10/8/07

ബലിയായ്‌...

മോറിയ മലയിലേക്ക്‌ കടിഞ്ഞൂല്‍ പുത്രന്റെ കൈപിടിച്ച്‌ കയറിയപ്പോള്‍ പൂര്‍വ്വപിതാവായ അബ്രാഹത്തിന്റെ ഹൃദയമിടിപ്പിന്റെ താളം ഇടക്കിടെ എന്റെയും ഇടനെഞ്ചില്‍ ഇടം പിടിക്കുന്നു. ബലഹീനമായ ഒരു നിമിഷത്തില്‍ ബലവത്തായ ഒരു കരം തോളില്‍ പതിഞ്ഞതറിഞ്ഞപ്പോള്‍ എല്ലാമുപേക്ഷിച്ച്‌(?) അവന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചതാണ്‌...ആണ്ടുകള്‍ പലത്‌ കഴിഞ്ഞു, ഏറെ സ്വപ്നങ്ങളും പ്രതീക്ഷകളും സമ്മാനിച്ച്‌ വാഗ്‌ദത്തഭൂമിയിലേക്ക്‌ അവന്‍ നയിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ ചിലപ്പൊഴെങ്കിലും വഴിയാത്രക്കിടയില്‍ അറിയാതെ ഹൃദയത്തോട്‌ ഒട്ടിപിടിക്കുന്നത്‌ അടര്‍ത്തിമാറ്റാന്‍ അവന്‍ ആവശ്യപ്പെടുമ്പോള്‍ കണ്ണുകളില്‍ ഇരുട്ട്‌ നിറയുന്നു. ദമാസ്‌കസ്സിലേക്കുള്ള യാത്രയ്ക്കിടക്ക്‌ കുതിരപ്പുറത്ത്‌ നിന്ന് താഴെ വീണ സാവൂളും, അതുവരെ താന്‍ താലോലിച്ചിരുന്ന ജീവിതദര്‍ശനങ്ങളെല്ലാം ഒരു നിമിഷം കൊണ്ട്‌ മൂടപ്പെട്ടപ്പോള്‍, അകന്നു പോകുന്ന കുതിരകുളമ്പടിക്കൊപ്പം അതേ ബലിതാളം ശ്രവിക്കുകയായിരുന്നിരിക്കണം.

സ്വാഭാവിക കാഴ്ച്‌പ്പാടില്‍ നല്ലതല്ലെന്ന് തോന്നുന്നത്‌ വേണ്ടെന്ന് വയ്‌ക്കാന്‍ താരതമ്യേന എളുപ്പമാണ്‌, മറിച്ച്‌ അത്‌ നല്ലതാണെങ്കിലോ? നന്മക്കായി സമ്മാനിക്കപ്പെട്ടതാണെന്ന് മനസ്സ്‌ ഒരുപാട്‌ വട്ടം മന്ത്രിച്ചതാണെങ്കില്‍? ദാനമായി നല്‍കപ്പെട്ടെതെന്നു കരുതി, ദാതാവിന്‌ കൃതജ്ഞതയര്‍പ്പിച്ച്‌ ലഭിച്ചതിനെ ജീവിതത്തോട്‌ ചേര്‍ത്തുപിടിക്കുമ്പോള്‍ തന്നെ അത്‌ തിരികെ ചോദിച്ചാല്‍...മനസ്സില്‍ ചോദ്യങ്ങളുടെ ഒരു വേലിയേറ്റം. ഒരു പക്ഷെ അന്ന് അബ്രാഹത്തിനും ഒരുപാട്‌ സംശയങ്ങളുണ്ടായിരുന്നില്ലേ? സന്തതിപരമ്പരയും, ഭൂമിയും വാഗ്‌ദാനം ചെയ്‌തവന്‍, ആ പദ്ധതിയുടെ വ്യക്തമായ തുടക്കം പോലെ കടിഞ്ഞൂല്‍ പുത്രനെ നല്‍കി. പിന്നിട്‌ ദാതാവ്‌ തന്നെ അവനെ ബലിയായ്‌ അര്‍പ്പിക്കാനാവശ്യപ്പെടുന്നു! പുത്രനില്ലാതെ സന്തതിപരമ്പരയും വാഗദത്തഭൂമിയും എങ്ങനെ സ്വപ്‌നം കാണും? "അപ്പാ...ബലിക്കുള്ള കുഞ്ഞാടെവിടെ" എന്ന മകന്റെ ചോദ്യത്തിന്‌ "അത്‌ ദൈവം തന്നെ തരും" എന്ന് മറുപടി പറയുന്ന അപ്പന്റെ വിശ്വാസദര്‍ശനത്തിന്റെ ആഴവും, "ഞങ്ങളുടെ വിശ്വാസം വര്‍ദധിപ്പിച്ചുതരണേ" എന്ന് ഗുരുവിനോട്‌ കേഴുന്ന ശിഷ്യരുടെ സ്വരവും ഒരേസമയം എന്റെ കാതുകളില്‍ പ്രതിധ്വനിക്കുന്നു.

ബലിയര്‍പ്പണത്തിന്റെ പാരമ്യത്തില്‍ 'അന്ധമായിപ്പോയ ജീവിതദര്‍ശനത്തിന്റെ' കണ്ണീര്‍ചാലുകളോടെ ഹൃദയത്തില്‍ നിന്നടര്‍ത്തിയെടുത്ത ബലിവസ്തു കാഴ്ചവെയ്ക്കുമ്പോള്‍, എന്റെ തന്നെ കുറവുകളുടെ മുള്ളുകളില്‍ ഉടക്കിക്കിടന്ന ദൈവത്തിന്റെ കടിഞ്ഞൂല്‍ പുത്രന്‍ പകരക്കാരനായി എന്റെ കാഴ്ചപ്പാടുകളുടെ മറുദിശയില്‍ നിന്നും നിലവിളിച്ചു. അടര്‍ത്തിയെടുക്കപ്പെട്ട ബലിവസ്തുവിന്റെ ശൂന്യതയിലേക്ക്‌ മുറിയപ്പെടാനായി അവന്‍ വീണ്ടും കയറി നിന്നു...ഹൃദയത്തില്‍ നിറവായ്‌, ജീവനായ്‌, വഴിയായ്‌, സത്യമായ്‌, ബലിയായ്‌...

No comments: