കുന്നത്‌, ഇടറിവീഴ്‌ത്തുന്നത്‌.

വീണ്ടും മറ്റൊരു പുലരി... പള്ളിമണികള്‍ മുഴങ്ങുന്നു. അള്‍ത്താരക്കു മേലെ മാലാഖമാര്‍ പറന്നു നടക്കുന്നു. കുന്തിരിക്കത്തിന്റെ സുരഭിലഗന്ധം. ജീവിതത്തിന്റെ സാഗരതീരത്ത്‌ ബലിപീഠമൊരുങ്ങുകയാണ്‌. അവിടേക്ക്‌ കുനിഞ്ഞ ശിരസ്സുമായി വീണ്ടും ഞാന്‍ നടന്നടുക്കുകായാണ്‌. അവിടുത്തെ കരുണയും സ്നേഹവും നിറഞ്ഞ ഹൃദയത്തിന്റെ ചൂടിനാല്‍ എന്റെ കണ്ണീര്‍ വറ്റുന്നു. ഗുരുവിന്റെ വാക്കുകളെ ധിക്കരിച്ച്‌ എനിക്കുമാത്രമായി മാറ്റിവച്ചിരുന്ന 'അപ്പകഷണങ്ങള്‍' കാഴ്ചയായി അവിടുത്തെ തിരുസന്നിധിയില്‍ പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുകയാണ്‌ ഞാന്‍. അപ്പോള്‍ അവിടുന്ന് അവയെ വര്‍ദ്ധിപ്പിച്ച്‌ എനിക്കുതന്നെ തിരിച്ചു നല്‍കുന്നു; എല്ലാവര്‍ക്കുമായി പങ്കുവയ്ക്കുവാന്‍.

പ്രിയപ്പെട്ട സഹയാത്രികരേ, ആരെന്ന് സ്വയം മറന്നുപോയ നിമിഷങ്ങളേയൊര്‍ത്ത്‌ മാപ്പ്‌. ഞങ്ങള്‍ ഈ യാത്ര തുടരട്ടെ...

3 comments:

കാപ്പിലാന്‍ said...

വളരെ നന്നായി ഹൃദയത്തില്‍ തട്ടുന്ന കുറിപ്പ്.ഇന്ന് ഞാന്‍ ആലോചിച്ചതും ഈ വിഷയമാണ് .ദൈവത്തിന്റെ ദാനമാകുന്ന അപ്പക്കഷണങ്ങള്‍ ,തലന്തുകള്‍ .

വിളക്ക് കത്തിച്ച്,പറയിന്‍ കീഴില്‍ വെയ്ക്കാതെ ,തണ്ടിന്മേല്‍ കൊളുത്തി വെയ്ക്കാം .
കിട്ടിയ താലന്തുകള്‍ ,അപ്പക്കഷണങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വെയ്ക്കാം .
ദൈവം അങ്ങയെ ,നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ .യാത്ര തുടരുക .എല്ലാ ഭാവുകങ്ങളും

ബാബുരാജ് ഭഗവതി said...

ഉള്ളില്‍ തട്ടുന്ന കുറിപ്പ്.
ഞാന്‍ ഒരു നിരീശ്വര വിശ്വാസിയാണ്,വായിച്ചുകഴിഞ്ഞതിനു ശേഷവും അതേ.ദൈവീക ചിന്ത മാറ്റിവെച്ചാലും മാനവികതയുടെ കാന്തി ഇത് എങ്ങും പരത്തുന്നുണ്ട്.
മാനവീകമായതു തന്നെ ദൈവീകം
നന്ദി

Unknown said...

it is good but my stupid mind suggest to keep the stream of thought than deprting from one point to many. a mere suggestion rather than a correction