11/3/08

ഒരു പുരോഹിതന്റെ ഡയറിക്കുറിപ്പ്‌

ഇന്ന് ഞാനൊരു പുരോഹിതനാണ്‌, ഒരു കത്തോലിക്കാ പുരോഹിതന്‍. കഴിഞ്ഞ സെപ്റ്റമ്പര്‍ 10ന്‌ പാലക്കാട്‌ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ മനത്തോടത്ത്‌ പിതാവില്‍ നിന്ന് തിരുപ്പട്ടം സ്വീകരിച്ച്‌ പുരോഹിത ശുശ്രൂഷയിലേക്ക്‌ ചേര്‍ക്കപ്പെട്ടവന്‍. പിന്നിട്ട ദൈവവിളിയുടെ വഴിത്താരകള്‍ പങ്കുവെയ്ക്കാന്‍ ശ്രമിക്കുകയാണിവിടെ. വിശുദ്ധ ബൈബിളില്‍ ഇപ്രകാരം വായിച്ചിട്ടുണ്ട്‌; "അമ്മയുടെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു..."(ജറെമിയ 1,5). അമ്മയുടെ ഉദരത്തില്‍ ഉരുവാകും മുന്‍പേ ദൈവമെന്നെ അറിഞ്ഞിട്ടുണ്ടാവുമെങ്കിലും അമ്മ എന്നില്‍ നിന്ന് വേര്‍പ്പെട്ടപ്പോഴാണ്‌ ഞാന്‍ ദൈവത്തിലേക്ക്‌ തിരിഞ്ഞത്‌. കാരണം ഒരു ഒന്‍പതുവയസ്സുകാരന്റെ ബുദ്ധിയില്‍ ഒതുങ്ങന്നതല്ലായിരുന്നു മരണമെന്ന ആ യാതാര്‍ത്ഥ്യം, ഇന്നും അങ്ങനെ തന്നെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, അമ്മ മരിച്ച്‌ മണ്ണടിഞ്ഞു എന്ന് പറഞ്ഞാലും എനിക്ക്‌ എന്റെ അമ്മ ജീവിച്ചിരിക്കുന്നു... പെട്ടെന്ന് ഒരു 'സുപ്രഭാതത്തില്‍' മറ്റൊരു ലോകത്തിലേക്ക്‌ അപ്രത്യക്ഷയായ അമ്മ. അവിടെ അമ്മ തനിച്ചാവാന്‍ വഴിയില്ല... എന്റെ അമ്മയുടെ അതെ നാമം പേറുന്ന, കുഞ്ഞുനാള്‍ മുതല്‍ ഞാന്‍ കൈകൂപ്പി വണങ്ങിയിരുന്ന ഈശോയുടെ അമ്മയും, ഈശോയും, പിതാവായ ദൈവവും അങ്ങനെ എനിക്ക്‌ അദൃശ്യരായ, എന്നാല്‍ ഞാന്‍ ഒരുപാട്‌ സ്നേഹിക്കുന്ന ഒത്തിരി പേരുണ്ടാവും. അതൊരു വിശ്വാസമായിരുന്നു, ബോധ്യമായിരുന്നു... ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ മരണമടഞ്ഞ സുദിനത്തില്‍ ഞാനെന്റെ കൂട്ടുകാരോട്‌ പറഞ്ഞു, സ്വര്‍ഗ്ഗത്തില്‍ വച്ച്‌ എന്റെ അമ്മയും പാപ്പയും ഒരുമിച്ച്‌ ജനനതിരുന്നാള്‍ ആഘോഷിക്കും. കാരണം, വര്‍ഷങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും ഒരേ ദിനത്തിലാണ്‌ സ്വര്‍ഗ്ഗത്തിലേക്ക്‌ അവര്‍ ജനിച്ചുവീണത്‌.

ഏകാന്തതയുടെ നിമിഷങ്ങളില്‍ ആകാശത്തിലേക്ക്‌ കണ്ണുകള്‍ ഉയര്‍ത്തി വെറുതെ സംസാരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. സ്കുളില്‍ പഠിച്ച ശാസ്ത്രസത്യങ്ങളാല്‍ ആകാശവും നക്ഷത്രങ്ങളുമൊക്കെ ബുദ്ധിയിലൊതുങ്ങിയിരുന്നെങ്കിലും ഈ സംഭാഷണം സ്ഥലകാല പരിമിതികളെ ഭേദിച്ച്‌ എവിടെയൊ മാറ്റൊലി കൊള്ളുന്നുവെന്ന ഒരു ചിന്ത ഏകാന്തത അകറ്റിയിരുന്നു. പക്ഷെ അന്നൊന്നും ഒരു വൈദികനാകണമെന്ന ആഗ്രഹം എന്നില്‍ മുളപൊട്ടിയിരുന്നില്ല. പള്ളിയിലും, പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും,അതോടനുബന്ധിച്ച മറ്റു സംഘടനാ പ്രവര്‍ത്തനങ്ങളിലും മുന്നിട്ട്‌ നിന്നിരുന്നതു കൊണ്ടാവാം ഇടവകവികാരിക്കും സിസ്റ്റേര്‍ഴ്സിനുമൊക്കെ എന്നില്‍ ഒരു വൈദികനെ സ്വപ്നം കാണാന്‍ സാധിച്ചത്‌. പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞപ്പോള്‍ വീട്ടുകാരുടെ സമ്മതത്തോടെ അവരെന്നെ ദൈവവിളി തിരിച്ചറിയുന്നതിനുള്ള ക്യാമ്പിനു പറഞ്ഞയച്ചു. ഇവിടെ വച്ചാണ്‌ ഒരാള്‍ക്ക്‌ വൈദികനാകാനുള്ള ആഗ്രഹം അധികാരികളുടെ മുന്‍പില്‍ സ്വതന്ത്രമായി അറിയിക്കേണ്ടത്‌. അന്നൊക്കെ ദൈവവിളിയെന്നാല്‍ ബൈബിളില്‍ കാണുന്ന പോലെ മാലാഖ വന്ന് നേരിട്ട്‌ വിളിക്കുന്നതാണ്‌ എന്നായിരുന്നു എന്റെ ധാരണ. എന്തായാലും എനിക്ക്‌ അത്തരത്തില്‍ പ്രത്യക്ഷമായ അനുഭവമൊന്നുമില്ലാതിരുന്നതിനാലും അച്ചനാവണം എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടില്ലാത്തതിനാലും ക്യാമ്പ്‌ കഴിഞ്ഞപ്പോള്‍ ഞാന്‍ തിരിച്ചുപോന്നു. പിന്നീട്‌ സമപ്രായക്കാരില്‍ ചിലര്‍ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍ ഇങ്ങനെ ചിന്തിച്ചു; വിഡ്ഢികള്‍... ഇവര്‍ക്കൊന്നും ജീവിതമെന്താണെന്നറിയില്ലേ? കല്ല്യാണം കഴിക്കാതെ വെറുതെയെന്തിന്‌ സ്വന്തം ജീവിതം പാഴാക്കുന്നു! കാരണം, അവിവാഹിത ജീവിതം എനിക്കും ഉള്‍ക്കൊള്ളാനാവാത്ത ഒരു രഹസ്യമായിരുന്നു. സ്വന്തം അസ്ത്ഥിത്വത്തിന്റെ ഭൂമിയിലെ തുടര്‍ച്ചയെക്കുറിച്ച്‌ ഞാനും ആകുലനായിരുന്നു.

കൗമാരത്തിന്റെ ചാപല്ല്യങ്ങളോടേ എന്റെ കോളെജ്‌ വിദ്യാഭ്യാസം ആരംഭിച്ചു. മണ്ണാര്‍ക്കാട്‌ കല്ലടി കോളേജില്‍ പ്രീ-ഡിഗ്രി പഠനം, തുടര്‍ന്ന് രസതന്ത്രത്തില്‍ ബിരുദപഠനം. കാര്‍ബണും ഹൈഡ്രജനും നടത്തുന്ന കൈയ്യാങ്കളിയില്‍ എനിക്കത്ര രസം പിടിച്ചില്ല. എന്നിട്ടും പിടിച്ചുനിന്നു... ഉഴപ്പും ആത്മീയതയും ഒരുമിച്ചു പോവാത്തതിന്റെ മാനസ്സിക സമ്മര്‍ദ്ദം എന്നും ഉള്ളിലുണ്ടായിരുന്നു. സുഹൃദ്പ്രേരണയാല്‍ ജീസ്സസ്‌യൂത്ത്‌ മുന്നേറ്റവുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനാരംഭിച്ചു. അത്‌ ഒരു പുത്തന്‍ അത്മീയ ഉണര്‍വ്വിന്‌ കാരണമായി. മാനുഷികപരിമിതികള്‍ക്കതീതമായ അതിസ്വാഭാവിക തലത്തെക്കുറിച്ചുള്ള ബോധ്യം എന്നില്‍ വര്‍ദ്ധിച്ചു. വിശ്വാസവും അനുഷ്ഠാനങ്ങളുമൊക്കെ തട്ടിപ്പാണെന്നും ഒരുതരം മാനസ്സികാശ്വാസം മാത്രമാണ്‌ അതൊക്കെ നല്‍കുന്നെതെന്ന യുവസഹജമായ ചിന്തകളില്‍ നിന്നും മനസ്സ്‌ സ്വതന്ത്രമായി. ചുരുക്കത്തില്‍, ദൈവം എനിക്ക്‌ പ്രഥമസ്ഥാനീയനായി. തുടര്‍ന്നും, വീഴ്ചകളും പരാജയങ്ങളും ജീവിതത്തിലുണ്ടായെങ്കിലും എല്ലാറ്റിനുപരിയായ സര്‍വ്വശക്തനെക്കുറിച്ചുള്ള അവബോധം ധൈര്യം പകര്‍ന്നു. മാനുഷികസ്നേഹത്തിന്റെ പരിമിതികളും ദൈവികസ്നേഹത്തിന്റെ അപരിമേയതയും ഹൃദയം തിരിച്ചറിഞ്ഞപ്പോള്‍ ആ അപരിമേയനോട്‌ കൂടുതല്‍ ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിച്ചു. എന്റെ ജീവിതസാഹചര്യങ്ങള്‍ ഈ ചേര്‍ന്നുനില്‍ക്കലിന്‌ അനുയോജ്യമല്ല എന്ന തിരിച്ചറിവിലാണ്‌ പൗരോഹിത്യ സ്വപ്നം മനസ്സില്‍ പൂവിട്ടത്‌. അതായിരുന്നു എന്നിലെ ദൈവവിളിയെക്കുറിച്ച്‌ ഞാന്‍ ബോധവാനാകുന്ന ആദ്യനിമിഷങ്ങള്‍.

അത്താഴം കഴിഞ്ഞ്‌ സോഫയില്‍ ചാരികിടന്നിരുന്ന എന്റെ അപ്പച്ചനോട്‌ ആദ്യമായി ഈ ആഗ്രഹം അറിയച്ചപ്പോള്‍ അസമയത്ത്‌ അവിശ്വസനീയമായ എന്തോ കേട്ട വികാരത്തോടെ ഇപ്രകാരം മറുപടി പറഞ്ഞു. "നമുക്കൊന്നും അതിനുള്ള യോഗ്യതയില്ല". തീര്‍ച്ചയായും ഇത്‌ കുടുമ്പത്തില്‍ നിന്നും പകര്‍ന്ന് കിട്ടിയ ഒരു ബോധ്യമാണ്‌. ദൈവവിളി ഒരു ദാനമാണെന്ന തിരിച്ചറിവ്‌ ഈ അയോഗ്യതയില്‍ നിന്നാണ്‌ എനിക്കുള്ളത്‌. നേരത്തെ സൂചിപ്പിച്ച, ഇണയെക്കുറിച്ചുള്ള സ്വപ്നങ്ങളും അസ്ത്ഥിത്വ ദുഃഖവുമെല്ലം വിസ്മരിച്ച്‌ അയോഗ്യനായ എനിക്ക്‌ ശാന്തമായ മനസ്സോടെ സൃഷ്ടാവിനെ ധ്യാനിക്കാനാവുന്നെങ്കില്‍ ഇത്‌ ഒരു ദാനമായെ തീരൂ. എന്റെ വ്യക്തിപരമായ യാതൊരു കഴിവും കൊണ്ടല്ല ഇത്തരമൊരു ജീവിതം തിരഞ്ഞെടുക്കാനായതും, അതില്‍ നിലനിലക്കുന്നതും എന്ന് മനസ്സുതുറന്ന് ഞാന്‍ ഏറ്റുപറയുന്നു. പാലക്കാട്‌ മൈനര്‍ സെമിനാരി, ആലുവ മംഗലപ്പുഴ സെമിനാരി, റോമിലെ മാത്തര്‍ എക്ലേസ്സിയ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒന്‍പത്‌ വര്‍ഷക്കാലമായുള്ള പരിശീലനം പൂര്‍ത്തിയാക്കി ഞാന്‍ ഇന്ന് ഒരു പുരോഹിതനായി മാറിയെങ്കിലും ഇനിയും എനിക്ക്‌ തിരിച്ചറിയാനാവാത്ത ഒരുപാട്‌ കാര്യങ്ങള്‍ എന്റെ ദൈവവിളിക്ക്‌ കാരണമായിരിക്കണം. അതിനാല്‍തന്നെ ദൈവവിളി ഇന്നും എനിക്ക്‌ ഒരു രഹസ്യമായി തുടരുന്നു. ഈ ജീവിതം രൂപപ്പെടുത്തിയ, ദൈവികോപകരണങ്ങളായി വര്‍ത്തിച്ച എല്ലാ സഹയാത്രികര്‍ക്കും മുന്‍പില്‍ നന്ദിയോടെ ശിരസ്സു നമിക്കുന്നു. സസ്നേഹം...

13 comments:

AJO JOSEPH THOMAS said...

Dear Rev. Fr.Jaimon !

I want to thank you for your humbleness to express yourself.

"God made everything and you can no more understand what he does than you understand HOW NEW LIFE BEGINS IN THE WOMB OF A PREGNANT WOMAN".
Ecclesiates 11 : 5-6)
Sabhaprasangakan

BUT ....

"WHERE THE SPIRIT OF THE
LORD IS PRESENT, THERE IS
FREEDOM"
(2 Corinthians 3:17)

With Love,
Ajo.

കുഞ്ഞിക്കിളി said...

Dear Father,
Beautifully you have described ur call...
Very very happy reading it

കുഞ്ഞിക്കിളി said...

Daivavili yude mahaneeyatha manasilaakkunnu... Anekare daivathinte samadhanam anubhavippikkan idayaakattey..
U have written really really very very well...

ഹാരിസ് said...

please continue...

Chris Capuchin said...

HOLD U IN HIGH ESTEEM. KEEP IT UP. IT IS HELPFUL ALSO OTHERS TO RECOLLECT AND MEDITATE UPON OUR PAST AND THE WAY WE RECEIVED OUR VOCATION.

MAY THE GOOD LORD BLESS YOU AND KEEP U SAFE IN HIS LOVING hEART!

Unknown said...

hai Dear..very good and inspiring.
be proud enough about ur priesthood until ur death....
all the best and prayers..
i will pray 4 u not to be successful abut to be faithful...

Bineesh Kalappurackal said...

Dear loving Father Jaimon,

If I see u and my guardian angel together I will first bow my head infront of you then only my reverence goes to my angel. Though he cared me all my life long , you must be first because you r a Priest.Above all a loving friendly priest.
Still I feel the perfume of the buding mangoetrees' tender leaves! Your friendship has such an influence to me.
This write up impart in my hearts love to vocation to priesthood. Well written. Compliments!
Praise be to Jesus Christ Our Lord!

സഞ്ചാരി @ സഞ്ചാരി said...

Thanks to dear Ajo, Kunjikili, Haris, Chris, Binoj and Binessh. I am repeating; 'ഈ ജീവിതം രൂപപ്പെടുത്തിയ, ദൈവികോപകരണങ്ങളായി വര്‍ത്തിച്ച എല്ലാ സഹയാത്രികര്‍ക്കും മുന്‍പില്‍ നന്ദിയോടെ ശിരസ്സു നമിക്കുന്നു. സസ്നേഹം...'
Jaimon

joe said...

i have started to read your blog from today. interesting. jesus bless you.

അഭയാര്‍ത്ഥി said...

Dear Fr. Jaimon,
I have seen this great post today only. It is nice to see you a priest. I feel sorry for giving up seminary life. A priest is a beauty forever. I sadly realize that priestly life is the greatest life a person can ever have. I also humbly pray that may the Lord keep you away from the snares of the world. Bl.Mary queen of priests, Pray for our Fr. Jaimon.
Love & Prayers,
Manoj

Anonymous said...

Dear Rev.Fr.Jaimon,

This article is very attractive; this is very useful for today’s new generation, your conviction is very good…….

Rajeeve Jose

Anonymous said...

Dear Rev. Fr. Jaimon,

Hearty congratulations... you a gift to the world...gift is gifted with the Gifted One...

Abby said...

Stay blessed acha