ആമുഖം
ഈ കുറിപ്പിന് കാരണമായ ലേഖനം ഇവിടെയുണ്ട്. അതെഴുതിയ വ്യക്തിക്കെതിരെയുള്ള പരാമര്‍ശങ്ങളായി ഇതിലെ ഒരു വരിയും വ്യാഖ്യാനിക്കരുതേ. മറിച്ച് അവിടെ അവതരിപ്പിക്കപ്പെട്ട ആശയങ്ങള്‍ക്കുള്ള ക്രിയാത്മകമായ പ്രതികരണവും ഈ വിഷയവുമായി ബന്ധപെട്ട ക്രൈസ്തവപരിചിന്തനങ്ങളുമാണ് ഇവിടെ പ്രതിപാദിക്കുന്നത്.
ആരായിരുന്നു യൂദാസ്?
യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് ശിഷ്യരിലൊരുവന് ആയിരുന്നു യുദാസ് എന്ന് വിളിക്കപ്പെടുന്ന യുദാസ് സ്കറിയോത്ത. മറ്റ് ശിഷ്യരെ പോലെ യേശുവിനെ മുന്ന് വര്‍ഷക്കാലവും അനുഗമിച്ചവന്, ഗുരുമൊഴികള്‍ സ്വന്തം കാതുകളിലൂടെ ശ്രവിച്ചവന്‍, ചെയ്തികള്‍ സൂക്ഷിച്ചു വീക്ഷിച്ചവന്‍. അവിടുത്തെ അനന്തമായ കരുണ അനുഭവിച്ചവന്. പണത്തോട് പ്രത്യേക താത്പര്യം കാണിച്ചതിനാലാവാം അത് മാറാനായി ശിഷ്യസമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള പണക്കിഴി ഗുരു അവനെ ഏല്‍പ്പിച്ചത്. മറ്റു ശിഷ്യരോടൊപ്പം അവനേയും എല്ലാ കഴിവുകളോടും അധികാരത്തോടും കൂടെ ശുശ്രൂഷക്കായി ഗുരു പറഞ്ഞയക്കുന്നുണ്ട്. ഒടുവില്‍ അന്ത്യാത്താഴവേളയില്‍ യേശു സ്വന്തം ശരീരവും രക്തവുമാണ് പങ്കുവയ്കുന്നതെന്ന വചനങ്ങളോടെ യൂദാസിനും കൊടുക്കുന്നുണ്ട് അപ്പവും വീഞ്ഞും. പക്ഷെ ഇതുകഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം ചുംബനത്തിലൂടെ ഗുരുവിനെ പടയാളികള്‍ക്ക് കാണിച്ചുകൊടുത്ത് അവന് ഒറ്റിക്കൊടുക്കുന്നു. ഇടനെഞ്ച് പൊടിഞ്ഞ് ഗുരു അവനോട് ചോദിക്കുന്നുണ്ട് "യൂദാസേ, ചുംബനംകൊണ്ടൊ നീ മനുഷ്യപുത്രനെ ഒറ്റികൊടുക്കുന്നത്." ദൈവമനുഷ്യസൗഹൃദത്തിന്റെ പരമപരിശുദ്ധമായ ബന്ധത്തോട് മറ്റൊരു മനുഷ്യന്റെ ആത്മവഞ്ചന. ഒടുവില്‍ കുറ്റബോധത്താല്‍ നിരാശയിലേക്ക് കൂപ്പുകുത്തി അവന് ഒരു മരത്തില്‍ കെട്ടിതൂങ്ങി ചത്തു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു.
മുന്‍കൂട്ടി എഴുതിതയ്യാറക്കപ്പെട്ട ഒരു നാടകാവതരണം ആയിരുന്നുവോ യേശുവിന്റെ കുരിശുമരണം?
യേശു തന്റെ പിതാവിന്റെ 'ഇഷ്ടം' അഥവാ 'പദ്ധതി' നിറവേറ്റുവാനായ് ഒരുവനെ തിരഞ്ഞുപിടിച്ച് സ്നേഹം നടിച്ച് കൂടെ നിറുത്തി ഒടുവില്‍ അവനെ പഴിയാക്കി കൊലക്ക് കൊടുത്ത് സ്വയം കുരിശിലേറി മരിച്ചു. യേശുവിന് അറിയാമായിരുന്നു യൂദാസ് അവനെ ഒറ്റികൊടുക്കും എന്ന്. അപ്പോള്‍ പിന്നെ ഇത് ഒരു നാടകം കളിയായിരുന്നോ?
ഉത്തരത്തിലെത്തും മുന്‍പ് ഒരു മറുചോദ്യം: യൂദാസ് ജനിച്ചില്ലായിരുന്നെങ്കില്‍ യേശുവിന്റെ മരണം സാധ്യമാകില്ലായിരുന്നോ?
സാധ്യമാകുമായിരുന്നു എന്നു തന്നെ പറയേണ്ടിവരും; കാരണം യേശുവിനെ വധിക്കാന്‍ പലതവണ ഗൂഢാലോചനകളും പദ്ധതികളും വിഭാവനം ചെയ്യുന്ന പുരോഹിതപ്രമാണിമാരേയും നിയമജ്ഞരേയും കുറിച്ച് സുവിശേഷം വെളിപ്പെടുത്തുന്നു (യോഹന്നാന് 7,30-33; ലൂക്കാ 20,19-20). പക്ഷെ, യേശുവിന്റെ കുരിശുമരണം യൂദാസിന്റെ ഒറ്റികൊടുക്കലിലൂടെയാണ് ചരിത്രത്തില്‍ സംഭവിച്ചത് എന്ന കാരണത്താല്‍ തന്നെ ഇതെല്ലാം വെറും സാങ്കല്പ്പികസിദ്ധാന്തങ്ങള് (hypothesis) മാത്രമായി അവശേഷിക്കുന്നു.
ഉത്തരങ്ങളിലേക്ക്...
യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കും എന്ന് യേശുവിനും പിതാവായ ദൈവത്തിനും അറിയാമായിരുന്നു, അതങ്ങനെയാണ് സംഭവിച്ചതും. പക്ഷെ ഈ അറിവും, 'ദൈവേഷ്ടം നിറവേറ്റാനായിരുന്നു യൂദാസിന്റെ പ്രവൃത്തി' എന്ന ആരോപണവും പരസ്പരവിരുദ്ധങ്ങളാണ്. ദൈവത്തിന് എല്ലാം അറിയാം, സ്ഥലകാലപരിമിതികളെ അതിലംഘിക്കുന്നതാണ് ഈ അറിവ്. ഭൂതവും വര്‍ത്തമാനവും ഭാവിയും അവിടുന്നറിയുന്നുണ്ട്, ഇതിനെയാണ് ദൈവത്തിന്റെ സര്‍വ്വഞ്ജത്വം (Omniscience) എന്ന് പറയുന്നത്. പക്ഷെ ദൈവത്തിന്റെ ഈ 'തിരിച്ചറിവിനെ' നമ്മള് സാധാരണഭാഷയില്‍ ഉപയോഗിക്കുന്ന വിധിയുമായി (predestination, ഉദ: 'അവന്റെ വിധിയാണ് അത്') താരതമ്യപ്പെടുത്തരുത്. ദൈവത്തിന് ആരെക്കുറിച്ചും മുന്‍വിധികളില്ല, മനുഷ്യജീവിതം മുന്‍കൂട്ടി ക്രമീകരിച്ചു വച്ച ഒരു മെക്കാനിക്കല്‍ വാച്ച് പോലെയുമല്ല. അവന് എപ്പോഴും സ്വതന്ത്രനാണ്, അത് ദൈവികദാനമാണ്. പക്ഷെ ഈ സ്വാതന്ത്ര്യത്താല്‍ മനുഷ്യന് എന്തു ചെയ്യുമെന്ന് ദൈവത്തിന് അറിയാം. അത് മനുഷ്യയുക്തിക്കതീതമായ ദൈവികജ്ഞാനത്തിന്റെ സ്വഭാവമാണ്. പക്ഷെ ഈ അറിവുണ്ടായിട്ടും ദൈവം തിന്മപ്രവൃത്തികളില്‍ നിന്നും അവനെ തടയുന്നില്ല. അത് അവിടുത്തേക്ക് ഇഷ്ടമുണ്ടായിട്ടല്ല (തിന്മ ആഗ്രഹിക്കുന്ന ഒരു ദൈവമൊ!) മറിച്ച് മനുഷ്യോത്പ്പത്തി മുതല്‍ യുഗാന്ത്യം വരെ അവന്റെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ഒരു ദൈവം ആയതുകൊണ്ടാണ്. അത് ദൈവത്തിന്റെ ബലഹീനതയല്ല മറിച്ച് അതാണ് അവിടുത്തെ മഹത്വം. 'ബുദ്ധിമാന്മാര്ക്ക്' ഭോഷത്തമായ ദൈവപുത്രന്റെ കുരിശിലെ മരണത്തിന്റെ മഹത്വവും ഈ അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്.
അതായത് ദൈവത്തിന്റെ ഇഷ്ടമല്ലായിരുന്നു യുദാസ് യേശുവിനെ ഒറ്റികൊടുക്കണം എന്നുള്ളത് അഥവാ യേശുവിനെ ഒറ്റികൊടുക്കാന്‍ വേണ്ടിയല്ല യൂദാസിന് ദൈവം ജീവന് നല്‍കിയത്. ദൈവം ആരേയും തിന്മയുടെ ഉപകരണമാക്കില്ല, അതല്ല ദൈവിക പ്രകൃതി. ആയിരുന്നെങ്കില്‍ ദൈവത്തെ എങ്ങനെ സര്വ്വശ്ക്തന് എന്നു വിളിക്കും? സ്വന്തം പദ്ധതികളുടെ പൂര്‍ത്തികരണത്തിനായി തിന്മയുമായി സഖ്യത്തിലേര്പ്പെടുന്നവന് സര്‍വ്വശക്തനായ ദൈവമല്ല. തിന്മ ദൈവത്തിന്റെ സൃഷ്ടിയുമല്ല, അത് മനുഷ്യസ്വാതന്ത്ര്യത്തിന്റെ ദുര്‍വിനിയോഗം നിമിത്തമുണ്ടാകുന്ന അനന്തരഫലങ്ങളാണ്. ഈ മനുഷ്യതിന്മകളെ എന്നേക്കുമായി ഉന്മൂലനം ചെയ്യാന്‍ തിന്മയുടെ ഫലങ്ങളെ സ്വന്തം ശരീരത്തില്‍ സ്വീകരിച്ച യേശുവെന്ന ദൈവപുത്രന്. സ്വപുത്രന്റെ മരണവേളയിലും അതിന് മൗനാനുവാദം നല്കി മനുഷ്യസ്വാതന്ത്ര്യത്തെ വിലമതിച്ച ദൈവം. യൂദാസിനും ഏതൊരു മനുഷ്യനെപോലെയും നന്മ ചെയ്യാനും തിന്മ ചെയ്യാനുമുള്ള സാധ്യതയും സ്വാതന്ത്ര്യവുണ്ടായിരുന്നു. അതില്‍ നന്മ തിരഞ്ഞെടുക്കാനായിരുന്നു അവനെ പ്രത്യേകം വിളിച്ച് കൂടെ നടത്തി പരിപാലിച്ചത്. നന്മക്കായി നിലകൊള്ളാന്‍ ഗുരുവില്‍ നിന്നും സര്വ്വപാഠങ്ങള് പഠിച്ചിട്ടും ഒടുവില്‍ അവന് തിന്മ തിരഞ്ഞെടുത്തു. ഈ മനുഷ്യനെ കുറിച്ചാണ് സുവിശേഷം രേഖപ്പെടുത്തിയത്, "... ജനിക്കാതിരുന്നെങ്കില് അവനു നന്നായിരുന്നു" (മര്‍ക്കോസ് 14, 21). അതായത് യൂദാസ് തെറ്റുചെയ്യണമെന്ന് ഒരു 'സുവിശേഷവും' ആഗ്രഹിച്ചിരുന്നില്ല.
എന്താണ് യൂദാസ് ചെയ്ത തെറ്റ്?
പത്രോസും യൂദാസും ഒരു പോലെ തെറ്റ് ചെയ്തവരാണ്, പത്രോസ് ഗുരുവിനെ തള്ളിപറഞ്ഞു യുദാസ് ചുംബനം കൊണ്ട് അവനെ കാണിച്ചു കൊടുത്തു.ഗുരുവിനെ തള്ളിപറയുമ്പോള്‍ സ്വന്തം ശരീരം എങ്ങനെ രക്ഷിക്കാമെന്നെ പത്രോസ് ചിന്തിച്ചിട്ടുണ്ടാവുകയൊള്ളു, യൂദാസാവട്ടെ എങ്ങനെ ഗുരുവിനെ വിറ്റ് കാശാക്കാമെന്നു കൂടി ചിന്തിച്ചു. തെറ്റുകള്‍ മാനുഷികമാണ്, അതിന്റെ ഗൗരവം വസ്തുതകള്‍ക്കനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും. കുറ്റം ചെയ്തവന് ആദ്യം തോന്നുക തെറ്റിനെക്കുറിച്ചുള്ള തിരിച്ചറിവാണ്. ഇത് മനസാക്ഷിയുടെ സ്വരമാണ്, ഇരുവര്‍ക്കും അതുണ്ടായി എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു. ഇവിടെനിന്നും രണ്ടു വഴികള്‍ ഉണ്ട്; ഒന്ന് ദൈവത്തിന്റെ കരുണയിലാശ്രയിച്ച് പശ്ചാതാപത്തിന്റെ വഴി. രണ്ട്, പാപികളെ തേടി വന്നവന്റെ അലിവിന്റെ മുഖം കാണാതെ ആത്മനാശത്തിന്റെ വഴിയിലൂടെയുള്ള യാത്ര. ഒന്നു ദൈവികകരുണയെക്കുറിച്ചുള്ള പ്രത്യാശയിലേക്കും തുടര്‍ന്ന് നിത്യജീവനിലേക്കും മനുഷ്യനെ കൈപിടിച്ചുയര്‍ത്തുമ്പോള്‍ മറ്റൊന്ന് കനത്ത നിരാശയിലേക്കും തുടര്‍ന്ന് മരണത്തിലേക്കും വഴിനയിക്കുന്നു.
ഈ തിരഞ്ഞെടുപ്പിലാണ് യൂദാസിന് അടിസ്ഥാനപരമായ തെറ്റ് സംഭവിച്ചത്. ഹൃദയമുരുകുന്ന എളിമയാണ് യതാര്‍ത്ഥ പശ്ചാതാപം. പത്രോസ് മനം നൊന്ത് കരഞ്ഞു എന്ന് സുവിശേഷം രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ യൂദാസാവട്ടെ തന്റെ തെറ്റുകള്ക്കുപരിയായ ദൈവത്തിലേക്കു വിശ്വാസത്തോടെ മനമുയര്ത്താതെ തന്നില്‍ തന്നെ കുരുങ്ങി ജീവിതം അവസാനിപ്പിച്ചു. അതായത് ഗുരുവിനെ ഒറ്റികൊടുത്തതിനു ശേഷവും അവന് രക്ഷക്ക് മാര്‍ഗ്ഗമുണ്ടായിരുന്നു. കാരണം യൂദാസിനും വേണ്ടി കൂടിയാണ് യേശു കുരിശില്‍ മരിച്ചത്, അവന്റേയും പാപപൊറുതിക്കു വേണ്ടി, പക്ഷെ അതുമവന് നിഷേധിച്ചു. അവന്റെ മുന്പില് വാക്കിലൂടേയും പ്രവൃത്തിയിലൂടേയും തന്നെ തന്നെ വെളിപ്പെടുത്തിയിരുന്ന ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചില്ല. ചുങ്കകാരോടും പാപികളോടുമുള്ള യേശുവിന്റെ കാരുണ്യമൂറുന്ന മനോഭാവവും പാപമോചനവും ജീവിതത്തിലേക്കുള്ള തിരിച്ചുവരവും നേരിട്ടു ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചവനാണ്. എന്നിട്ടും സ്വന്തം ജീവിതത്തില്‍ അവിടുത്തെ ഈ കരുണയില്‍ അവന് പ്രത്യാശ വച്ചില്ല. മറിച്ച് ദൈവത്തിന്റെ ദാനമായ സ്വന്തജീവനെ നിഷേധിച്ച് അവന് ആത്മഹത്യ ചെയ്തു.
സാധ്യതകളുടെ മുന്നറിയിപ്പ്
യൂദാസിന്റെ പാപം എല്ലാ മനുഷ്യര്‍ക്കും പ്രത്യേകിച്ച് അധികാരികള്‍ക്ക് ഒരു മുന്നറിയിപ്പാണ്. ഭൂമിയിലെ എല്ലാ അധികാരവും ദൈവത്തില്‍ നിന്നാണ്. പക്ഷെ, അധികാരത്തിന്റെ ദുര്‍വിനിയോഗം മനുഷ്യരില്‍ നിന്നും ഉണ്ടാവുന്നു. യൂദാസും മറ്റു തിരെഞ്ഞെടുക്കപെട്ടവരെ പോലെ അധികാരമുള്ളവനായിരുന്നു. പ്രത്യേകിച്ച് യോഗ്യതകളൊന്നുമില്ലാതിരുന്നിട്ടും ദൈവികകരുണയാല് ദൈവപുത്രനോട് ചേര്‍ത്ത് നിറുത്തപ്പെട്ടവന്, എന്നിട്ടും അവന് തെറ്റ് ചെയ്തു. ഉന്നതമായ കൃപാവരങ്ങളും സൗകര്യങ്ങളും നല്കപ്പെടുമ്പോഴും യൂദാസിനു സംഭവിച്ചതുപോലെ കഠിനമായ തെറ്റുകള്‍ പറ്റാനുള്ള സാധ്യതയുണ്ട്. ഗുരുവിനെ ശിഷ്യന് ഒറ്റികൊടുത്തത് 30 വെള്ളികാശിനായിരുന്നു. അത് കേവലം ഒരു വെള്ളികാശിനായിരുന്നെങ്കിലും അവന്റെ പാപം ഒരുപോലെ മാരകം തന്നെ. യൂദാസിനെ പോലെ കൂടുതല്‍ കൃപ ലഭിച്ചിട്ടും പാപം ചെയ്തവനെപോലെയാണ് വലിയ ഉത്തരവദിത്വങ്ങളിലിരുന്ന് പാപം ചെയ്യുന്നവനും. അതോടൊപ്പം നിസ്സാരപാപങ്ങളിളൂടെ ദൈവത്തെ തള്ളിപറയുന്നവനും ക്രമേണ കൊടുംപാപത്തിലെക്ക് കൂപ്പുകുത്തുകയാണ്. ഒരു കൊച്ച് സുഷിരം മതി, വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നാല്‍ എത്ര വലിയ കപ്പലായായും കടലില്‍ മുങ്ങിത്താഴാന്‍. അതുപോലെ നമ്മള് പറയാറില്ലേ, ഏറ്റവും നല്ലത് ചീത്തയാവുമ്പോഴാണ് ഏറ്റവും ചീത്ത എന്ന്. അതുപോലെതന്നെയാണ് ഏറ്റവും വലിയ വിശുദ്ധനാകാനുള്ള സാധ്യതയുള്ളവനാണ് ഏറ്റവും കൊടുംപാപി ആയി മാറാവുന്നത്, മറിച്ചും. ഉയര്‍ന്ന പടിയില്‍ നിന്നുള്ള വീഴ്ച്ചയുടെ ഫലം അതികഠിനമയിരിക്കും എന്ന് പ്രായോഗികബുദ്ധിയും നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ട് ഉയരങ്ങളിലേക്ക് ചുവടുകള്‍ വെയ്ക്കാന്‍ കൊതിക്കുന്ന നമ്മുടെ ഓരൊ ചുവടും കൂടുതല്‍ ശ്രദ്ധയോടെയാവട്ടെ. നമ്മളെല്ലാവരും സ്വതന്ത്രരാണ്, കൂട്ടത്തിലുള്ള മനുഷ്യര്‍ നമ്മെ തടഞ്ഞാലും ദൈവമൊരിക്കലും നമ്മെ തടയില്ല. അവിടുന്നു കരുണവര്ഷിച്ച് എപ്പോഴും നമ്മുടെ കൂടെയുണ്ട്. പക്ഷെ നമ്മള് ഓരോരുത്തരും നമ്മുടെ വിധി തിരഞ്ഞെടുക്കണം, അതാണ് കൂടുതല്‍ ശ്രമകരം. അതോടൊപ്പം പത്രോസ്സുമായി താരതമ്യപെടുത്തുമ്പോള്‍, ഈ തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചാല്‍ യൂദാസ്സിനെ പോലെ പൈശാചികമായ നിരാശയില്‍ പൂണ്ട് കഴുത്തില്‍ കയര്‍ കുരുക്കിടാതെ പശ്ചാത്തപിച്ച് ഉത്തരവാദിത്വങ്ങള്‍ തുടരണം എന്ന ചരിത്രപാഠവും നമുക്ക് നല്‍കുന്നുണ്ട്.
യൂദാസിനു വേണ്ടി രൂപക്കൂടുകള്‍ പണിയണമോ?
തുടക്കത്തില്‍ ആരോപിക്കപ്പെട്ടതു പോലെ 'ദൈവേഷ്ടം നിറവേറ്റനാണ് യൂദാസ് സ്വയം കുറ്റവാളിയായത്' എങ്കില്‍ ഒരുപാട് പേരെ ഈ നിരയിലേക്ക് ചേര്‍ക്കേണ്ടിവരും. ദൈവനാമത്തില്‍ എന്നു തെറ്റിദ്ധരിച്ച് സ്വയം 'പൊട്ടിത്തെറിക്കുന്നവരും' സ്വര്ത്ഥതാത്പര്യങ്ങള്ക്കു വേണ്ടി ഭ്രൂണഹത്യ നടത്തുന്നവരും ദയാവദത്തിനു കൂട്ടുനില്‍ക്കുന്നവരും അടക്കം ഒരുപാട് പേരുണ്ടാവും. അവര്‍ക്കൊരു 'വിശുദ്ധനായി യൂദാസ്സും'. പണ്ട് ചരിത്രത്തില്‍ മുഴങ്ങികേട്ട ഒരു സ്വരമാണ് "ബറാബ്ബാസ്സിനെ ഞങ്ങള്‍ക്ക് വിട്ട് തരിക" എന്നത്. ഇന്നത് മറ്റൊരുരീതിയില്‍ പ്രകമ്പനം കൊള്ളുന്നതുപോലെയാണ് 'യൂദാസിനെ വിശുദ്ധനാക്കുക' എന്ന പല്ലവിയില്‍ എനിക്ക് അനുഭവപെടുന്നത്. രണ്ടിന്റേയും ലക്ഷ്യം ഒന്നാണ്, യേശുവിനെ ക്രൂശിക്കുക, അല്ലാതെ ബറാബ്ബാസ്സിനോടും യൂദാസ്സിനോടുമുള്ള മനുഷ്യസ്നേഹമല്ല. എന്തായാലും യൂദാസിനെ വിശുദ്ധനായി പ്രഖ്യാപിച്ച് മനുഷ്യകുലത്തിന്റെ മാതൃകയാക്കണം എന്ന് പറയാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല. അത് ഞാന്‍ ഒരു ക്രൈസ്തവവിശ്വാസി ആയതു കൊണ്ടൊ ദൈവശാസ്ത്രം പഠിച്ചതുകൊണ്ടൊ അല്ല, അതിലും വളരെ ലളിതമായി, നന്മതിന്മകളെ വിവേചിച്ചറിയനുള്ള സ്വാഭാവികയുക്തി മറ്റേതൊരു മനുഷ്യനിലുമുള്ളതു പോലെ എനിക്കും ഉള്ളതു കൊണ്ടാണ്.
എപ്പോഴാണ് ഒരു വിശുദ്ധന് അല്ലെങ്കില്‍ വിശുദ്ധ സമൂഹത്തില്‍ ജന്മമെടുക്കുന്നത്?
യഥാര്‍ത്ഥത്തില്‍ തിരുസഭ പ്രഖ്യാപിക്കുമ്പോഴല്ല ഒരു വിശുദ്ധനും വിശുദ്ധയും ഉണ്ടാകുന്നത്. ഓരോ വ്യക്തിയും വിശുദ്ധ പ്രവര്‍ത്തികള്‍ ചെയ്തു തുടങ്ങുമ്പോള്‍ തന്നെ അവര്‍ വിശുദ്ധരാകുന്നു മറിച്ചും. എന്നാല്‍, മനുഷ്യകുലത്തിനൊന്നടങ്കം പ്രചോദനത്തിനായി ഇത്തരത്തില്‍ വിശുദ്ധ ജീവിതം നയിച്ചിരുന്നവരില്‍ ചിലരെ സഭയുടെ ഔദ്യാഗിക മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഇതിന്റെ ലക്ഷ്യം എല്ലാവര്ക്കും ഇവരെ തെറ്റുകൂടാതെ തിരിച്ചറിയാനും മാതൃകയാക്കാനും വേണ്ടിയാണ്. അതായത് തിരുസ്സഭ പ്രഖ്യാപിച്ചവര്‍ മാത്രമല്ല വിശുദ്ധരെന്ന് ചുരുക്കം. നമ്മുടെയൊക്ക മരിച്ചുപോയ മാതാപിതാക്കളും, സഹോദരിസഹോദരന്മാരും, ബന്ധുമിത്രാദികളും ഉള്‍പെട്ട പലരും ഒരുപക്ഷെ ഈ ഗണത്തില്‍ പെടുന്നവരായിരിക്കാം. അതോടൊപ്പം ജീവിച്ചിരിക്കുന്ന വിദേശത്തും സ്വദേശത്തുമായി ചോര നീരാക്കി കുടുംബം പോറ്റുന്ന നിങ്ങളില്‍ പലരും ഈ ഗണത്തില്‍ ചേര്‍ക്കപെട്ടവര്‍ ആയിരിക്കാം, ഇത് ഒരു ഭംഗിവാക്കല്ല. അപരനിലെ വിശുദ്ധിയെ തിരിച്ചറിയുന്നവന് ആണ് യതാര്‍ത്ഥമായ ആദ്ധ്യാത്മികതയുള്ളവന്. ഇപ്രകാരം ക്രിസ്തു വിഭാവന ചെയ്ത ഒറ്റികൊടുക്കലുകളില്ലാത്ത, യതാര്‍ത്ഥ ആദ്ധ്യാത്മികതയില്‍ നിന്നുളവകുന്ന, വിശുദ്ധിയുടെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളായി വിശ്വമാനവികതയിലേക്ക് നമുക്കുയരാം.
19 comments:
ഈ വിഷയത്തെ സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഏവര്‍ക്കും സ്വാഗതം.
സുവിശേഷങ്ങളെ കുറിച്ച് മറ്റൊരു ബ്ലോഗില്‍ വിശദമായും ക്രമത്തിലും എഴുതണം എന്ന് ആഗ്രഹിക്കുന്നതു കൊണ്ട് 'യൂദാസിന്റെ സുവിശേഷത്തെ' കുറിച്ചുള്ള മറ്റ് വിശദീകരണങ്ങള്‍ ഇവിടെ ചേര്‍ത്തിട്ടില്ല.
http://kappilan-entesamrajyam.blogspot.com/2008/02/blog-post_05.html
ഇതാ.ഇത് കൂടി കാണുക ..ഇതിനുള്ള മറുപടി പറയുക
സ്നേഹത്തോടെ
കാപ്പിലാന്
:)
പ്രിയ കാപ്പിലാന്,
ഇതില്‍ കൂടുതല്‍ വ്യക്തമാക്കാന്‍ എന്റെ പരിമിതമായ അറിവും ഭാഷയും അനുവദിക്കുന്നില്ല. മറ്റാര്‍ക്കെങ്കിലും ഇതിന് മറുപടി നല്കാന് കഴിയുമെങ്കില്‍ സ്വാഗതം.
എങ്കിലും ഒരു അവസാന ശ്രമം കൂടി: ‘യുഗങ്ങള്‍ക്ക് മുന്‍പെ ദൈവം യൂദാസിനെ കണ്ടിരുന്നു’ എന്നത് സൂചിപ്പിക്കുന്നത് ദൈവത്തിന്റെ സര്‍വ്വഞ്ജത്വം ആണ്. പ്രവചനങ്ങള്‍ ഈ അറിവിന്റെ പങ്കുവയ്ക്കലാണ്. സ്ഥലകാല പരിമിതികളില്‍ നിന്നാണ് നാം സംസാരിക്കുന്നത്. ചിന്തിക്കുന്നതാവട്ടെ അപരിമേയനെ കുറിചും. ‘യുഗങ്ങള്‍ക്ക് മുന്‍പ്‘ എന്ന് നാം പറയുമ്പോഴും ദൈവത്തിന് യുഗങ്ങള്‍ക്ക് മുന്‍പും പിന്‍പും ഒന്നുമില്ല.
മറ്റൊന്ന്, ആത്മഹത്യ ചെയ്യാനുള്ള അവന്റെ തിരഞ്ഞെടുപ്പാണ് ഏറ്റവും വലിയ തെറ്റ്. പൊറുക്കുന്ന ദൈവത്തെ വിശ്വസിക്കാന്‍ അവനായില്ല. ജിവന്റെ അധികാരി ദൈവമാണ് അത് നിഷേധിക്കാന്‍ മനുഷ്യന് യാതൊരു അവകാശവുമില്ല. ഏതൊക്കെ സാഹചര്യത്തിലായാലും ജീവനെന്ന പരമസത്യത്തിന്നെതിരായ തെറ്റ് തെറ്റല്ലാതാവില്ല.
ഇനി ഈ തെറ്റിനും ദൈവത്തിന് കരുണ വര്‍ഷിച്ചു കൂടെ എന്ന ചോദ്യത്തിനുത്തരം ദൈവം നല്‍കും. അത് വിധിക്കാന്‍ മനുഷ്യനാരുമല്ല. ഇവിടെ ചര്‍ച്ച ചെയ്യുന്നത് ദൈവം ദാനമായി വെളിപ്പെടുത്തി തന്ന സത്യങ്ങളെ മാത്രം അടിസത്ഥാനപെടുത്തിയ ഒരു അപൂര്‍ണ്ണചിത്രം.
നല്ല വിശദീകരണം!
ഒരു മറുപടി ഈ ലേഖനത്തിനു കൊടുക്കുമോ?
http://mutiyans-1.blogspot.com/2008/04/blog-post_07.html
പ്രിയ സാജന്,
ഉത്തരങ്ങള്‍ നല്കിയാലും ഒരടിസത്ഥാന പ്രശ്നം അതിവിടെ
വ്യത്യസ്ഥ ലേഖനങ്ങളിലൂടെ സുചിപ്പിച്ചതു പോലെ ബുദ്ധിയും വിശ്വാസവും ഏകോപിപ്പിക്കാന്‍ ഒരുവന് കഴിയുന്നില്ലെങ്കില്‍ ഒന്നും മനസ്സിലാകില്ല. ഇത് ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിലെ സവിശേഷതകളേയാണ് ചോദ്യം ചെയ്യൂന്നത്. മനുഷ്യനെ കുറിച്ച് മാത്രമായിരുന്നെങ്കില്‍ ഒരു പരിധി വരെ (അവന് ആത്മീയന് കൂടിയാണ്) യുക്തി മാത്രം മതിയായിരുന്നു. എങ്കിലും ക്രെസ്തവവിശ്വാസം വളരെ യുക്തിസഹനീയമാണ്. പക്ഷെ ക്രമമായ പഠനമായിരുന്നു ഞാന്‍ ലക്ഷ്യം വച്ചിരുന്നത്. ഏതറിവും നേടിയെടുക്കാന്‍ അതാണ് നല്ലത് . ഒരുപാട് വിഷയങ്ങള്‍ കൂടികലര്ത്തുന്നതിനര്ത്ഥം ചോദിക്കുന്ന ആളിനും അറിയില്ല താന്‍ എന്താണ് ചോദിക്കുന്നതെന്നും ഉത്തരം പറയേണ്ട ആളിനും മനസ്സിലാവില്ല എന്താണ് പറഞുകൊടുക്കേണ്ടതെന്നും. എങ്കിലും ഞാന്‍ ശ്രമിക്കാം.
ഈ ബെറാബസ് പറയുന്ന അത്ര ഭീകരന് ആണോ?
ബെന്യാമിന് ഗോത്രത്തിലെ ഒരു വിപ്ലവകാരിയായ പോരാളി മാത്രമായിരുന്നു പുള്ളി എന്ന് പറയുന്നത് ശരിയാണോ?
(വെറുതെ ഒരു ജനത മുഴുവന്‍ ബെറാബസിനെ തിരികെ തരൂ എന്ന് മുദ്രാവാക്യം മുഴക്കുമോ?)
അവിടെ തടിച്ചു കൂടിയ ബെന്യാമീനര് തന്നെയല്ലേ ബെറാബസിനെ തിരികെ ചോദിച്ചത്?
(അതോ “son of the father“ എന്ന് പേരുള്ള ഒരു പൌണ്ഡ്രകന്‍ മാത്രമായിരുന്നോ ബെറാബസ്)
കോണ്‍സ്റ്റൈന്റൈന്‍ എന്ത് പറയുന്നു?
യൂദാസിനെ ആഴത്തിലറിയുമ്പോള്,
സാമാന്യജനത്തിന് ആ പേര്
എന്താണോ സൂചിപ്പിയ്ക്കുന്നതു,
അതിനൊക്കെയൊരു പുനറ്വിചാരം വേണ്ടിവരും,അല്ലെ?
ഭൂമിപുത്രി,
പച്ചമനുഷ്യന്റെ ഒരു പാളി...
അറിവുകള്‍ പാഠങ്ങള്‍ ആകുന്നവര്‍ക്ക് യൂദാസും ഒരു മുന്നറിയിപ്പ്.
സഞ്ചാരിയോടൊരു ചോദ്യം
യൂദാസ്യേശുവിനെ ഒറ്റിക്കൊടുത്തു എന്നാണു സുവിശേഷം പഠിപ്പിക്കുന്നത്. ഒറ്റിക്കൊടുക്കുക എന്നാല്‍ ഒളിച്ചിരിക്കുന്ന ഒരാളെ കാണിച്ചുകൊടുക്കുക എന്നതാണു. യേശു ഒളിച്ചിരിക്കുകയായിരുനു എന്നു സുവിശേഷം ഒരിടത്തും പറയുന്നില്ല. യേശു മൂന്നു വറ്ഷക്കാലം പരസ്യമയി സുവിശേഷം പ്രസംഗിച്ചുനടന്നു. അത്ഭുതപ്രവര്‍ത്തികള്‍ ചെയ്തു. അധികാരികളുടെ കണ്ണിലെ കരടായി വര്‍ത്തിച്ചു. വളരെയധികം ആള്ക്കാര് യേശുവിനെ പിന്തുടര്ന്നിരുന്നു. ജറുസലേമിലെ ജനങ്ങള്‍ ആര്‍പ്പുവിളികളോടെ യേശുവിനെ എതിരേറ്റത് അധികാരികളുടെ മുന്പില് പരസ്യമായിട്ടായിരുന്നു. യേശുവിനു ഒളിച്ചോടാന്‍ എന്തെങ്കിലും പദ്ധതിയുണ്ടായിരുന്നതായി സുവിശേഷം എങ്ങും പറയുന്നില്ല. ഒളിച്ചോടി പോകുമെന്നു ആരും കരുതിയിരുന്നുമില്ല. പിന്നെ ഒറ്റിക്കൊടുക്കേണ്ട ആവശ്യമോ രാത്രിയില്‍ തന്നെ പിടിച്ചുകൊണ്ട് പോകേണ്ട ആവശ്യമോ ഇല്ലായിരുന്നു. സത്യങ്ങള്‍ ഇതായിരിക്കേ യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തു എന്നു പറയുന്നതിലെ യുക്തി എനിക്ക് ഒട്ടും തന്നെ പിടി കിട്ടുന്നില്ല.
ഞാന്‍ ഉന്നയിച്ച സംശയത്തിണ്റ്റെ ദൈശാസ്ത്ര പശ്ച്ചാത്തലം ഒന്നു വിശദീകരിക്കാമോ?
a close effort is here...
http://yasj.blogspot.com/2007/04/happy-good-friday.html
പ്രിയ പൗലോസ്,
താങ്കളുടെ ചോദ്യത്തില്‍ തന്നെ ഉത്തരങ്ങളുണ്ട്.
യൂദാസ് യേശുവിനെ ഒറ്റികൊടുത്തു എന്നതിന് സുവിശേഷം തന്നെയാണ് യുക്തിസഹമായ തെളിവുകള്‍ നല്‍കുന്നത്. യേശുവും സ്വശിഷ്യന്റെ ഒറ്റിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്(മര്‍ക്കോസ് 14:18). ഒറ്റികൊടുക്കുക എന്ന പദത്തിന് അര്‍ത്ഥം ലഭിക്കാന്‍ ഒറ്റികൊടുക്കുന്ന വ്യക്തി ഒളിച്ചിരിക്കുന്നവനാകണം എന്ന് നിര്‍ബന്ധമില്ല, മറ്റ് പല സാഹചര്യങ്ങളിലൂടേയും ഒരുവന് ഒറ്റുകാരനാകാം. ഒറ്റികൊടുക്കുന്നവന്റെ മനോഭാവമാണ് അവനെ ഒറ്റുകാരനാക്കുന്നത്. സ്വന്തം ഗുരുവിനെ 30 വെള്ളികാശിന് വിലപേശി അവന്റെ ശത്രുക്കളുമായി രഹസ്യധാരണയിലേര്‍പ്പെട്ട് സൗകര്യപ്രദമായ ഒരു സ്ഥലവും സമയവും തേടിയിരുന്നവനെ(മത്തായി 26:14-16) ഒറ്റുകാരന് എന്നല്ലാതെ എന്തുവിളിക്കാന്‍? വേണമെങ്കില്‍ മൂലപദത്തിന്റെ പര്യായമനുസരിച്ച് 'ചൂണ്ടികാണിക്കുന്നവന്‍' എന്നും പറയാം, പക്ഷെ അത് യാതാര്ത്ഥ്യത്തിന് നിരക്കുന്നതല്ല.
യേശു എല്ലാസമയവും വളരെ പരസ്യമായാണ് നടന്നതെന്ന താങ്കളുടെ വാദം ശരിയല്ല. "അന്നുമുതല്‍ അവനെ വധിക്കാന്‍ അവര്‍ അലോചിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയില്‍ പരസ്യമായി സഞ്ചരിച്ചിട്ടില്ല... അവന് എവിടെയാണെന്ന് ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍, അവനെ ബന്ധിക്കേണ്ടതിന് തങ്ങളെ അറിയിക്കണമെന്നു പുരോഹിതപ്രമുഖന്മാരും ഫരിസേയരും കല്‍പ്പന കൊടുത്തിരുന്നു" (യോഹ. 11:53-57). മറ്റ്ചില സന്ദര്‍ഭങ്ങളിലും വിദഗ്ദമായി 'മുങ്ങുന്ന' യേശുവിനെ സുവിശേഷങ്ങളില്‍ കാണാന്‍ കഴിയും (ഭയം നിമിത്തമല്ല, മറിച്ച് സമയത്തിന്റെ പൂര്ത്തികരണത്തിനായിട്ടായിരുന്നു). നിയമപരമായി സ്വന്തശിഷ്യന് ഗുരുവിനെ ചൂണ്ടികാണിക്കുമ്പോള്‍ അത്തരമൊരു സാക്ഷ്യത്തിന് കുടുതല്‍ സാധുത കല്പ്പിക്കപ്പെടുകയും ചെയ്യുമായിരിക്കും. യഹൂദര്‍ എന്തുകൊണ്ട് രാത്രിസമയം തിരഞ്ഞെടുത്തു എന്നതിനുത്തരം "യേശുവിനെ ചതിവില്‍ പിടികൂടി വധിക്കേണ്ടത് എങ്ങനെയെന്ന് പ്രധാനപുരോഹിതന്മാരും നിയമജ്ഞരും ആലോചിച്ചു കൊണ്ടിരുന്നു. അവര്‍ പറഞ്ഞു: തിരുനാളില്‍ വേണ്ടാ; ജനം ബഹളം ഉണ്ടാക്കും" (മര്‍ക്കോസ് 14:1-2). അതായത്, യേശുവിനുള്ള ജനപ്രീതി അവര്‍ ഭയപ്പെട്ടിരുന്നു. തങ്ങളുടെ പദ്ധതികള്‍ ജനത്തിന്റെ ഭാഗത്തുനിന്ന് ഒരു ചെറുത്തുനില്‍പ്പുണ്ടായാല്‍ പൊളിയുമെന്നും ജനവിരോധം തങ്ങള്‍ക്കുനേരെ തിരിയുമെന്നും അവര്‍ക്കറിയാമായിരുന്നു. അതോടൊപ്പം അവരുടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇവയൊന്നും മങ്ങല്‍ എല്‍പ്പിക്കരുതെന്നും അവര്‍ അഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് രാത്രി തന്നെ യേശുവിനെ ബന്ധിച്ച് വിചാരണക്കായി പീലാത്തോസിന്റെ അരമനയിലെത്തിക്കുന്നത്.
യൂദാസിന്റെ ഉദ്ദേശശുദ്ധിയാണ് യൂദാസിനെ ഒറ്റുകാരനായി കാണുന്നതിനുള്ള എന്റെ യുക്തി. മറിച്ച്, അവന് ഗുരുവിനെ അഭിമാനത്തോടെ അവര്‍ക്ക് പരിചയപ്പെടുത്തുകായിരുന്നുവങ്കില് അവന് ഒറ്റുകാരന് ആവില്ലായിരുന്നു.
ഡിയര്‍ ഫാദര്‍,
ഒരു ശരാശരി കത്തോലിക്ക പുരോഹിതന്റെ ആത്മീയ ജ്ഞാനത്തിന്റെ വളരെ വളരെ അപ്പുറത്താണ് ഈ ലേഖനം!
ഇതു വായിച്ചു വളരെ വളരെ സന്തോഷിക്കുന്ന ഒരു കൃസ്ത്യാനി!
പ്രിയപ്പെട്ട സഞ്ചാരീ,
മനുഷ്യകുലത്തിന്റെ പാപവിമോചനത്തിനായി ദൈവപുത്രനായ യേശു കുരിശുമരണം വരിക്കുകയെന്നത് പൂർവ്വനിശ്ചിതമായ ഒരു ദൈവപദ്ധതിയല്ലേ? ആ പദ്ധതിയുടെ സാക്ഷാത്ക്കാരത്തിനായി യൂതാസല്ലെങ്കിൽ മറ്റാരേയെങ്കിലും ആ റോൾ ദൈവം ഏൽപ്പിച്ചേ മതിയാകൂ. അപ്പോൾ യൂതാസിന്റെ, നന്മയിലോ തിന്മയിലോ അധിഷ്ഠിതമായ പ്രവൃത്തിക്കുള്ള സ്വാതന്ത്ര്യവും ഇഛ്ചയും അയാൾക്ക് സ്വന്തമല്ല. ആ പ്രവൃത്തിക്കുള്ള ഇഛ്ച ദൈവനിശ്ചിതമാണുതാനും. യൂതാസിന്റെ പ്രവൃത്തി ത്രികാലജ്ഞാനിയായ ദൈവം അറിയുന്നു എന്ന് മാത്രമല്ല ആ പ്രവർത്തിയുണ്ടായാൽ മാത്രമേ ദൈവപദ്ധതി വിജയത്തിലെത്തിക്കാനും കഴിയൂ. അത് ദൈവം ചെയ്യിക്കുന്നതും ആവശ്യപ്പെടുന്നതും കൂടിയാണ്. മറിച്ച് താങ്കൾ പറയുന്നത് പോലെയാണെങ്കിൽ പ്രാർത്ഥിക്കുന്ന ഒരാളുടെ മനസ്സിൽ നന്മയുള്ള ചിന്തകൾ ഉളവാക്കാനും നല്ല കർമ്മം ചെയ്യിക്കാനും ദൈവത്തിനെങ്ങിനെ കഴിയും, കാരണം അയാളുടെ ചിന്തയുടെയും പ്രവർത്തിയുടെയും പൂർണ്ണ ഉത്തരവാദി അയാൾ മാത്രമാണല്ലോ ? അപ്പോൾ പ്രാർത്ഥന വ്യർത്ഥമല്ലേ ? അപ്പോൾ ദൈവപുത്രനായ യേശുവിനെ അനുഗമിച്ച് കഴിഞ്ഞ യൂതാസ്സിനെ നല്ലവാനാക്കാൻ മിനക്കെടാഞ്ഞ ദൈവം തന്നെ കുറ്റവാളി . ദൈവം ഉള്ളയാളാണെങ്കിൽ കുറ്റവാളിയാകില്ല. ഇത് മനുഷ്യന്റെ സൃഷ്ടി തന്നെ !!പിന്നെ മട്ടുള്ളവരുടെ പാപപരിഹാരാർത്ഥം യേശു കുരിശ്ശിലേറിയതുകൊണ്ട് യേശുവിനു മുൻപും ശേഷവും പാപികൾ ഇല്ലാതായിക്കഴിഞ്ഞില്ലേ?
ചുരുക്കത്തില്‍, ലോകത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് മനുഷ്യന് ഉത്തരവാദിയല്ല! എല്ലം ദൈവികപദ്ധതി, അഥവാ ദൈവത്തിന്റെ കഴിവുകേട് എന്നാണ് 'നിസ്സഹായന്' പറഞ്ഞത്. ഒന്നോര്‍ക്കുക, ലോകത്തിലെ എല്ലാ യുദ്ധങ്ങളും, ഇന്ന് നടക്കുന്നതടക്കം, മനുഷ്യമനസ്സില്‍ നിന്നാണ് പൊട്ടിപുറപ്പെട്ടത്... ദൈവമല്ല ഇവക്കൊന്നും കാരണക്കാരന്‍.
ക്രൈസ്തവദര്ശനമനുസരിച്ച് ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കില്ല. മനുഷ്യരക്ഷയ്ക്കായി തിന്മയുമായി സഖ്യത്തിലേര്‍പ്പെടുന്ന ദൈവം നമ്മുടെ ഭാവനാസൃഷ്ടിയാണ്. യൂദാസ്സിന്റെ പ്രവൃത്തി നന്മക്കുവേണ്ടിയായിരുന്നു, ദൈവിക പദ്ധതിയായിരുന്നു എന്ന വാദം പാളുന്നതിവിടെയാണ്. മനുഷ്യതിന്മയാല് സംഭവിച്ചു കഴിഞ്ഞ ഒരു കാര്യത്തെ ദൈവികപദ്ധതി അഥവാ വിധി എന്ന് പറഞ്ഞ് ന്യായീകരിക്കരുത്. ദൈവത്തിന്റെ രക്ഷാകരപദ്ധതി ഇപ്രകാരം തന്നെയായിരുന്നു നടപ്പിലാകേണ്ടിയിരുന്നത് എന്ന് അവകാശപ്പെടുന്നതിലാണ് തെറ്റ്. ക്രിസ്തുവിന്റെ ആത്മബലിയാണ് മനുഷ്യകുലത്തെ രക്ഷിച്ചത്, അല്ലാതെ യൂദാസ്സിന്റെ ഒറ്റികൊടുക്കലല്ല.
പ്രാര്‍ത്ഥന മനുഷ്യനേയാണ് മാറ്റുന്നത് അല്ലാതെ ദൈവത്തിന്റെ മനസ്സല്ല മാറ്റുന്നത്. നിന്നില്‍ മാറ്റം സംഭവിക്കണമെങ്കില്‍ നീ പ്രാര്‍ത്ഥിക്കണം, തദ്ഫലമായി നീ നന്മപ്രവൃത്തികള് ചെയ്യും, മറിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം നിന്റെ കൈപിടിച്ച് ദൈവത്തിനിഷ്ടമുള്ളത് ചെയ്യിക്കുകയണെന്ന് കരുതരുത്.
യേശുവിന് മുന്‍പും ശേഷവുമുള്ള 'പാപപരിഹാരമാര്ഗ്ഗമാണ്' യേശുവിന്റെ കുരിശുമരണം. യേശുവില്‍ വിശ്വസിക്കുകയും അതിനനുസൃതമായി ജീവിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്ക് മാത്രമാണ് ഈ പാപമോചനത്തിന്റെ ഫലം വ്യക്തിപരമായി ലഭിക്കുക. വിശുദ്ധബലി ഇന്ന് ആവര്‍ത്തിക്കപ്പെടുന്നതിന്റെ കാരണവും ഈ 'വിശ്വാസമാര്‍ഗ്ഗം' ലോകാവസാനം വരെ തുടരുന്നതിനാണ്. യേശുവിന് മുന്പുണ്ടായിരുന്നവര്ക്കും ഇത് ബാധകാമാണ്, അവര്‍ ദൈവിക വാഗ്ദാനങ്ങളില്‍ വിശ്വസിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ യേശുവിന്റെ കുരിശുമരണത്തിലൂടെ അവരുടെ പാപങ്ങളും മോചിക്കപ്പെട്ടിരിക്കുന്നു. യേശുവിന്റെ കുരിശുമരണത്തിലൂടെ മനുഷ്യകുലത്തിന് ദാനമായി ലഭിക്കുന്ന പാപമോചനം വ്യക്തിപരമായി നേടേണ്ടത്ത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതും ഇനി ദൈവത്തിന്റെ തലയില്‍ കെട്ടിവയ്ക്കാനാവില്ല. മാര്‍ഗ്ഗങ്ങള്‍ കാണിച്ചുതരുന്നവന് ദൈവം, അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് എന്നുമുണ്ടാവും.
ഞാന്‍ ചോദിച്ച ചോദ്യത്തില്‍നിന്നും താങ്കള്‍ വിദഗ്ദ്ധമായി ഒഴിഞ്ഞു മാറിയിരിക്കുന്നു. ഞാന്‍ പറയാത്ത കാര്യം പറഞ്ഞുമിരിക്കുന്നു.
യേശുവിന്റെ കുരിശുമരണം ഒരു ദൈവപദ്ധതിയായിരുന്നു, മനുഷ്യരാശിയെ രക്ഷിക്കാന്‍.
ആ ദൈവപദ്ധതിയുടെ ആദ്യാവസാനങ്ങള്‍ എങ്ങനെയായിരിയ്ക്കുമെന്ന് ത്രികാലജ്ഞാനിയ്ക്ക് അറിയാമായിരുന്നു എന്ന് സാരം. പദ്ധതിയുടെ സാങ്കേതികത്തികവില്‍ ഒരു റോള്‍ യൂദാസിനുണ്ടായിരുന്നു. അയാളല്ലെങ്കില്‍ മറ്റാരെങ്കിലും, അതേ രീതിയിലല്ലെങ്കില്‍ മറ്റോരു രീതിയില്‍ (ഒറ്റുകൊടുക്കാതെ മറ്റേതെങ്കിലും രീതി- ഇതൊന്നും ദൈവ നിശ്ചിതമല്ലെന്നാണോ ഇപ്പോള്‍ പറഞ്ഞു വരുന്നത് ?) പദ്ധതിയുടെ ഭാഗമാകുകയോ ആകാതെയൊ തന്നെ പദ്ധതി ദൈവം നടപ്പാക്കുമായിരുന്നു. ഏതായാലും യൂദാസ് ഒരു നിരീശ്വരവാദിയായിരുന്നില്ല. അവന് ദൈവത്തിലും യേശുവിലും വിശ്വസിച്ചു. വിശ്വാസിയായ, പ്രാര്‍ത്ഥിക്കുന്ന ഒരുവന്റെ മനസ്സിനെ നേര്‍വഴിക്ക് നയിക്കാന്‍, അതായത് യൂദാസിനെ, ‘ഒറ്റുകൊടുക്കല്‍ ’ എന്ന നീചപ്രവൃത്തി ചെയ്യാതിരിക്കാനുള്ള, നന്മയുള്ള മനസ്സിന് ഉടമയാക്കാന്‍ ദൈവത്തിന് കഴിയുന്നില്ല.
“പ്രാര്‍ത്ഥന മനുഷ്യനേയാണ് മാറ്റുന്നത് അല്ലാതെ ദൈവത്തിന്റെ മനസ്സല്ല മാറ്റുന്നത് ” താങ്കളുടെ ഉദ്ധരണിയോട് യോജിക്കുകയാണ് ഞാനും. ദൈവത്തിന്റെ മനസ്സാണ് പ്രാര്‍ത്ഥനകൊണ്ട് മാറുന്നതെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ദൈവത്തില്‍ വിശ്വസിക്കുന്ന ദുഷ്ടന്റെ മനസ്സ് ദൈവം നമയുള്ളതാക്കി മാറ്റണം. എന്നാല്‍ യൂദാസ്സിനെ ദൈവം കൈയ്യൊഴിയുന്നു. അയാളുടെ പണത്തിനു വേണ്ടിയുള്ള ചാഞ്ചല്യം ഇല്ലാതാക്കാനും ആശയകുഴപ്പം ഒഴിവാക്കാനും ആ ദൈവഭക്തന്റെ മനസ്സിനെ സഹായിക്കാനും ദൈവത്തിന് കഴിയുന്നില്ല. ചുരുക്കത്തില്‍ യൂദാസ്സിന്റെ റോള്‍ ദൈവേശ്ചയായിരുന്നു. അപ്പോള്‍ പ്രാര്‍ത്ഥന യാതൊന്നും മാറ്റിമറിക്കുന്നില്ല എന്ന് വ്യക്തം. ഇപ്പോഴും ഇത് ശരിയാണെന്ന് തെളിയിക്കാനാകും. ദൈവത്തിന് മധ്യസ്ഥരായി നിന്ന്, വിശ്വാസികള്‍ക്ക് വേണ്ടി പുരോഹിതര്‍ ദൈവികകര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അതുകൊണ്ട് വിശ്വാസികള്‍ക്ക് കാര്യസാധ്യം നടന്നു എന്ന് അവകാശപ്പെടുമ്പോള്‍, അതേ പുരോഹതര്‍ സ്ത്രീപീഢനം ഉള്‍പെടെയുള്ള സര്വ്വതിന്മകളിലും ലോകത്തെല്ലായിടത്തും പതിക്കുന്നു. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എവിടെ പുരോഹിതരിലെ ദൈവികത ? യേശുവിന് ശേഷമുണ്ടായ സഭകളുടെ പ്രപഞ്ചസങ്കല്പവും പാടെ തെറ്റായിരുന്നു. തെറ്റായ പ്രപഞ്ചവീക്ഷണം ദൈവം തന്നതാണോ, സഭയെ ഭാവിയില്‍ നാണം കെടുത്താന്‍ ! പ്രപഞ്ച സത്യം പറഞ്ഞവരെ സഭ പീഢിപ്പിച്ച് കൊന്നു. ലോകത്താകമാനം കുരിശുയുദ്ധത്തിലൂടെയും ഇന്ക്യുസിഷനിലൂടെയും രക്തപ്പുഴകള്‍ ഒഴുക്കിയപ്പോള്‍ ദൈവസ്പര്ശമുള്ള പൌരൊഹിത്യത്തെ ദൈവമെന്തേ നേര്‍വഴിക്ക് നയിച്ചില്ല?!! പിന്നീട് മാര്‍പ്പാപ്പമാര്‍ മാപ്പ് പറയല്‍ യജ്ഞം തുടങ്ങിയില്ലേ ?ദൈവവും പൌരോഹിത്യവുമെല്ലാം തട്ടിപ്പല്ലാതെ മറ്റെന്താണ് സഞ്ചാരി ഫാദറെ? താങ്കളുടെ ഒഴിഞ്ഞുമാറ്റം മറ്റുള്ളവര്‍ മനസ്സിലാക്കട്ടെ !
പ്രിയ നിസ്സഹായന്,
ഞാന്‍ ഒഴിഞ്ഞുമാറി എന്ന് താങ്കള്‍ ആരോപിക്കുന്ന താങ്കളുടെ ചോദ്യം ഏതാണ്?
താങ്കള്‍ പറയാത്ത ഏതുകാര്യമാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്?
ദൈവം ഉണ്ടൊ ഇല്ലയൊ എന്നതാണ് താങ്കള്‍ ചര്‍ച്ച ചെയ്യാനാഗ്രഹിച്ചതെങ്കില് ഈ കുറിപ്പിന്റെ ചര്‍ച്ചാവിഷയം അതല്ലായിരുന്നു എന്നോര്‍മിപ്പിക്കട്ടെ.
താങ്കളുടെ ചോദ്യത്തിന്റെ അടിസ്ഥാനമായിരുന്ന ദൈവികപദ്ധതി, ത്രികാലജ്ഞാനം, പൂര്‍വ്വനിശ്ചിതം തുടങ്ങിയവയെല്ലാം ഞാന്‍ കുറിപ്പില്‍ വ്യക്തമായി വിവരിച്ചിരുന്നതാണ്. ["യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കും എന്ന് യേശുവിനും പിതാവായ ദൈവത്തിനും അറിയാമായിരുന്നു, അതങ്ങനെയാണ് സംഭവിച്ചതും. പക്ഷെ ഈ അറിവും, 'ദൈവേഷ്ടം നിറവേറ്റാനായിരുന്നു യൂദാസിന്റെ പ്രവൃത്തി' എന്ന ആരോപണവും പരസ്പരവിരുദ്ധങ്ങളാണ്. ദൈവത്തിന് എല്ലാം അറിയാം, സ്ഥലകാലപരിമിതികളെ അതിലംഘിക്കുന്നതാണ് ഈ അറിവ്. ഭൂതവും വര്‍ത്തമാനവും ഭാവിയും അവിടുന്നറിയുന്നുണ്ട്, ഇതിനെയാണ് ദൈവത്തിന്റെ സര്‍വ്വഞ്ജത്വം (Omniscience) എന്ന് പറയുന്നത്. പക്ഷെ ദൈവത്തിന്റെ ഈ 'തിരിച്ചറിവിനെ' നമ്മള് സാധാരണഭാഷയില്‍ ഉപയോഗിക്കുന്ന വിധിയുമായി (predestination, ഉദ: 'അവന്റെ വിധിയാണ് അത്') താരതമ്യപ്പെടുത്തരുത്. ദൈവത്തിന് ആരെക്കുറിച്ചും മുന്‍വിധികളില്ല, മനുഷ്യജീവിതം മുന്‍കൂട്ടി ക്രമീകരിച്ചു വച്ച ഒരു മെക്കാനിക്കല്‍ വാച്ച് പോലെയുമല്ല. അവന് എപ്പോഴും സ്വതന്ത്രനാണ്, അത് ദൈവികദാനമാണ്. പക്ഷെ ഈ സ്വാതന്ത്ര്യത്താല്‍ മനുഷ്യന് എന്തു ചെയ്യുമെന്ന് ദൈവത്തിന് അറിയാം. അത് മനുഷ്യയുക്തിക്കതീതമായ ദൈവികജ്ഞാനത്തിന്റെ സ്വഭാവമാണ്. പക്ഷെ ഈ അറിവുണ്ടായിട്ടും ദൈവം തിന്മപ്രവൃത്തികളില്‍ നിന്നും അവനെ തടയുന്നില്ല. അത് അവിടുത്തേക്ക് ഇഷ്ടമുണ്ടായിട്ടല്ല (തിന്മ ആഗ്രഹിക്കുന്ന ഒരു ദൈവമൊ!) മറിച്ച് മനുഷ്യോത്പ്പത്തി മുതല്‍ യുഗാന്ത്യം വരെ അവന്റെ സ്വാതന്ത്ര്യത്തെ വിലമതിക്കുന്ന ഒരു ദൈവം ആയതുകൊണ്ടാണ്. അത് ദൈവത്തിന്റെ ബലഹീനതയല്ല മറിച്ച് അതാണ് അവിടുത്തെ മഹത്വം."] ഇത് താങ്കള്‍ക്ക് മനസ്സിലായില്ല എന്ന ധാരണയിലാണ് മറ്റ് വാക്കുകളില്‍ ഒരിക്കല്‍ക്കുടി അവ ഞാന്‍ വിശദീകരിക്കാന്‍ പരിശ്രമിച്ചത്. അതിനേയാണൊ ഒഴിഞ്ഞുമാറല്‍ എന്ന് വിശേഷിപ്പിച്ചത്!
"...അത് ദൈവം ചെയ്യിക്കുന്നതും ആവശ്യപ്പെടുന്നതും കൂടിയാണ്. മറിച്ച് താങ്കൾ പറയുന്നത് പോലെയാണെങ്കിൽ പ്രാർത്ഥിക്കുന്ന ഒരാളുടെ മനസ്സിൽ നന്മയുള്ള ചിന്തകൾ ഉളവാക്കാനും നല്ല കർമ്മം ചെയ്യിക്കാനും ദൈവത്തിനെങ്ങിനെ കഴിയും, കാരണം അയാളുടെ ചിന്തയുടെയും പ്രവർത്തിയുടെയും പൂർണ്ണ ഉത്തരവാദി അയാൾ മാത്രമാണല്ലോ ? അപ്പോൾ പ്രാർത്ഥന വ്യർത്ഥമല്ലേ ?" ഇത് താങ്കള്‍ പറഞ്ഞത്; അതിനുള്ള ഉത്തരമായിട്ടാണ് പ്രാര്‍ത്ഥന വ്യര്‍ത്ഥമല്ല എന്നും ദൈവം മനുഷ്യരെ കൊണ്ട് ഒരോന്ന് ചെയ്യിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥന മനുഷ്യമനസ്സിന്റെ മാറ്റത്തിന് കാരണാമാകും എന്നും വിശദീകരിച്ചത്.
താങ്കളുടെ പുതിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും ഞാന്‍ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നല്ലോ സുഹൃത്തെ?
"സാധ്യതകളുടെ മുന്നറിയിപ്പ്... യൂദാസിന്റെ പാപം എല്ലാ മനുഷ്യര്‍ക്കും പ്രത്യേകിച്ച് അധികാരികള്‍ക്ക് ഒരു മുന്നറിയിപ്പാണ്..." അതായത് പുരോഹിതരടക്കം... അങ്ങനെ ധാരാളം യൂദാസ്സുമാര് സഭയില്‍ ഉണ്ടായിട്ടുണ്ട്, മാര്‍പ്പാപ്പമാര്‍ ഉള്‍പ്പെടെ, ഇന്നും ഉണ്ട്, നാളെയും ഉണ്ടാവും. അത് സഭയുടെ മാനുഷികവശം. അല്ലാതെ സഭാംഗങ്ങളെല്ലാം വിശുദ്ദാത്മാക്കളാണെന്ന് താങ്കളെ ആരെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ ചോദ്യം അവരോടാകാം. പ്രപഞ്ചവീക്ഷണവും വെളിപാടും എല്ലാം ഒറ്റയടിക്ക് വിശകലനം ചെയ്യണമെങ്കില്‍ ഒരുപാട് താളുകള്‍ ഞാനിനിയും എഴുതേണ്ടി വരും... ബൈബിളിലെ വെളിപ്പെടുത്തലുകള്‍ എങ്ങനെ മനസ്സിലാക്കാം എന്ന് ചെറുതായി ഞാനിവിടെ കുറിച്ചിട്ടുണ്ട്- [www.swargheeyam.blogspot.com] അറിയണമെന്നുണ്ടെങ്കില്‍ വായിക്കുക, തര്‍ക്കിക്കാന്‍ ഞാനില്ല.
ദൈവത്തിന്റെ വെളിപ്പെടുത്തലുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം കാലക്രമേണ ഉള്കൊണ്ടുകൊണ്ടിരിക്കുന്ന ഒരു 'തീര്ത്ഥാടകസഭയില്' ആണ് ഞാന്‍ വിശ്വസിക്കുന്നത്. ആയതിനാല്‍ ഇന്ന് സഭയില്‍ നിലവിലുള്ള പലതും നാളെ അപ്രത്യക്ഷമായെന്ന് വരും... തെറ്റുകളും കുറവുകളും തിരിച്ചറിയുമ്പോള്‍ മാപ്പും ചോദിക്കും. അല്ലാതെ സാദാരണമനുഷ്യരില് നിന്ന് വ്യത്യസ്തമായി ദൈവം സൃഷ്ടിച്ച യന്ത്രമനുഷ്യന്മാരൊന്നുമല്ല പുരോഹിതരടക്കമുള്ള സഭാവിശ്വാസികള്‍.
ദൈവവും പൗരോഹിത്യവും ഒന്നും തട്ടിപ്പല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് പരസ്യമായി ഞാന്‍ വിളിച്ചുപറയുകയും ചെയ്യുന്നുണ്ട്. അതാണല്ലോ നമ്മള് തമ്മിലുള്ള വ്യത്യാസം, പിന്നെ ഞാന്‍ എവിടേക്ക് ഒഴിഞ്ഞുമാറണം?
https://sagustories.wordpress.com/2017/04/15/%e0%b4%af%e0%b5%82%e0%b4%a6%e0%b4%be%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9a%e0%b4%b0%e0%b4%ae%e0%b4%95%e0%b5%81%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d/
kyrie 9
off white hoodie
yeezy 500
alexander mcqueen outlet
goyard
off white clothing
palm angels
golden goose sale
supreme
air jordan
Post a Comment