3/18/08

കണ്ണീരും(കണ്ണൂരും) കാലം മറക്കുന്ന തിരുവെഴുത്തുകളും

വാഴയിലയില്‍ പൊതിച്ചോറുമായി സ്കൂളിലേക്ക്‌ പോയിരുന്ന ബാല്ല്യകാലം. മുറിച്ചെടുത്ത വാഴയില തീക്കനലിനു മുകളില്‍ കാണിച്ച്‌ വാട്ടിയെടുത്താല്‍ ചോറു പൊതിഞ്ഞെടുക്കാന്‍ വളരെ എളുപ്പമാണ്‌. അങ്ങനെ വാട്ടിയില്ലെങ്കില്‍ അത്‌ പലകഷണങ്ങളായി ചീന്തിപോകും. വാഴയിലയെ പോലെ എന്റെ ജീവിതം കൊണ്ട്‌ അപരന്റെ ജീവിതപാഥേയത്തിന്‌ ഞാന്‍ നിര്‍മ്മലമായ സംരക്ഷണമേകേണ്ടതാണ്‌. അതിനാദ്യം അഹത്തില്‍ നിന്നും തെറ്റായ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും ഞാന്‍ മുറിച്ചു മാറ്റപ്പെടണം. പിന്നെ ദൈവികാഗ്നിയുടെ പരിശുദ്ധമായ ഇളംചൂടില്‍ വാടണം. ഇത്തരത്തില്‍ സ്വയം മുറിക്കപെടാനും വാട്ടപ്പെടാനും സന്നദ്ധനാകാതെ വരുമ്പോള്‍ അപരന്റെ ജീവിതം പട്ടിണിയായി മാറും...

ആശയവും ആമാശയവും തമ്മില്‍ ഒരുപാട്‌ അന്തരമുള്ളതുപോലെത്തന്നെ ധ്യാനചിന്തകളും യാഥാര്‍ത്ഥ്യങ്ങളും തമ്മിലുമുണ്ടെന്ന് സമകാലിക സംഭവങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിച്ചു. വാട്ടിയ വാഴയില അന്നത്തിന്‌ പൊതിയാവുന്ന ധ്യാനചിത്രത്തോടൊപ്പം വെട്ടിയ മുഴുനീളനിലയില്‍ കിടത്തിയ ചിന്നഭിന്നം വെട്ടേറ്റ സഹോദരരുടെ ചേതനയറ്റ ശരീരങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കി. കണ്ണൂരില്‍ നിന്ന് കണ്ണീരിനിയും തോര്‍ന്നിട്ടില്ല. വാടുന്നതിനേക്കാള്‍ വെട്ടുന്നതിനോടാണ്‌ ഇവര്‍ക്ക്‌ താത്‌പര്യം. വിധികല്‍പ്പിക്കുന്നതും അത്‌ നടപ്പിലാക്കുന്നവരും ഇന്ന് ഈ 'ദൈവങ്ങളാണ്‌'.

സുവിശേഷത്തിലെ ഒരു നീതിവിധിയുടെ രംഗം ഓര്‍ക്കുന്നു. വിധികള്‍ നടപ്പിലാക്കാനുള്ള വ്യഗ്രതയില്‍ ദൈവമനസ്സിനെ മറന്നുപോയ ഒരു കൂട്ടം 'തീവ്രവാദികള്‍' വ്യഭിചാരത്തില്‍ പിടിക്കപെട്ട ഒരു സ്ത്രീയുമായി ഗുരുസന്നിധിയിലേക്ക്‌ വന്നു. ഗുരു വിധി കല്‍പ്പിച്ചു, "നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം ഇവളെ കല്ലെറിയട്ടെ". കല്ലുകള്‍ ഓരോന്നായി അവരുടെ കൈകളില്‍ നിന്നുതിര്‍ന്നു വീണു. ദൈവികവിധിയാല്‍ അവളുടെ ജീവന്‍ രക്ഷപ്പെട്ടു. പക്ഷെ ഈ വിധി കല്‍പ്പിച്ചവനും പിന്നീട്‌ അതെ വിധി തുണയായില്ല. തിന്മകളൊന്നും ചെയ്യാതിരുന്നിട്ടും അവന്‍ മരണശിക്ഷക്ക്‌ വിധിക്കപ്പെട്ടു. പാപമില്ലാത്ത ഒരുവന്‍ പോലും ഉണ്ടായിരുന്നില്ല അവന്റെ വിധിനിര്‍വഹണത്തില്‍. എന്നിട്ടും അവരുടെ പാപപരിഹാരത്തിനായി അവന്‍ കുരിശുമരണം പ്രാപിച്ചു.

ഇന്ന് കല്ലിനും കുരിശിനും പകരം കഠാരയും കൊടുവാളും കൈബോംമ്പുകളുമാണ്‌ കൈയ്യൂക്ക്‌. (ഇറാക്കിലും മറ്റ്‌ യുദ്ധഭൂമികളിലും വിനിയോഗിക്കുന്ന ആധുനികോപകരണങ്ങളും ഇതോടൊപ്പം ചേര്‍ത്തുവായിക്കാം). ദൈവമനസ്സിന്റെ തിരുവെഴുത്തുകള്‍ അനന്തമായി അവഗണിക്കപെടുന്നു. കുരിശിന്റെ വഴിയില്‍ കണ്ണീരൊഴുക്കിയ സ്ത്രീജനങ്ങളോട്‌ അന്ന് ഗുരു പ്രവചിച്ചിരുന്നു, "നിങ്ങളേയും നിങ്ങളുടെ സന്തതികളേയും ഓര്‍ത്ത്‌ കേഴുവിന്‍" എന്ന്. ഈ സന്തതിപരമ്പര ഇനിയെത്രനാള്‍ കൂടി കണ്ണീരിനു കാരണമാകും. കണ്ണീരിന്‌ (കണ്ണൂരിന്‌) കാലം മറ്റൊരു ദുഖവെള്ളി കൂടി സമ്മാനിക്കുന്നു. അന്ന് കുരിശില്‍ നിന്നൊഴുകിയ തിരുരക്തം ഇന്നിന്റെ ഈ കണ്ണീരും രക്തക്കറകളും മായ്ക്കുമെന്ന പ്രത്യാശയോടെ പ്രാര്‍ത്ഥനയോടെ വാഴയിലയിലെ പൊതിച്ചോറിനെക്കുറിച്ചുള്ള ധ്യാനം ഞാന്‍ തുടരട്ടെ.

9 comments:

അപ്പു said...

പ്രിയ സഞ്ചാരീ, കണ്ണീരും കണ്ണൂരും സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബന്ധിപ്പിച്ചുകൊണ്ട് വാട്ടിയ വാഴയിലയെ സാദൃശ്യമാക്കി എഴുതിയ ഈ ലേഖനം അര്‍ത്ഥവത്തുതന്നെ.

“ഈ സന്തതിപരമ്പര ഇനിയെത്രനാള്‍ കൂടി കണ്ണീരിനു കാരണമാകും“. എല്ലാവരും സ്വയം ചോദിക്കേണ്ടതുതന്നെ.

Fr. Jery Njaliath said...

Again good thoughts with apt examples using beutiful language. hats off!!

lov
jery

ബാബുരാജ് ഭഗവതി said...

വാട്ടിയ വാഴയിലയില്‍
പൊതിഞ്ഞ ചോറിന്‌
ഒരു വൃത്തികെട്ട നാറ്റമാണ്‌.
പിന്നെ
എസ്......വാഴയിലയില്‍ പൊതിഞ്ഞാല്‍
രണ്ടുണ്ട്‌ ഗുണം
നാറ്റവുമില്ല..പെണ്ണിന്റെ ബുദ്ധിസാമര്‍ത്ഥ്യം കാണിക്കുകയുമാകാം
യേത്...............

സഞ്ചാരി said...

മണ്ണിനും വിയര്‍പ്പിനുമൊക്കെ ഈ നാറ്റമുണ്ട്, അന്നം വിളയുന്ന ചേറിനും. എന്തെങ്കിലുമൊക്കെ വളമായി നാറിയില്ലെങ്കില്‍ നമ്മളൊക്കെ പട്ടിണി കിടക്കേണ്ടിവരും.
പെണ്ണിന്റെ ബുദ്ധിസാമര്‍ത്ഥ്യമല്ല, സൃഷ്ടിവിളയുന്ന മണ്ണ്...
നന്ദി ശ്രീ ബാബുരാജ്, പുതിയൊരു വിക്ഷണം നല്‍കിയതിന്.

കാപ്പിലാന്‍ said...

സന്ചാരി കൊടുത്ത ഈ മറുപടി തികച്ചും അര്‍ത്ഥവതാണ്,വീടിലെ പ്രയാസങ്ങള്‍ മാറാന്‍ എത്രയോ പേര്‍.ഞാന്‍ ഉള്‍പ്പെടെ മറു നാടുകളില്‍ കഷ്ടപ്പെടുന്നു .കുറച്ചു കഴിയുമ്പോള്‍ ആളുകള്‍ എല്ലാം മറക്കും.
കഴിഞ്ഞ കാലം മറക്കും

കാപ്പിലാന്‍ said...

വര്‍ഷങ്ങള്‍ എത്ര മാറിയിട്ടും
ഇന്നുമെന്‍ മൂക്കില്‍ കയറുന്നു
ഒരു നല്ല ഓര്‍മ്മയായ്
പണ്ട് എന്‍ അമ്മ തന്നു വിട്ടൊരു
വഴിച്ചോര്‍

വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ
ആ വറ്റുകള്‍ ഇന്നും എന്നെ മുന്നോട്ടു നടത്തുന്നു
ഒരു പുതിയ ശക്തിയായ് നിവരുവാന്‍

മാഷേ, ഞാന്‍ ഈ വാഴയില ഇങ്ങേടുക്കുന്നു.ഒരു പുതിയ വിഷയം ഞാന്‍ നോക്കി നടക്കുകയായിരുന്നു .ആ ഗീത ഗീതി വന്ന് പറഞ്ഞു .പച്ചിലയെ പറ്റി എഴുതാന്‍.എന്നാല്‍ പിന്നെ അടുത്തത്." വാഴയില "

സഞ്ചാരി said...

"വര്‍ഷങ്ങള്‍ എത്ര മാറിയിട്ടും
ഇന്നുമെന്‍ മൂക്കില്‍ കയറുന്നു
ഒരു നല്ല ഓര്‍മ്മയായ്
പണ്ട് എന്‍ അമ്മ തന്നു വിട്ടൊരു
വഴിച്ചോര്‍"
ഇത്രയും വായിച്ചപ്പോഴേക്കും കണ്ണിലൊരു നനവ് പടരുന്നു... ഒത്തിരി പ്രതീക്ഷയോടെ ആ പൊതിച്ചോറിനായി കാത്തിരിക്കുന്നു.
കാപ്പിലാനോട് ആദരവോടെ...

യാരിദ്‌|~|Yarid said...

സഞ്ചാരി കണ്ണൂര്‍ അവനവന്‍ ബോധ്യം വരുന്നതു വരെ ഇതു തുടര്‍ന്നുകൊണ്ടെയിരിക്കും.

പിന്നെ ഇറാക്ക്. അധിനിവേശഭൂമി എന്നു പറയു. അതിനെ യുദ്ധഭൂമിയാക്കിയതു ആരാണെന്നും അറിയു..

സഞ്ചാരി said...

യാരിദ്,
താങ്കളോട് അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു.
ആരാണ് അതിനുത്തരവാദികള്‍ എന്ന് അറിയണമെന്നുണ്ട്. പക്ഷെ കാണുന്നതും കേള്‍ക്കുന്നതും കല്ലുവച്ച നുണകളാണെന്ന് അറിയുമ്പോള്‍ ദൈവത്തില്‍ മാത്രമെ വിശ്വസിക്കാന്‍ കഴിയുന്നുള്ളു. പക്ഷെ പിന്നേയും ഉള്ളിലേക്ക് നോക്കുമ്പോള്‍ മനുഷ്യനായി പിറന്നതുകൊണ്ട് ഞാനും ഒരുത്തുരവാദി ആണെന്ന തിരിച്ചറിവ് എന്നെ ദുഖിപ്പിക്കുന്നു