12/25/07

ജന്മദിനാശംസകള്‍

സ്നേഹപാരമ്മ്യത്തിന്റെ അനര്‍ഘനിമിഷങ്ങളില്‍ ഉളവാകുന്ന ഉത്കൃഷ്ടമായ വിചാരമാണ്‌ വ്യതിരെക്തതകളെല്ലാം വെടിഞ്ഞ്‌ പരസ്‌പരം ഒന്നായിത്തീരുക എന്നത്‌. ദൈവം അയോഗ്യനായ മനുഷ്യനെ സ്നേഹിച്ചു, എല്ലാ അതിര്‍ത്തികളും ലംഘിച്ച്‌ അവനില്‍ ഒരുവനാവാന്‍ കൊതിച്ചു. അതാണ്‌ അവിടുത്തെ മനുഷ്യാവതാരം.

കാലാവസ്ഥ വ്യതിയാനത്താലാവം രണ്ട്‌ ദിവസ്സം ഞനൊന്ന് പനിച്ച്‌ കിടന്നു. ഒരു കൊച്ചു പനി മതി, ഉണ്ടെന്നു കരുതുന്ന ശക്തിയൊക്കെ ചോര്‍ന്ന് പോകാന്‍. ബലഹീനമാക്കപെട്ട നിമിഷങ്ങളില്‍ അനുഭവിച്ച സുഹൃദ്‌സ്നേഹം മനസ്സില്‍ ഏറെ കുളിര്‍മ്മ നല്‍കി. ബലഹീനരെ സ്നേഹിക്കാന്‍ പ്രത്യേകിച്ച്‌ മനുഷ്യഹൃദയമുണരും എന്നുള്ളതുകൊണ്ടാണോ ബലഹീനരില്‍ ബലഹീനനായി അവന്‍ പുല്‍ത്തൊഴുത്തില്‍ പിറവി കൊണ്ടത്‌? ആയിരിക്കാം, അതുകൊണ്ടല്ലെ തങ്ങള്‍ക്ക്‌ ഒന്നുമറിയില്ല എന്നറിഞ്ഞിരുന്ന ആട്ടിടയര്‍ അവരുടെ 'ഇടയനേയും', ഒരുപാട്‌ അറിഞ്ഞിട്ടും ഇനിയും ഒത്തിരി അറിയാനുണ്ടെന്ന ബോധ്യത്തോടെ യാത്ര തിരിച്ച വിജ്ഞാനികള്‍ 'പൂര്‍ണ്ണജ്ഞാനത്തെയും' കാലിത്തൊഴുത്തില്‍ കുമ്പിട്ടാരാധിച്ചത്‌.

എങ്കിലും ദുര്‍ബലമായ പുല്‍ക്കൂട്ടില്‍ കൈകാലിട്ടടിച്ച്‌ ബലഹീനനായി കിടക്കുന്ന ഉണ്ണിയെ ധ്യാനിക്കുമ്പോള്‍ ഒരുപിടി ചോദ്യങ്ങള്‍ മനസ്സിലുണര്‍ന്നു. ഈ ചെറിയ ഉണ്ണിക്കു എന്തു ചെയ്യാനാവും? പടയാളികള്‍ കടന്നുവരുമ്പൊള്‍ സ്വന്തമായി രക്ഷപ്പെടാന്‍ പോലും കഴിയാത്ത ദൈവപുത്രനോ? അതൊ ഞാനും എന്റെ ഹൃദയപുല്‍ക്കുടില്‍ പിറന്ന ഉണ്ണിയേയും കൊണ്ട്‌, മാതാവിനേയും യൗസേപ്പിതാവിനേയും പോലെ ദൈവഹിതം തിരിച്ചറിഞ്ഞ്‌, അവന്‍ എന്നില്‍ വളര്‍ച്ച പ്രാപിക്കുന്നതു വരെ ഈ ലോകത്തിന്റെ തിന്മകളില്‍ നിന്ന് മാറിത്താമസ്സിക്കണമോ? വേണം...എങ്കിലെ ലോകസൃഷ്ടിക്കുമുന്‍പെ ഉണ്ടായിരുന്നവനും, എല്ലാ പ്രവചനങ്ങളുടേയും പൂര്‍ത്തികരണവും, സമസ്ത ലോകത്തിന്റേയും രക്ഷക്ക്‌ കാരണവുമായ ഈ 'ബലഹീനനായ' ഉണ്ണിക്ക്‌ നിന്നെ രക്ഷിക്കാനവൂ. തെറ്റിദ്ധരിക്കണ്ട! അത്‌ അവന്റെ ബലഹീനതയല്ല മറിച്ച്‌ നിന്നിലുള്ള നിന്റെ സൃഷ്ടാവിന്റെ സ്നേഹത്താലുള്ള വിശ്വാസമാണ്‌, ഒപ്പം നിന്റെ സ്വതന്ത്ര്യത്തിന്‌ സ്വന്തം ജീവനേക്കാള്‍ അവന്‍ വിലമതിക്കുന്നു എന്നതിനു തെളിവും.

എങ്കില്‍ ഇന്ന് എന്റേയും പിറന്നാളാണ്‌! ബെത്‌ലഹേമിലെ ഒരു ഗുഹയില്‍ അവനെ പൊതിഞ്ഞ പിള്ളകച്ചക്കും പുനരുത്ഥാനത്തില്‍ അവനുപേക്ഷിച്ചു പോയ തിരുകച്ചക്കുമിടയില്‍ അഘോഷിച്ച്‌ അര്‍ത്ഥം കണ്ടെത്താനുള്ള പരമപരിശുദ്ധമായ ജന്മദിനം. കാരണം എന്നെ സ്നേഹിച്ച്‌ എന്നില്‍ അലിയാന്‍ ഈ മണ്ണില്‍ പിറന്നുവീണവന്റെ ജന്മ്ദിനത്തിലല്ലെ ഞാനും ജന്മമെടുക്കുന്നത്‌. ഈ 'ബലഹീനനില്‍' വിശ്വസിക്കുക വഴി ഞാനും ദൈവമകനായി ദൈവേച്ഛയാല്‍ ജന്മമെടുത്തിരിക്കുന്നു. പ്രിയ സുഹൃത്തെ താങ്കളും...

ഒത്തിരി സ്നേഹത്തോടെ നിനക്കും എന്റെ ജന്മദിനാശംസകള്‍