11/7/08

സാംസ്കാരികാനുരൂപണം മതപരിവര്‍ത്തനത്തിനോ..?

ഞാനഗ്നി ചോദിക്കുന്നു,

"ഗുജറാത്തിലെ ഒരു മിഷ്യന്‍ സെമിനാരിയുടെ കലണ്ടര്‍ അടുത്തിടെ കാണാന്‍ ഇടയായി.. അതില്‍ യേശു ചമ്രം പടിഞ്ഞു ഇരിക്കുന്നു.. കൈകള്‍ വിഷ്ണു ഭഗവാന്‍ ഇരിക്കുന്നതു പോലെയും..അവിടെ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വയ്ക്കുമ്പൊള്‍ ആരതി ഉഴിയുന്നു .. ഇതില്‍ നിന്നും ഒക്കെ എന്താണു മനസ്സിലാക്കണ്ടിയതു ?? അങ്ങനെ ഓരോ സ്ഥലത്തു ചെല്ലുമ്പൊള്‍ അവിടുത്തെ രീതിയില്‍ പൊളിച്ചു മാറ്റപ്പെടാവുന്നതാണൊ സഭയും സഭയുടെ കുര്‍ബാന ക്രമങ്ങളും ?? മനുഷ്യരും അവര്‍ ഉണ്ടാക്കിയ മതങ്ങളും കുറേ ആചാരങ്ങളും... സഞ്ചാരിക്കു നെഞ്ചത്തു കൈ വച്ചു പറയാമോ ഇതില്‍ ഒരു സ്വാര്‍ത്ഥ താല്പര്യങ്ങളും ഇല്ല എന്നു ??മതങ്ങള്‍ മനുഷ്യര്‍ ഉണ്ടാക്കിയതല്ല എന്നു ??"

സഞ്ചാരി നെഞ്ചത്തു കൈവച്ചു ക്രിസ്തുമതത്തെ കുറിച്ചു പറയുന്നു (മറ്റുമതങ്ങളെക്കുറിച്ച്‌ ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല), മനുഷ്യനായി അവതരിച്ച ദൈവമാണ്‌ ക്രിസ്തുമത സ്ഥാപകന്‍. കാരണം, എന്റെ നെഞ്ചില്‍ ക്രിസ്തു ദൈവമാണ്‌. ഒരുപക്ഷെ മറ്റേതെങ്കിലും സാമൂഹ്യശാസ്ത്രഞ്ജനോടൊ നിരീശ്വരവാദിയോടൊ ഇതേ ചോദ്യം ആവര്‍ത്തിച്ചാല്‍ ഉത്തരം വ്യത്യസ്ഥമായിരിക്കും. അതുകൊണ്ട്‌ തന്നെ ക്രിസ്തു ദൈവമാകുന്നതെങ്ങനെയെന്ന് സമര്‍ത്ഥിക്കാന്‍ ഞാനിവിടെ പരിശ്രമിക്കുന്നില്ല. ഒരിക്കലും പൊതുവായ ഒരു അഭിപ്രായത്തിലെത്താനാവാത്ത ആ ചോദ്യം മാത്രം ഉപേക്ഷിച്ച്‌ മറ്റുള്ളവയിലേക്ക്‌ പ്രവേശിക്കാം.

ഒരു ചോദ്യം ഇതാണ്‌, ഓരോ സ്ഥലത്തു ചെല്ലുമ്പോഴും അവിടുത്തെ രീതിയില്‍ പൊളിച്ചു മാറ്റപ്പെടാവുന്നതാണൊ സഭയും സഭയുടെ കുര്‍ബാനക്രമങ്ങളും?

ലോകം മുഴുവന്‍ സുവിശേഷം അറിയിക്കുക എന്നതാണ്‌ ക്രിസ്തുവിന്റെ കല്‍പ്പനയും സഭയുടെ ദൗത്യവും. പൗരസ്ത്യസഭകളുടെ പൊതുനിയമമനുസരിച്ച്‌; "ജനതകളുടെ സുവിശേഷവത്‌കരണം സാധിക്കുന്നത്‌, വിശ്വാസവും സന്മാര്‍ഗ്ഗവും അവികലമായി സൂക്ഷിച്ചുകൊണ്ട്‌ ഓരോ ജനതയുടെയും സംസ്കാരത്തില്‍- അതായത്‌ മതബോധനതലത്തില്‍, തങ്ങളുടേതായ ആരാധനക്രമാനുഷ്ടാനങ്ങളില്‍, വിശുദ്ധ കലകളില്‍, പ്രത്യേകനിയമത്തില്‍, ചുരുക്കത്തില്‍ സഭാത്മകജീവിതത്തില്‍ മുഴുവന്‍- സുവിശേഷം അവതരിപ്പിച്ചുകൊണ്ടാണ്‌"(കാനോന്‍ 584). അതായത്‌ സഭാനിയമം ഇപ്രകാരമുള്ള സാസ്കാരികനുരൂപണം അനുവദിക്കുന്നു എന്ന് സാരം. പക്ഷെ, ഞാനഗ്നി സൂചിപ്പിച്ചതു പോലെ എല്ലാം പൊളിച്ചുമാറ്റിയിട്ടല്ല, മറിച്ച്‌ വിശ്വാസവും സന്മാര്‍ഗവും അവികലമായി പരിപാലിച്ചു കൊണ്ടാവണം ഇത്‌ സാധ്യമാകേണ്ടത്‌.

ജറുസലേമില്‍ ആരംഭിച്ച സഭ പരിസരപ്രദേശങ്ങളിലേക്കും പിന്നീട്‌ റോമിലേക്കും ലോകം മുഴുവനിലേക്കും വ്യാപിച്ചപ്പോള്‍ അതാതിടങ്ങളിലെ വ്യത്യസ്തചിന്തകളേയും സംസ്കാരങ്ങളേയും അചാരനുഷ്ഠാനങ്ങളേയും ഉള്‍കൊള്ളാന്‍ മടി കാണിച്ചില്ല. അതുതന്നെയാണ്‌ സഭയിലെ വൈവിധ്യങ്ങള്‍ക്ക്‌ കാരണവും. അതാതിടങ്ങളിലുള്ളവര്‍ക്ക്‌ സുവിശേഷസത്യങ്ങള്‍ വ്യക്തതയോടെ ഉള്‍കൊള്ളാന്‍ ഈ അനുരൂപണം ആവശ്യമായിരുന്നു. അതുകൊണ്ടാണ്‌ വി. ജസ്റ്റിനെ പോലെയുള്ള ആദിമസഭാപിതാക്കന്മാര്‍ സുവിശേഷസത്യങ്ങള്‍ ഗ്രീക്ക്‌ തത്വചിന്തയിലൂടെ അവതരിപ്പിച്ചത്‌. നിര്‍ഭാഗ്യവശാല്‍ ഇത്തരത്തിലുള്ള ചിന്തപരമായ ഒരു മൊഴിമാറ്റം ഭാരതത്തില്‍ സുവിശേഷത്തിനു സംഭവിച്ചില്ല. ഭാരതീയദര്‍ശനത്തിന്റെ ആഴങ്ങളോട്‌ ചേര്‍ത്ത്‌ സുവിശേഷസത്യങ്ങളെ അവതരിപ്പിക്കുന്നതില്‍ സഭ പരാജയപ്പെട്ടു എന്നുവേണം മനസ്സിലാക്കാന്‍. അതായത്‌ സുവിശേഷമാണു ഭാരതീയവത്ക്കരിക്കപ്പെടേണ്ടിയിരുന്നത്‌ അല്ലാതെ ഭാരതീയസംസ്കാരത്തെയല്ല സുവിശേഷവത്ക്കരിക്കേണ്ടിയിരുന്നത്‌. ഇവിടെ നടക്കുന്നത്‌ ആരാധനാനുഷ്ഠാനങ്ങളിലെ അടയാളങ്ങളിലൂടെയുള്ള നാമമാത്രമായ സാസ്കാരികാനുരൂപണം ആണ്‌. അത്‌ തന്നെയാണ്‌ പ്രശനങ്ങള്‍ക്ക്‌ കാരണമാകുന്നതും ആരോപണവിധേയമാകുന്നതും.

പരിശുദ്ധ കുര്‍ബാനക്കു മുന്‍പില്‍ ആരതി നടത്തുന്നതും, ഹൈന്ദവദേവന്മാരുടെ സാദൃശ്യമുള്ള രൂപങ്ങളുണ്ടാക്കുന്നതും, വിശ്വാസവും സന്മാര്‍ഗ്ഗവും അവികലമായി സൂക്ഷിച്ചുകൊണ്ടാണൊ ചെയ്യുന്നതെന്ന് ചോദിച്ചാല്‍ ഈയുള്ളവനും സംശയമുണ്ട്‌. മദര്‍തെരേസ്സയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചുകൊണ്ട്‌ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വത്തിക്കാനില്‍ അര്‍പ്പിച്ച കുര്‍ബാനമധ്യേ ആരതി നടത്തിയത്‌ ഞാന്‍ ഓര്‍ക്കുന്നുണ്ട്‌, പിന്നീടത്‌ ആവര്‍ത്തിച്ചിട്ടില്ല. അഗ്നിയാലും ധൂപത്താലും പുഷ്പ്പങ്ങളാലും ദൈവത്തെ ആരാധിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. എങ്കിലും ഹൈന്ദവാചാരമനുസരിച്ച്‌ ആരതിക്ക്‌ വിശ്വാസപരമായി മറ്റുപല അര്‍ത്ഥതലങ്ങളുമുള്ള സ്ഥിതിക്കും അവരുടെ വിശ്വാസാചാരങ്ങളെ വൃണപ്പെടുത്താതിരിക്കുന്നതിനും ഇത്തരം അനുഷ്ഠാനങ്ങളെ നിരുത്സാഹപ്പെടുത്തുന്നതാണ്‌ ഉചിതം. അതുകൊണ്ട്‌ തന്നെയാവാം കേരളത്തില്‍ ഇത്തരം ആരാധനാക്രമം പ്രോത്സാഹിപ്പിക്കാത്തത്.

യോഗീസദൃശ്യത്തിലിരിക്കുന്ന യേശുരൂപത്തെ സംബന്ധിച്ച്‌ മറിച്ചൊരഭിപ്രായമാണുള്ളത്‌. സുവിശേഷങ്ങളില്‍ നിന്നും ലഭിക്കുന്ന അറിവനുസരിച്ച്‌ യേശു അനേകം മണിക്കൂറുകളും ദിവസങ്ങളും പ്രാര്‍ത്ഥനാനിരതനായിരുന്നു എന്ന് മനസ്സിലാക്കാം. പിതാവായ ദൈവത്തെ ധ്യാനിച്ച്‌ അതില്‍ മുഴുകിയിരുന്ന യേശുവിന്റെ സ്വഭാവം ഭാരതീയരെ സംബന്ധിച്ച്‌ യോഗിസമാനമായ ചിത്രത്തില്‍ നിന്നൊ പ്രതിമയില്‍ നിന്നോ എളുപ്പം ഉള്‍കൊള്ളാനാവും. കാരണം, ആര്‍ഷഭാരതത്തിന്‌ കഠിനതപസ്സില്‍ മുഴുകിയിരുന്ന മഹര്‍ഷിമാരുടെ ചിത്രം ഏറെ പരിചിതമാണ്‌. മറ്റ്‌ പൗരസ്ത്യസഭകളിലും ഇതിന്‌ സമാനമായി ക്രിസ്തീയ 'ഐക്കണുകള്‍' രൂപപ്പെട്ടിരുന്നത്‌ കാണാം. ഇവയിലൂടെയൊക്കെ യേശുവിന്റെ യതാര്‍ത്ഥ സ്വഭാവത്തേയും വിശ്വാസത്യങ്ങളേയുമാണ്‌ അവര്‍ ചിത്രീകരിക്കാന്‍ പരിശ്രമിച്ചിരുന്നത്‌. ഉദാഹരണത്തിന്‌ യേശു കരങ്ങളുയര്‍ത്തി ആശിര്‍വദിക്കുന്ന ഐക്കണുകളില്‍ മടക്കിപിടിച്ചിരിക്കുന്ന മൂന്ന് വിരലുകള്‍ ത്രീത്വത്തേയും മറ്റ്‌ രണ്ട്‌ വിരലുകള്‍ യേശുവിലെ രണ്ട്‌ പ്രകൃതിയേയൊ(മാനുഷികം, ദൈവികം), ത്രീത്വത്തിലെ രണ്ടാമത്തെ ആളാണ്‌ യേശു എന്നുമുള്ള വിശ്വാസസത്യങ്ങളേയാണ്‌ പകര്‍ന്നു നല്‍കിയിരുന്നത്‌. ഇത്തരത്തില്‍ തനതായ വിശ്വാസസത്യങ്ങള്‍ക്ക്‌ വിശദീകരണങ്ങള്‍ നല്‍കുന്ന കലാരൂപങ്ങളും മറ്റും പ്രോത്സാഹിപ്പിക്കേണ്ടതാണ്‌.

ഇത്തരത്തിലുള്ള സാസ്കാരികാനുരൂപണം നടത്തുമ്പോഴും, എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍, പാലസ്തീനായില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ജനിച്ച യേശുവിനെ ആദ്യം അംഗീകരിക്കാനാവണം നമുക്ക്‌. അതായത്‌ ദൈവം മനുഷ്യനായി അവതരിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലവും കാലവും അംഗീകരിക്കുക. മറിച്ച്‌, അതേ യേശു ഇവിടെ ഭാരതത്തിലൊ മറ്റേതെങ്കിലും പ്രദേശത്തോ ജനിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ ആകുമായിരുന്നു എന്ന സാങ്കല്‍പ്പിക ചിത്രങ്ങള്‍ക്ക്‌ രൂപവും ഭാവവും നല്‍കി സ്വയം വിശ്വസിക്കാനും വിശ്വസിപ്പിക്കാനും ശ്രമിക്കുന്നത്‌ ഒരര്‍ത്ഥത്തില്‍ ഭോഷത്തമാണ്‌. കാരണം, ദൈവത്തിന്റെ മനുഷ്യാവതാരത്തിന്‌ ചരിത്രപരതയുണ്ട്‌, അത്‌ നിഷേധിച്ചാല്‍ മനുഷ്യാവതാര രഹസ്യത്തെത്തന്നെയാണ്‌ നിഷേധിക്കുന്നത്‌.

'ഞാനഗ്നി' ചൂണ്ടികാണിച്ചതു പോലെ ഇത്തരം കാര്യങ്ങളില്‍ മറ്റ്‌ സ്വാര്‍ത്ഥതാത്‌പര്യങ്ങള്‍ കടന്നുവരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. പൗരസ്ത്യസഭാനിയമങ്ങള്‍ ഇത്‌ വളരെ കര്‍ശനമായി അനുശാസിക്കുന്നുണ്ട്‌; "സഭയില്‍ ചേരുന്നതിനായി ഒരാളെ നിര്‍ബന്ധിക്കുകയൊ അനുചിതമായ മാര്‍ഗങ്ങളിലൂടെ പ്രേരിപ്പിക്കുകയോ വശീകരിക്കുകയോ ചെയ്യുന്നതു കര്‍ശനമായി വിലക്കിയിരിക്കുന്നു. അന്യായമായ പീഡനത്തിലൂടെ ഭയപ്പെട്ട്‌ ആരും സഭയില്‍നിന്ന് അകന്നുനില്‍ക്കാന്‍ ഇടവരാത്തവിധം മതസ്വാതന്ത്രത്തിനുള്ള അവകാശം പരിരക്ഷിക്കപ്പെടുന്നുണ്ടെന്ന് എല്ലാ ക്രൈസ്തവവിശ്വാസികളും ശ്രദ്ധിക്കണം"(കാനോന്‍ 586). അതായത്‌, 'പ്രേക്ഷിതപ്രവര്‍ത്തനം യാതൊരു ചൂഷണങ്ങള്‍ക്കും ഇടനല്‍കരുത്‌. ക്രൈസ്തവമൂല്ല്യങ്ങളില്‍ ആകൃഷ്ടരായിട്ടാണ്‌ ആളുകള്‍ സഭയുടെ അംഗങ്ങളാവേണ്ടത്‌. മോഹനവാഗ്ദാനങ്ങള്‍ നല്‍കി മനുഷ്യരെ സഭയിലേക്കാകര്‍ഷിക്കാന്‍ പാടില്ല. ബലഹീനനായ മനുഷ്യനെ ആകര്‍ഷിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്‌. ക്രൈസ്തവ ആദര്‍ശങ്ങളേക്കാള്‍ ആനുകൂല്ല്യങ്ങളാണ്‌ ആകര്‍ഷകമാവുക. അങ്ങനെയുള്ള മാര്‍ഗങ്ങള്‍ അധാര്‍മ്മികങ്ങളാകുന്നു. ഇപ്രകാരം ആനുകൂല്ല്യങ്ങള്‍ നല്‍കിയുള്ള ആകര്‍ഷണം ചൂഷണം തന്നെ. മനുഷ്യന്റെ വ്യക്തിത്വത്തിനു നിരക്കുന്നതല്ല ഇത്തരത്തിലുള്ള ആകര്‍ഷണരീതികളൊന്നും. മനുഷ്യമഹത്ത്വവും സമത്വവും സാഹോദര്യവും നീതിയും സത്യവും ഉയര്‍ത്തിപ്പിടിക്കുന്ന ശൈലി മാത്രമേ പ്രേക്ഷിതപ്രവര്‍ത്തനത്തിനു യോജിക്കു.'

സ്നേഹത്തിന്റെ പ്രവാചകനായ യേശുക്രിസ്തുവിന്റെ സുവിശേഷം വിഗ്രഹങ്ങളുടെ പേരിലും ആരാധനാനുഷ്ഠാനങ്ങളുടെ പേരിലും ലോകത്തില്‍ തെറ്റിദ്ധരിക്കപ്പെടുമ്പോള്‍ അവിടുത്തെ തിരുവചനങ്ങള്‍ ഓര്‍ക്കുകയാണ്‌;

"സാബത്ത്‌ മനുഷ്യനുവേണ്ടിയാണ്‌; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല."(മര്‍ക്കോസ്‌ 2:27)

"നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ക്കു പരസ്പരം സ്നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് അതുമൂലം എല്ലാവരും അറിയും."(യോഹന്നാന്‍ 13:35)

14 comments:

Jimmy said...

Yellavarum sradhikapedan vendi ooronu verachu koottunu. Even here last week, Fr celebrated Feast. In altar His name is pasted with thermocol letters. and decorated with flowers. He is doing mass. In front of altar cake cutting inbetween mass. Full funny. I was about to question inbetween. But Achanmare question cheythal saapam kittumenu kettitund. Angane pedipichu vekkunathu nallatha. or else we get time only for that. bye... catch u later.

Anonymous said...

സഹോദരന്മാരെ, എല്ലാവരും വളരെ വിശാലമായി ചിന്തിക്കുന്നവരായിക്കൊണ്ടിരിക്കുന്നു (ഒബാമ ജയിച്ചല്ലൊ) സങ്കുചിത മനോഭാവം കളയേണ്ടിയിരിക്കുന്നു (ഇല്ലെങ്കില്‍ മാറും)നമ്മളൊക്കെ ഇന്ത്യക്കാരാണ് മലയാളികളാണ് നമുക്ക് നമ്മുടെ പൈത്രുകങ്ങള്‍ ഉണ്ട്- അവ നമ്മുടെ നാടിനു യോജിച്ച രീതിയില്‍ കാലാകാലങ്ങളായി പരിണമിച്ചു വന്നതാണ് വേഷങ്ങളും രീതികളുമൊക്കെ അവയൊക്കെ പാടെ മാറ്റി മൊത്തം യൂറൊപ്യന്‍ രീതികളൊ അറേബ്യന്‍ (പര്‍ദ്ദ ) രീതികളൊ ഒക്കെ സ്വീകരിക്കണം എന്നു പറയുന്നത് ഒരിക്കലും നല്ലതല്ല. നമ്മളിവിടെ വെറുതെ കോപ്പിയടിക്കാര്‍ മാത്രമാകരുത്
സ്നേഹപൂര്‍വ്വം
മലയാളി

സഞ്ചാരി @ സഞ്ചാരി said...

ജിമ്മി,
അഭിപ്രായത്തിന്‌ നന്ദി, ഗൗരവമായ ചര്‍ച്ചയാണ്‌ ഞാന്‍ പ്രതീക്ഷിച്ചത്‌.

പ്രിയ അനോണി,
മുകളില്‍ ഞാന്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെ വിലയിരുത്തിയാണ്‌ താങ്കളുടെ കമന്റെങ്കില്‍ ഞാന്‍ ഖേദിക്കുന്നു. കാരണം താങ്കള്‍ സൂചിപ്പിക്കുന്നതു പോലെ നമ്മുടെ യതാര്‍ത്ഥ പൈതൃകത്തിനും പാരമ്പര്യത്തിനും രീതികള്‍ക്കും എതിരായി ഞാന്‍ ഒന്നും എഴുതിയിട്ടില്ല. 'ഞാനഗ്നിയുടെ' ചില ചോദ്യങ്ങളാണ്‌ ഇതിന്റെ പശ്ചാത്തലം എന്നത്‌ വിസ്മരിച്ച്‌, വരികള്‍ അടര്‍ത്തി മുന്‍വിധിയോടെ വ്യാഖ്യാനിക്കരുതെന്ന് അപേക്ഷിക്കുന്നു. അങ്ങനെ ഒരു ധാരണ നല്‍കുന്നെങ്കില്‍ ആ വരികള്‍ ചൂണ്ടികാണിക്കുക, ഞാന്‍ തിരുത്താം. തനതായ വിശ്വാസപാരമ്പര്യങ്ങളേയും അചാരനുഷ്ഠാനങ്ങളേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരാളാണ്‌ ഞാന്‍, ഒപ്പം മറ്റുള്ളവരുടേയും.

പറയുന്ന കാര്യങ്ങള്‍ ശരിയെന്ന് ഉറപ്പുണ്ടെങ്കില്‍ 'അനോണി' ആവാതിരിക്കുന്നതല്ലെ ഉചിതം?

സജി said...

കത്തോലിക്ക യഥാര്‍ദ്ഥ സഭ ദൈവ സഭ അല്ലെന്നും, കതോലിക്ക സഭയുടെ പഠിപ്പിക്കലുകള്‍, ശരി അല്ലെന്നും വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനി ആണു ഞാന്‍..
പക്ഷേ, അച്ചന്റെ പോസ്റ്റുകള്‍ എനിക്കു ഇഷ്ടമാണ്
അച്ചനേയും..........
സ്നേഹത്തോടെ,
സജി

സഞ്ചാരി @ സഞ്ചാരി said...

പ്രിയ സജി,
വ്യക്തിപരമായ വിശ്വാസവൈരുദ്ധ്യങ്ങള്‍ക്കിടയിലും നമ്മെ ഒരുമിപ്പിക്കുന്ന സത്യത്തിന്റെ സുവര്‍ണ്ണനൂലിഴകള്‍ കണ്ടെത്താന്‍ എല്ലാ മനുഷ്യര്‍ക്കും കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രാഹിക്കുകയാണ്‌.
നന്ദിയോടെ...

അപ്പു said...

പ്രിയ സഞ്ചാരി,

ഇന്നാണ് ഈ പോസ്റ്റ് കണ്ടത്. കുര്‍ബാനയ്ക്കുമുമ്പില്‍ ആരതിയുഴിയുന്നതിനെപ്പറ്റിയൊക്കെ ഞാനഗ്നിപറഞ്ഞതു വായിച്ചപ്പോള്‍ എനിക്കുണ്ടാ‍യ സംശയങ്ങള്‍ക്ക്ക് മറൂപടിയായി ഈ പോസ്റ്റ്. സഭയുടെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ തന്നെ ഈ സഞ്ചാരിക്ക് സ്വതന്ത്രവും, വ്യക്തവുമായ സ്വന്തം കാഴ്ചപ്പാടുകള്‍ ഉണ്ടെന്നുള്ളത് വളരെ സന്തോഷം നല്‍കുന്നു.

'പ്രേക്ഷിതപ്രവര്‍ത്തനം യാതൊരു ചൂഷണങ്ങള്‍ക്കും ഇടനല്‍കരുത്‌. ക്രൈസ്തവമൂല്ല്യങ്ങളില്‍ ആകൃഷ്ടരായിട്ടാണ്‌ ആളുകള്‍ സഭയുടെ അംഗങ്ങളാവേണ്ടത്‌. മോഹനവാഗ്ദാനങ്ങള്‍ നല്‍കി മനുഷ്യരെ സഭയിലേക്കാകര്‍ഷിക്കാന്‍ പാടില്ല. ബലഹീനനായ മനുഷ്യനെ ആകര്‍ഷിക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട്‌. ക്രൈസ്തവ ആദര്‍ശങ്ങളേക്കാള്‍ ആനുകൂല്ല്യങ്ങളാണ്‌ ആകര്‍ഷകമാവുക. അങ്ങനെയുള്ള മാര്‍ഗങ്ങള്‍ അധാര്‍മ്മികങ്ങളാകുന്നു“ - ഇതു വ്യക്തമായി പറഞ്ഞതില്‍ അഭിനന്ദനങ്ങള്‍!

joseph said...

I would like to speak only about one thing,ie; conversion through compulsion or inducements.
Compulsion is out of question. No church/christian approves it. Such a conversion is not a conversion at all.
Next comes inducement.

In mission areas missionaries work and preach among the poor,illiterate people in most cases. It is bounden duty of a christian to help the less privileged and the downtrodden and so there is no wonder that the missionaries help them also materially as far as they can. This help is not extended to win them over to the christian religion but becasuse it s a commandment received from Christ. Some receipients of such charity may sometimes seek the reason for such a move from the missionaries who they understand have ostensibly no reason to help them.The missionaries dont ask anything in return too, which surprises them.Gradually they find out that it is the God of Christians behind it all. They may learn more about such a God as Jesus Christ. He is so good and one among them unlilke all other Gods. In course of time they may embrace Christianity.

This is not the result of any inducement. Goodness has an attraction in itself. People of good will are drawn towards it. Now can any one say that good must not be done? Is it not better that people keep up a healthy competition in doing good?

സഞ്ചാരി @ സഞ്ചാരി said...

നന്ദി അപ്പുവേട്ടാ...

പ്രിയ ജോസഫ്‌,
താങ്കള്‍ ചൂണ്ടികാണിച്ചതിനോട്‌ ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ക്രിസ്തീയ മൂല്ല്യങ്ങള്‍ വളര്‍ത്തുക, സംഭവിക്കേണ്ട വിശ്വാസപരിവര്‍ത്തനവും സാസ്കാരികാനുരൂപണവും ഇത്‌ തന്നെയാണ്‌... അതില്‍ ആകൃഷ്ടരായി സ്വതന്ത്രമനസ്സോടെ ആളുകള്‍ വിശ്വാസം സ്വീകരിക്കട്ടെ.
ഈ കുറിപ്പ്‌ കൂടുതല്‍ സമ്പന്നമാക്കിയതിന്‌ താങ്കള്‍ക്ക്‌ നന്ദി.

മിഴി വിളക്ക്. said...

സഞ്ചാരി
പണ്ട് ഞാനും ഇതേ പോലെ തന്നെ ഈ വിഷയത്തെ സംശയദൃഷ്ടിയോടെ കണ്ടിരുന്നു..എന്തിനു വേണ്ടിയാണ് ക്രിതുവിന്റെ രൂപത്തെ പലരീതിയില്‍ പ്രതേയ്യ്കിച്ച് ഹിന്ദുദേവന്മാരുടെ രൂപം പോലെയൊക്കെ വരച്ചുവെച്ചിരിക്കുന്നത് എന്നും അതു തെറ്റോ ശരിയോ എന്ന് ഏറെ ചിന്തിച്ചിട്ടുണ്ട്..അതു ശരിയല്ല എന്നു തന്നെയാണ് അന്നു ലഭിച്ച ഉത്തരം..( വിരിഞ്ഞ താമരയില്‍ ഇരിക്കുന്ന ക്രിസ്തു,ചമ്രം പറ്റഞ്ഞിരുന്ന് ധ്യാനിക്കുന്ന ക്രിസ്തു, അതു പോലെ തന്നെ ഒരു സിസ്റ്റേഴ്സിന്റെ സ്കൂളില്‍ കുട്ടികളുടെ ഡാന്‍സ് എഴുത്തിനിരുത്ത് കര്‍മ്മത്തില്‍ സരസ്വതി ദേവിയോടൊപ്പം കന്യകാമറിയത്തിന്റെയും ഫോട്ടോ വെച്ച് പൂജിച്ചതിനു ശേഷം തുടങ്ങുന്നു, നേതൃത്വം കൊടുക്കുന്ന സിസ്റ്റേഴ്സ്(മനോരമ പടം സഹിതം കൊടുത്തിരുന്നു)..)
അതിലെ തെറ്റും ശരിയും വേര്‍തിരിച്ചെടുക്കാനാകുന്നില്ലെങ്കിലും , അന്നു തോന്നിയ സങ്കുചിത മനസ്ത്ഥിതി ഇപ്പോഴില്ല..ക്രിസ്തു ഒരു പ്രത്യേക ജാതിക്കു വെണ്ടിയോ, മതത്തിനു വേണ്ടിയോ, രാജ്യത്തിനു വേണ്ടിയോ, കുലത്തിനു വേണ്ടിയോ ഒന്നും വന്നതല്ല എന്നും അവന്‍ ഭൂമി മുഴുവന്റെയും അവകാശമാണ് എന്നും,ഞാന്‍ കണ്ടുമുട്ടുന്ന ഓരോരുത്തരിലും ഒരു ക്രിസ്തുവുണ്ടെന്നുമൊക്കെ ഒരു ചെറിയ തിരിച്ചറിവ് വന്നതില്‍ പിന്നെ ക്രിസ്തുവിന്റെ ഭാവവും രൂപവും ഇരിപ്പും ഒക്കെ ശ്രദ്ധിക്കുന്നത് അപ്രസക്തമായി.കരുണയുടെ ഒരു ഭാവം മാത്രമാണ് ക്രിസ്തുവിണ് എന്നു തോന്നുന്നു.ചില വിഭാഗങ്ങള്‍ പറയുന്നതു പോലെ നമ്മുടെ തെറ്റുകളെ-ശരികളെ മാത്രം എഴുതിവെച്ച് അതിനനുസരിച്ച് സ്വര്‍ഗ്ഗത്തിലാണോ നരകത്തിലാണോ നീ പോകുന്നത് എന്നു വിധി നിര്‍ണ്‍നയിക്കുന്ന ഒരു വിധികര്‍ത്താവായി ദൈവത്തെ കാണാനേ സാധിക്കുന്നില്ല...അമ്പലങ്ങളിലെ ഇഷ്ടപ്പെട്ട ഒരു കീര്‍ത്തനം ശ്രവിക്കുമ്പോഴും ഉള്ളില്‍ ഒരു ഭക്തിയുടെ ചൈതന്യം പലപ്പോഴും തോന്നിയിട്ടുണ്ട്..
പക്ഷേ എന്തൊക്കെ പറഞ്ഞാലും ദേശത്തിന്റെ ആചാരങ്ങള്‍ക്കനുസൃതമായി നമ്മുടെ ആരാധനരീതികല്‍ മാറുന്നതില്‍ വലിയ തെറ്റു പറയാനില്ല,( പൌലോസ് പരയുന്നണ്ടല്ലോ..വിജാതിയനെ നേടേണ്ഠതിന് ഞാനൊരു വിജാതിയനെ പോലെയായി,യഹൂദനെ നേടേണ്ടതിന് ഞാനൊരു യഹൂദനെ പോലെയായി എന്നൊക്കെ) എങ്കിലും ഇതു മൂലം ഉണ്ടാകാവുന്ന ഒരു ദോഷമെന്നത്, വിശ്വാസത്തെ പറ്റി വ്യക്തമായ അവബോധമില്ലാത്ത ഒരാളെ ഇത്തരം ആരതിയുഴിയലും പൂജയുമൊക്കെ വലരെപെട്ടെന്ന് തന്നെ അന്ധവിശ്വാസത്തിലേക്കും ആനാവശ്യ ആചാരങ്ങളിലേക്കുമൊക്കെ കൂട്ടിക്കൊണ്ടു പോകും..
[i]ഗുജറാത്തിലെ ഒരു മിഷ്യന്‍ സെമിനാരിയുടെ കലണ്ടര്‍ -വിഷ്ണു ഭഗവാന്‍ ഇരിക്കുന്നതു പോലെ യേശു.
സഞ്ചാരിക്കു നെഞ്ചത്തു കൈ വച്ചു പറയാമോ ഇതില്‍ ഒരു സ്വാര്‍ത്ഥ താല്പര്യങ്ങളും ഇല്ല എന്നു ?
പരയാനാവില്ല..[i]
അല്പം സ്വാര്‍ത്ഥതാല്പര്യം ഉണ്ട്.എല്ലാവരും തങ്ങളുടെ ദൈവത്തെ സംരക്ഷിക്കാനും പരിചയപ്പെടുത്താനും ആഗ്രഹിക്കുന്നു..അതു പോലെ തന്നെ ഒരു മിഷനറിയും അയാള്‍ എന്ത ദൌത്യത്തിനു വേണ്ടി നില്‍ക്കുന്നുവോ , ആ മഹാനുഭാവനെ ആ ദേശത്തിലെ ജനങ്ങള്‍ക്കു അവര്‍ക്കു പരിചിതനായ ഒരാളുടെ രൂപത്തില്‍, ഭാവത്തില്‍, അവര്‍ക്കു കുറെകൂടി തങ്ങളോടു ചേര്‍ന്നുനില്‍ക്കുന്ന ഒരാളായി പരിചയപ്പെടുത്തിക്കൊടുക്കുവാന്‍ ആ രൂപം ഉപയോഗിക്കുന്നു..

സഞ്ചാരി @ സഞ്ചാരി said...

പ്രിയ സഹോദരി,

വരികളിലെ ഗുരുചൈതന്യം ശ്രദ്ധേയമാണ്‌. യേശുവിന്റെ വിശ്വമാനവികതയും, യതാര്‍ത്ഥദൈവികഭാവം കരുണയാണെന്നുമുള്ള തിരിച്ചറിവുകള്‍ യതാര്‍ത്ഥ ആത്മീയതയുടെ അടയാളങ്ങളാണ്‌. വി കൊച്ചുത്രേസ്സ്യ പുണ്യവതിയെ സംബന്ധിച്ചിടത്തോളം God is nothing, but merciful love എന്നതായിരുന്നു അടിസ്ഥാന ബോധ്യം. ഇത്തരത്തില്‍ ആഴമേറിയ ബോധ്യങ്ങളുള്ള വ്യക്തികള്‍ക്ക്‌ വൈവിധ്യങ്ങള്‍ക്കുപരിയായി സ്വതന്ത്രമനസ്സോടെ തൂണിലും തുരുമ്പിലും പോലും ഈശ്വരചിത്രങ്ങള്‍ ഉള്‍കൊള്ളാനാവും. പക്ഷെ എല്ലാവര്‍ക്കും ആത്മീയമായ ഈ തുറവിയൊ വളര്‍ച്ചയൊ ഉണ്ടാകണമെന്നില്ല.

ഗുരു നമ്മെ പഠിപ്പിച്ചതു പോലെ നാം നിഷകളങ്കരും അതേസമയം വിവേകികളുമായിരിക്കണം. പൗലോസ്‌ ശ്ലീഹാ വിജാതിയരെ പോലെയും യഹൂദരെപോലെയും ആയി എന്നതിനര്‍ത്ഥം അവര്‍ ചെയ്തതെല്ലം ചെയ്തിരുന്നു എന്നാണൊ? ശ്ലീഹാ ഇപ്രകാരം നമ്മെ പ്രബോധിപ്പിക്കുന്നില്ലേ; " നിങ്ങളുടെ സ്വാതന്ത്ര്യം ബലഹീനര്‍ക്ക്‌ ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചയ്ക്ക്‌ കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം. എന്തെന്നാല്‍ അറിവുള്ളവനായ നീ വിഗ്രഹാലയത്തില്‍ ഭക്ഷണത്തിനിരിക്കുന്നതായി ദുര്‍ബലമനസാക്ഷിയുള്ള ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച ഭക്ഷണം കഴിക്കാന്‍ അവന്‌ പ്രോത്സാഹനമാവുകയില്ലേ? അങ്ങനെ നിന്റെ അറിവ്‌ ക്രിസ്തു ആര്‍ക്കുവേണ്ടി മരിച്ചോ ആ ബലഹീനസഹോദരനു നാശകാരണമായി തീരുന്നു. ഇപ്രകാരം സഹോദരര്‍ക്കെതിരായി പാപം ചെയ്യുമ്പോഴും അവരുടെ ദുര്‍ബലമനസാക്ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്തുവിനെതിരായി പാപം ചെയ്യുന്നു..." (1 കൊറി. 9-13). അതായത്‌ നമ്മുടെ ആത്മീയവളര്‍ച്ചയുടെ ബാഹ്യമായ അവതരണം അപരന്‌ ഇടര്‍ച്ചക്കു കാരണമാകുന്നെങ്കില്‍, അത്‌ ക്രൈസ്തവരില്‍ തന്നെയാകാം മറ്റു മതസ്ഥര്‍ക്കുമാകാം, അവ വിവേകപൂര്‍വ്വം ഉപേക്ഷിക്കുന്നതല്ലേ നല്ലത്‌?

ചില 'മിഷനറിമാരുടെ' വിവേകരഹിതമായ 'സ്വാര്‍ത്ഥതയുടെ' ഫലം നാം ഒറീസ്സയില്‍ കണ്ടതല്ലെ? ഒറിസ്സയിലെ മതമര്‍ദ്ധനങ്ങള്‍ക്ക്‌, അന്ധമായ ചില സുവിശേഷ പ്രചരണരീതികള്‍ക്ക്‌ നേരിയ പങ്കെങ്കിലും ഇല്ല എന്ന് വസ്തുനിഷ്ഠമായി നമുക്ക്‌ പറയാനാവുമോ?

മിഴിവിളക്ക്‌ ചൂണ്ടികാണിച്ചവ വളരെ ശരിയാണ്‌. പക്ഷെ, നമ്മുടെ സാമൂഹികാന്തരീക്ഷത്തില്‍ എന്തിലൊക്കെ നമുക്ക്‌ അത്തരത്തില്‍ മാറ്റങ്ങള്‍ വരുത്താം എങ്ങനെയൊക്കെ വരുത്താം എന്നതിന്റെ പരിധികള്‍ നിശ്ചയിക്കുമ്പോഴാണ്‌ ഈ അഭിപ്രായത്തിന്‌ പരിമിതികള്‍ ഉണ്ടാവുന്നത്‌. സഹോദരിയുടെ ഹൃദ്യമായ ബോധ്യങ്ങള്‍ ഇവിടെ പങ്കുവെച്ചതിന്‌ നന്ദി.

മാര്‍ഗ്ഗം said...

Dear Sanchari......
I read "samsakarikanuroopanam mathaparivarthanathino".......
good........congratulations.......

THE IMPORTANT THING IS THAT "WE THE PRIESTS ARE NOT THE MASTERS OF FAITH AND LITURGY, BUT WE ARE THE STEWARDS".........
I think many forget this fact......

chandiroor said...

പ്രിയ സഞ്ചാരി ..
ഇന്നു ക്രിസ്തുവിന്‍റെ പരമ്പര ലോകത്തു പടര്ന്നു പന്തലിച്ചെന്‍കില്‍ അതിനു കാരണം ആ മഹാത്മാവിന്‍റെ ത്യാഗംഒന്നു കൊണ്ടു മാത്രമാണു
അതിനാല്‍ ആ പരമ്പരയെ പിന്‍പറ്റുന്നവര്‍ അതിന്‍റെ മൂല്യങ്ങളെ തകര്‍ക്കരുത് .തങ്ങളുടെ ചിന്തക്കു നന്മ നെരുന്നു

kingstonp5 said...

Condivido con te la stessa opinione. Alcuni giorni fa io ho anche visto un foto di una chiesa in nord dell'india dove l'immagine del Signore era come un 'Budda'.. Bisogna capire bene cha cosa significa l'inculturazione, specialmente i pastori....

Domy said...

അച്ചോ, വല്ലാത്ത ഒരു സന്തോഷം, ഈ കുറിപ്പ് വായിച്ചപ്പോൾ. ഇനിയും എഴുതുക.