11/4/08

മരമാക്ക്രിക്ക്‌ ഒരു മറുപടി

പ്രിയപ്പെട്ട മരമാക്രി,

ഇത്രയും വിദ്യാഭ്യാസമുള്ള ഒരു മനുഷ്യനെ മരമാക്രി എന്നു വിളിക്കാന്‍ വ്യസനമുണ്ടെങ്കിലും താങ്കള്‍ യതാര്‍ത്ഥ പേര്‌ വെളിപ്പെടുത്താത്തതിന്റെ നിവൃത്തികേട്‌ കൊണ്ട്‌ വിളിക്കുന്നതാണ്‌. നമുക്ക്‌ വിഷയത്തിലേക്ക്‌ വരാം(ഇവിടെ ക്ലിക്കിയാല്‍ വിഷയം വരും).

എന്തിനാണ്‌ ഭാരതത്തില്‍ അച്ചന്മാര്‍ കാവി ളോഹ ധരിക്കുന്നത്‌? ഇവിടെ യൂറോപ്പിലെ അച്ചന്മാര്‍ കറുത്ത ളോഹ ധരിക്കുന്നു, നാട്ടിലെ അച്ചന്മാര്‍ സാധാരണയായി വെളുത്തതും ഒര്‍ല്‍പ്പം ഭാരതീയ സംസ്കരത്തോട്‌ സ്നേഹം കൂടുതല്‍ ഉള്ളവര്‍ കാവിയും ധരിക്കുന്നു. കാലവസ്ഥ പ്രശ്നങ്ങള്‍ അറിയാല്ലോ, ഇവിടെ തണുപ്പാണ്‌, കറുപ്പ്‌ ചൂട്‌ പകരും. നാട്ടില്‍ ചൂടാണ്‌, കറുപ്പ്‌ വിഡ്ഢിത്തമാവും. പിന്നെ, കാവിയാകുമ്പോള്‍ നമ്മുടെ നാട്ടില്‍ ഒരല്‍പ്പം സന്ന്യാസ ചൈതന്യം കൂടുകയും ചെയ്യുമല്ലോ... ഏത്‌, മരമാക്രി പറഞ്ഞതുപോലെ അടി എപ്പോ കിട്ടി എന്നു പറഞ്ഞാ മതി. അതുപോട്ടെ, ഇതൊക്കെ എന്റെ ന്യായം. മരമാക്രിയുടെ 'ദര്‍ശനം' അനുസരിച്ച്‌ കാവിക്ക്‌ കാരണം രണ്ടാണ്‌; ഒന്ന്- വിദേശത്ത്‌ സഭ പരുങ്ങലില്‍, രണ്ട്‌- പച്ചയായ സാമ്പത്തിക ലാഭം.

ഒന്നാമത്തെ പ്രശ്നം, സഭക്ക്‌ വിദേശം എന്നും സ്വദേശം എന്നുമുള്ള തരംതിരിവ്‌ ഏങ്ങനെയാണെന്ന് മനസ്സിലായില്ല! സഭയില്‍ എല്ലാവര്‍ക്കും കൂടി ഒരു സ്വദേശം മാതൃമെയൊള്ളൂ, അത്‌ ഈ ഭൂമിയാണ്‌. ഇനിയിപ്പോ വേണെങ്കില്‍ സ്വര്‍ഗ്ഗത്തെ നോക്കി വിദേശം എന്ന് പറയാമായിരിക്കും.സ്വദേശത്ത്‌ പരുങ്ങലുണ്ട്‌, സത്യമാണത്‌... മനുഷ്യന്റെ നിലനില്‍പ്പു പോലും അനുദിനം പരുങ്ങലിലാണ്‌, പിന്നെയാ വിശ്വാസത്തിന്റെ കാര്യം.

'സഭ ഇങ്ങോട്ട്‌ വിളിച്ചാല്‍ അജഗണങ്ങള്‍ അങ്ങോട്ട്‌ പോകുന്നു...' പണ്ട്‌ കര്‍ത്താവ്‌ വിളിച്ചിട്ട്‌ കേള്‍ക്കാതെ പോയവരുണ്ട്‌, പിന്നെയാ കര്‍ത്താവിന്റെ പേരില്‍ വിളിക്കുന്നവരുടെ കാര്യം...

ബിഷപ്പുമാരുടെ തമ്മിത്തല്ലിന്റെ കാര്യം... ഇനി അങ്ങനെയൊക്കെ ഉണ്ടെങ്കില്‍ തന്നെ എന്തായാലും കേരളരാഷ്ട്രീയത്തോളം വരുമോ മാക്ക്രി... അജീവനാന്തം മുഴുവന്‍ നമ്മള്‍ സഹിക്കണ്ടെ? ഇതിപ്പൊ കാര്യങ്ങള്‍ക്ക്‌ ഒരു തീരുമാനമുണ്ടാവുമല്ലൊ. തമ്മിതല്ല് അല്ലായിരുന്നെങ്കിലും, കൊല്ലം രൂപതയിലെ കാര്യങ്ങള്‍ മാക്രിയും അറിഞ്ഞതല്ലെ. മൂന്ന് ദിവസ്സത്തിനുള്ളില്‍ തീരുമാനായി.

പ്രധാന വിഷയത്തിലേക്ക്‌ കടക്കാം, 'സഭയുടെ നോട്ടത്തില്‍ ഇന്ത്യ നല്ല ഒരു മാര്‍ക്കറ്റ്‌ ആണ്‌...ആദിവാസികള്‍ അല്ലയൊ.' എന്തിനാ മാക്ക്രി, പ്രകൃതിയുടെ ആദിമവിശുദ്ധി നിറഞ്ഞുനില്‍ക്കുന്ന അവരെ നമ്മുടെ കുശുമ്പ്‌ ചിന്തകളിലേക്ക്‌ വലിച്ചിഴക്കുന്നത്‌? മനുഷ്യന്റെ വിശാസകാര്യങ്ങളിലും ആദിവാസിയെന്നും നാട്ടുവാസിയെന്നുമൊക്കെ തിരിക്കേണ്ട കാര്യമുണ്ടോ? ആദിമക്രൈസ്തവസഭയും അന്നത്തെ സാമൂഹിക വിവേചനങ്ങള്‍ അനുസരിച്ചുള്ള എല്ലാവരേയും ഉള്‍കൊള്ളുന്നതായിരുന്നു... മുക്കുവനും, ചുങ്കകാരനും, വേശ്യയും, അടിമയും, യഹൂദനും എല്ലാവരും ഉള്‍പ്പെടുന്ന ഒരു സമൂഹം... ചുമ്മാ ദളിതനെന്നും മറ്റും തരം തിരിക്കുന്നത്‌ നമ്മുടെ തെറ്റ്‌.

ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ കാര്യം; പറഞ്ഞതനുസരിച്ച്‌ അഥവാ എനിക്ക്‌ മനസ്സിലായത്‌ അനുസ്സരിച്ച്‌ നാളെ സഭയുടെ വരവുചിലവു നേരാംവണ്ണം നടക്കണമെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള പുതുക്രിസ്ത്യാനികളുടെ പങ്കു റോമിലേക്കു ചെല്ലണം, കാരണം വിദേശത്ത്‌ സഭ പരുങ്ങലിലാണ്‌... ഇവിടെ റോമില്‍ വിനിമയം യൂറൊയിലാണെന്നത്‌ മരമാക്ക്രി വിസ്മരിച്ചൊ ആവോ. അല്ലാ... രൂപക്കൊക്കെ ഇപ്പൊ എന്താ ഒരു വില!

പിന്നെ, ഇന്ത്യന്‍ ജന്‍സംഖ്യയുടെ രണ്ട്‌ ശതമാനം വരുന്ന ക്രൈസ്തവരുടെ പങ്ക്‌ വത്തിക്കാനെ സംബന്ധിച്ച്‌ വളരെ വലുതായിരിക്കും അല്ലേ? ഇനി അതല്ലാ ഈ കാവിളോവക്കാര്‍ എല്ലാ ഇന്ത്യാക്കാരേയും കൂടി മതം മാറ്റി വലിയ ഒരു സംഖ്യ റോമിനയക്കും എന്ന് മാക്ക്രി വിശ്വസിച്ചെങ്കില്‍ ഞാന്‍ മാക്രിയെ വിശ്വാസികളുടെ പിതാവായി കണക്കാക്കും... പറഞ്ഞതിന്റെ കൂടെ മറ്റൊരു കാര്യം പറയട്ടെ, കത്തോലിക്കാ സഭയുടെ സെറ്റപ്പ്‌ അനുസരിച്ച്‌ വര്‍ഷത്തില്‍ രണ്ട്‌ തവണ മാത്രമാണ്‌ റോമിന്‌ നല്‍കേണ്ട പിരിവ്‌; ഒന്ന്- പത്രോസ്സിന്റെ കാശ്‌ എന്നറിയപ്പെടുന്നതും, രണ്ട്‌- മിഷന്‍ ഞായര്‍ പിരിവും. ഇതൊക്കെ അതിന്റെ നൂറുമടങ്ങായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സാമുഹിക പ്രവര്‍ത്തനങ്ങള്‍ക്കും, വിദ്യാഭ്യാസ-ആതുരസേവനത്തിനുമൊക്കിയായാണ്‌ ചിലവഴിക്കുന്നതെന്ന് ഓര്‍മ്മിപ്പിക്കട്ടെ. വരവിന്റെ കാര്യം പറഞ്ഞതുകൊണ്ടാണ്‌ ചിലവിന്റെ കാര്യം പറഞ്ഞത്‌. ഇന്ത്യാ എന്ന വന്‍വികസന സാധ്യതയുള്ള ഈ മാര്‍ക്കറ്റില്‍ വത്തിക്കാന്‍ വര്‍ഷങ്ങളായി കോടികള്‍ നിഷേപിച്ചിട്ട്‌ ഇന്നിപ്പോ ലാഭം ഈടാക്കികൊണ്ടിരിക്കുകയാണ്‌ എന്ന് മാക്രി ആരോപിക്കാഞ്ഞത്‌ നന്നായി. അയ്യോ... അമേരിക്കയിലെ പ്രത്യേക ചിലവിന്റെ കാര്യം മറന്നു പോയി, ആ 9700 കോടിയുടെ കാര്യമാണ്‌; അതിപ്പോ മാക്ക്രീ... സ്വന്തം വീട്ടിലാര്‍ക്കെങ്കിലും അസുഖം വന്നാല്‍ സാമ്പത്തിക സ്ഥിതിയുണ്ടെങ്കില്‍ കുടുമ്പാഗംങ്ങള്‍ അല്ലെ ചെലവു വഹിക്കേണ്ടത്‌? അല്ലതെ പിന്നെ. ഇതിപ്പോ അങ്ങനെയങ്ങ്‌ കരുതാം... ചില പള്ളീലച്ചന്മാര്‍ക്ക്‌ തലക്ക്‌ പ്രാന്തു പിടിച്ചപ്പോള്‍ ചികിത്സാചിലവും നാശനഷ്ടങ്ങളുടെ പരിഹാരവും കുടുബാഗംങ്ങള്‍ എടുത്തു (സഭ ഒരു കുടുംബമാണേയ്‌). എന്തായാലും അമേരിക്കക്കാര്‍ മാന്യന്മാരായതു കൊണ്ട്‌ വത്തിക്കാനില്‍ നിന്നും കാശ്‌ മേടിച്ചിട്ടില്ല ട്ടോ. നമ്മുടെ പങ്ക്‌ അങ്ങനെ കൊടുക്കാന്‍ പറ്റോ... കാര്യം, അവരു നമ്മളെ കുറെ സഹായിച്ചിട്ടുണ്ടെങ്കിലും.

'ലോകത്ത്‌ ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വയ്ക്കുകയൊ ഭരിക്കുകയൊ ചെയ്യുന്ന വ്യക്തികളില്‍ മുപ്പത്തിയഞ്ചാമത്തെ സ്ഥാനമാണത്രേ പോപ്പ്‌ തിരുമേനിക്ക്‌'. അതുകൊണ്ടാവാം, പോപ്പിന്റെ മുഖം ശ്രദ്ധിച്ചിട്ടുണ്ടൊ? എന്താ ഒരു അഹങ്കാരം അല്ലേ... എന്റെ മാക്രി, കാര്യസ്ഥനെ കേറീ മുതലാളി എന്നു വിളിക്കാതെ... എത്ര പോപ്പുമാരാണെന്നറിയോ ഈ സ്വത്തെല്ലാം കൈയ്യിലാക്കി ഇഹലോകവാസം വെടിഞ്ഞത്‌. സഭയുടെ ഓരൊ മണല്‍ത്തരിയും വിശ്വാസികളുടേതാണ്‌, നോക്കിനടത്തിപ്പിനായി ചില ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നു എന്ന് മാത്രം. സഭക്ക്‌ കാശുണ്ടാക്കാനായിരുന്നെങ്കില്‍ എന്തുകൊണ്ട്‌ സഭ ഫാക്ടറികളും മറ്റും തുടങ്ങുന്നില്ല... ഇത്രയും 'സെറ്റപ്പും' പിടിപാടുമൊക്കെ ഉണ്ടായിട്ടും 2000-യിരം വര്‍ഷമായിട്ടും അങ്ങനെ ഒരു ബോധം ആര്‍ക്കും ഉദിച്ചില്ലേ? സഭയുടെ പേരില്‍ ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാതൃമെയൊള്ളല്ലൊ! എന്നാലും അത്ഭുതം തന്നെ... 12 ശിഷ്യന്മാരില്‍ തുടങ്ങിയ ചുറ്റിക്കളിയാ... ഇതിപ്പോ ഇത്രയും വലിയ സെറ്റപ്പ്‌ ആയെങ്കില്‍ ആരേലും അതിന്റെ പുറകില്‍ ഉണ്ടാവണം... ആരാണാവോ ഇതിന്റെയൊക്കെ പിന്നില്‍? ഇനിയിപ്പോ 'കുഞ്ഞിക്കിളി' പറഞ്ഞതില്‍ വല്ല കാര്യവുമുണ്ടൊ ആവോ?

"എന്റെ അറിവ് വെച്ചു പരയുവാനെന്കില്‍ യേശു ഇന്നും ജീവിക്കുന്നവന്‍ ആണ് . ജീവിടത്തിലെ പല സാഹചര്യങ്ങളിലും ധൈര്യം പകര്ന്നു മുന്നോട്ടു നയിക്കുന്ന ഒരു ശക്തി ആണ്.. അത് വാക്കുകളില്‍ മനസിലാക്കി തരാന്‍ ആവില്ല... ജീവിതം നിങ്ങള്ക്ക് അത് മനസിലാക്കി തരട്ടെ..."

അല്ല... ഇതിപ്പോ ഇടയലേഖനം പോലെ നീണ്ടുപോയാല്‍ ശരിയാവാത്തതു കൊണ്ട്‌ ചുരുക്കുന്നു. അവസാനം ഒരു കാര്യം കൂടി... സഭയുടെ കണക്കും കാര്യങ്ങളും ഒക്കെ വളരെ പരസ്യമാണ്‌, അതുകൊണ്ടാണല്ലോ മാക്ക്രി ഇത്ര വ്യക്തമായി ഇതൊക്കെ അവതരിപ്പിച്ചത്‌. പക്ഷെ സ്വന്തമായ പേരു പോലും വെളിപ്പെടുത്താത്ത മരമാക്ക്രി ഇതൊക്കെ ചോദ്യം ചെയ്യുന്നത്‌ അനൗചിത്യമല്ലേ? വെറുതെ താങ്കളെ ഒന്ന് പരിചയപ്പെടാനുള്ള ആഗ്രഹം കൊണ്ട്‌ എഴുതിയതാട്ടോ... താങ്കളുടെ ആശയങ്ങളോടാണ്‌ ഞാന്‍ സംവദിക്കുന്നതെന്ന് ധാരണയോടെയാണ്‌ ഞാനീ രീതിയില്‍ ഇവ അവതരിപ്പിച്ചത്‌, ഒന്നും വ്യക്തിപരമല്ല. എന്തായാലും ഇത്രയും നീണ്ട സ്ഥിതിക്ക്‌ ഞാന്‍ ഇത്‌ ഒരു പോസ്റ്റാക്കുന്നു.

14 comments:

കുഞ്ഞിക്കിളി said...

You have said ittt!!!!!
Im sooo veryyy happy!!!
പിന്നെ കുഞ്ഞിക്കിളി യെ പരാമര്‍ശിച്ചു കണ്ടത്തില്‍ ഒത്തിരി സന്തോഷം ഉണ്ട് കേട്ടോ. ബ്ലോഗിങ്ങ് തുടങ്ങീട്ടു ഒരു മാസം പോലും ആയ്ട്ടില്ല.. എങ്കിലും ഈ ലോകത്ത് കത്തോലികാരെ അടച്ചാക്ഷേപിക്കുന്ന ഒരു പ്രവണത ഞാന്‍ ശ്രദ്ധിക്കുന്നുണ്ട് . പിതാവേ ഇവര്‍ ചെയ്യുന്നത് ഇവര്‍ അറിയുന്നില്ല.. ഇവരോട് ക്ഷമിക്കേനെ എന്ന് മനസിന്റെ ഉള്ളീന്ന് പ്രാര്‍ത്തിച്ചു പോകുന്നു ... എനിക്ക് ഒരു കാര്യം ഉറപ്പാ.. ഈ മരമാക്രി യും ഒരു നാള്‍ ഈശോ ആരാണെന്ന് അറിയും..

Appu Adyakshari said...

:) :)

Anonymous said...

ഗുജറാത്തിലെ ഒരു മിഷ്യന്‍ സെമിനാരിയുടെ കലണ്ടര്‍ അടുത്തിടെ കാണാന്‍ ഇടയായി.. അതില്‍ യേശു ചമ്രം പടിഞ്ഞു ഇരിക്കുന്നു.. കൈകള്‍ വിഷ്ണു ഭഗവാന്‍ ഇരിക്കുന്നതു പോലെയും..അവിടെ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വയ്ക്കുമ്പൊള്‍ ആരതി ഉഴിയുന്നു ..

ഇതില്‍ നിന്നും ഒക്കെ എന്താണു മനസ്സിലാക്കണ്ടിയതു ?? അങ്ങനെ ഓരോ സ്ഥലത്തു ചെല്ലുമ്പൊള്‍ അവിടുത്തെ രീതിയില്‍ പൊളിച്ചു മാറ്റപ്പെടാവുന്നതാണൊ സഭയും സഭയുടെ കുര്‍ബാന ക്രമങ്ങളും ?? മനുഷ്യരും അവര്‍ ഉണ്ടാക്കിയ മതങ്ങളും കുറേ ആചാരങ്ങളും ... സഞ്ചാരിക്കു നെഞ്ചത്തു കൈ വച്ചു പറയാമോ ഇതില്‍ ഒരു സ്വാര്‍ത്ഥ താല്പര്യങ്ങളും ഇല്ല എന്നു ??മതങ്ങള്‍ മനുഷ്യര്‍ ഉണ്ടാക്കിയതല്ല എന്നു ??

-ഒരു സംശയാലു

ഞാനഗ്നി said...

ഗുജറാത്തിലെ ഒരു മിഷ്യന്‍ സെമിനാരിയുടെ കലണ്ടര്‍ അടുത്തിടെ കാണാന്‍ ഇടയായി.. അതില്‍ യേശു ചമ്രം പടിഞ്ഞു ഇരിക്കുന്നു.. കൈകള്‍ വിഷ്ണു ഭഗവാന്‍ ഇരിക്കുന്നതു പോലെയും..അവിടെ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചു വയ്ക്കുമ്പൊള്‍ ആരതി ഉഴിയുന്നു ..

ഇതില്‍ നിന്നും ഒക്കെ എന്താണു മനസ്സിലാക്കണ്ടിയതു ?? അങ്ങനെ ഓരോ സ്ഥലത്തു ചെല്ലുമ്പൊള്‍ അവിടുത്തെ രീതിയില്‍ പൊളിച്ചു മാറ്റപ്പെടാവുന്നതാണൊ സഭയും സഭയുടെ കുര്‍ബാന ക്രമങ്ങളും ?? മനുഷ്യരും അവര്‍ ഉണ്ടാക്കിയ മതങ്ങളും കുറേ ആചാരങ്ങളും ... സഞ്ചാരിക്കു നെഞ്ചത്തു കൈ വച്ചു പറയാമോ ഇതില്‍ ഒരു സ്വാര്‍ത്ഥ താല്പര്യങ്ങളും ഇല്ല എന്നു ??മതങ്ങള്‍ മനുഷ്യര്‍ ഉണ്ടാക്കിയതല്ല എന്നു ??

-ഒരു സംശയാലു

sajan jcb said...

ഡീക്കനച്ചനാണ് ബൂലോകത്തില്‍ ശ്രദ്ധിക്കപ്പെട്ട ആദ്യത്തെ പുരോഹിത വിഭാഗം...പക്ഷേ അദ്ദേഹം സംവാദത്തിനോ വിശദീകണത്തിനോ ഒന്നും നില്‍ക്കാറില്ല.

ആരോഗ്യകരമായ ഒരു സംവാദം അച്ചനില്‍ നിന്നും പ്രതീക്ഷിക്കുന്നു... പലരുടെയും ലേഖനങ്ങളും വിശ്വാസികളും വായിക്കുന്നവരാണെന്നറിയാമല്ലോ? ചിലരുടെ ഭാഷ കണ്ടാല്‍ അവര്‍ പറയുന്നതു സത്യമാണെന്ന് വിശ്വസ്സിച്ചു പോകും... ദയവായി ഇടപ്പെടുക. ബൂലോകത്തില്‍ സഭയുടെ വക്താവാകുക. നന്ദി.

sajan jcb said...

ഞാനഗ്നി,
ഗുജറത്തിലെ കലണ്ടര്‍ ഞാന്‍ കണ്ടിട്ടില്ല... ഞാന്‍ കേരളത്തിലെ കാര്യം പറയാം...

ക്രിസ്ത്യന്‍ വിവാഹങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ... താലികെട്ടു തന്നെ പ്രധാനം... ഇതു ഇന്ത്യയുടെ സംസ്ക്കാരമാണ്... വിദേശത്ത് ക്രിസ്ത്യന്‍ കല്യാണങ്ങളില്‍ താലിയില്ല!

അതുപോലെ ക്രിസ്ത്യന്‍ ചടങ്ങുകളിലും നിള വിളക്കു തെളിയിക്കുന്നത് കണ്ടിരിക്കും ... ഇന്ത്യന്‍ സംസ്ക്കാരമാണത്....

എന്തുകൊണ്ട് ക്രിസ്ത്യാനികള്‍ ഇന്ത്യന്‍ സംസ്ക്കാരം ഉപയോഗിക്കുന്നു....?? കാരണം വളരെ ലളിതം ...ഇന്ത്യക്കാരായതു കൊണ്ട്!

[ക്രിസ്തുവിന് ചമ്രം പടിഞ്ഞിരിക്കാന്‍ പോലും അവകാശമില്ലേ? ;-) ]

എങ്ങിനെ ക്രിസ്തു ഇരുന്നാലും നിന്നാലും ക്രിസ്ത്യാനികളുടെ മനസ്സിലുള്ള ക്രിസ്തു രൂപം മൂന്നാണിയിലാണ്... ഭൂമിയിലുമല്ല ആകാശത്തുമല്ല.... ആശീര്‍വദിക്കാന്‍ പോയിട്ട് കൈ അനക്കാന്‍ പോലും പറ്റാതെ ആണിയാല്‍ ബന്ധിക്കപ്പെട്ട് കിടക്കുന്ന ഒരു നിസ്സഹായന്റെ ആ രൂപം.

കോര്‍പറെറ്റ് സംശലാലുക്കലുടെ ഭാഷയില്‍ ഈ രൂപമാണ് സഭ വേള്‍ഡ് വൈഡ് ഉപയോഗിക്കുന്നത്... ലോഗോ എങ്ങിനെ കൊള്ളാമോ?

--------------
മറ്റൊരു ചോദ്യം ..മതങ്ങള്‍ മനുഷ്യര്‍ ഉണ്ടാക്കിയതല്ലേ എന്ന്.... ആയിരിക്കും...ദൈവം മനുഷ്യനെ ശ്രഷ്ടിച്ചു എന്നേ പറയുന്നുള്ളൂ... മതങ്ങളെ ശ്രഷ്ടിച്ചു എന്നു പറയുന്നില്ല.

എന്താണ് മതം... അതിന്റെ മലയാള അര്‍ത്ഥം തന്നെ അഭിപ്രായം എന്നാണ്.... യേശു ദൈവമാണെന്ന് അഭിപ്രായമുള്ളവരാണ് ക്രിസ്ത്യാനികള്‍! ക്രിഷ്ണന്‍ ദൈവമാണെന്നു അഭിപ്രായമുള്ളവര്‍ മറ്റൊരു മതക്കാര്‍.... മുഹമദ്ദ് ആള്ളാഹുവിന്റെ പ്രവാചകനാണെന്നു അഭിപ്രായമുള്ളവര്‍ മുസ്ലീമുകള്‍!!!

ശരിയാണ് മതം മനുഷ്യന്റെ സ്രഷ്ടി തന്നെ!!!

George said...

അങ്ങനെയാണേല്‍ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെല്ലാം അറമായേം ലാറ്റിനുമൊക്കെ ഒക്കെ പറഞ്ഞ്‌ ഒട്ടകപ്പൊറത്തൊക്കെ നടക്കേണ്ടി വരുമല്ലൊ ;) ക്രിസ്ത്യാനിയാണെന്ന്‌ പറഞ്ഞ് നമ്മുടെ സംസ്കാരം മറക്കണമെന്നുണ്ടോ?

It's in fact, a matter of pride that my religion respects and accepts the traditions and customs of my own land. It speaks volumes about our Indian Culture too! Well said sajan jcb!

ഞാനഗ്നി said...

സാജന്‍ , ജോര്‍ജ്ജ്,

ഇന്‍ഡ്യന്‍ സംസ്കാരം പിന്തുടരുന്നതു വളരെ നല്ല കാര്യം .. പക്ഷെ മേല്പറഞ്ഞ കാര്യങ്ങള്‍ അതാതു സ്ഥങ്ങളിലെ അക്രൈസ്തവരെ മതത്തിലേക്കു ആകര്‍ഷിക്കന്‍ അല്ല എന്നു ആര്‍ക്കും പറയാനാകില്ല .. സംസ്കരം പിന്തുടരുന്നതിനെ അല്ല അതിലെ സ്വാര്ത്ഥ താല്പര്യങ്ങളിലേക്കാണു ശ്രദ്ധിക്കെണ്ടതു..

ദൈവം മനുഷ്യനെ സൃഷ്ടിച്ചു,മതത്തെ അല്ല.. സൃഷ്ടിയെക്കുറിച്ചു ഒരുപാട് ആശയകുഴപ്പങ്ങള്‍ നിലനില്ക്കുന്നു ..
ഒരു കൃസ്ത്യാനിക്കു പരസഹായം ചെയ്യാന്, സഹായം അര്‍ഹിക്കുന്നവന്‍ കൃസ്ത്യാനി ആകണം എന്നില്ല.. താങ്കള്‍ക്കും നിഷേധിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല ഈ വിധത്തിലുള്ളതൊന്നും നടക്കുന്നില്ല എന്നു..

മതങ്ങള്‍ക്കതീതമയി മനുഷ്യനെ കാണാനും , പറ്റാവുന്ന സഹായങ്ങള്‍ മനുഷ്യത്വപരമായി ചെയ്യാനും പ്രാപ്തരാക്കുവാണു ഒരു മതം തന്റെ അനുയായികളെ പഠിപ്പിക്കേണ്ടതു ... അല്ലാതെ എത്ര പേരെ നീ മമ്മോദീസ മുക്കി എന്നല്ല.. അവനവന്റെ കടമകള്‍ ചെയ്താല്‍ ,മറ്റുള്ളവരെ ആകുന്നപോലെ ഒക്കെ സഹായിച്ചല്‍ അതില്‍ പരം നല്ല പ്രാര്‍ത്ഥന വേറെ ഇല്ല..

കണ്ണടച്ചു ഇരുട്ടാക്കുന്നവരോടും , സത്യത്തിനു മുകളില്‍ കുട മറയായി പിടിക്കുന്നവരോടും എന്തു പറയാന്‍ ???

George said...

ഞാനഗ്നി, ഇന്നു വരെ ഞാന്‍ കേട്ടിട്ടുള്ളത് 'നിന്നെ പോലെ നിന്റെ അയല്‍ക്കാരനെയും...' എന്നാണ്. അല്ലാതെ 'നിന്നെ പോലെ നിന്റെ അടുത്തുള്ള ക്രിസ്ത്യാനിയെയും എന്നല്ല'!

പിന്നെ, ഭൂരിഭാഗം മിഷനുകളും അതില്‍ പ്രവര്‍ത്തിക്കുന്നവരും ഈ സേവന മനോഭാവത്തോടു കൂടി നിലകൊള്ളുന്നവയാണ്. ഇതിനൊന്നും മെനക്കെടാന്‍ കഴിയാത്തവാണു പലപ്പോഴും അവക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ഞാനഗ്നി പറഞ്ഞ പോലെ, 'എത്ര പേരെ നീ മമ്മോദീസ മുക്കി' എന്ന്‌ എണ്ണി നടക്കുന്ന ടീംസ് ഇല്ലാന്നല്ല. പക്ഷെ ആ ഒരു ചെറിയ ശതമാനം കാരണം മറ്റുള്ളവരുടെ ത്യാഗം കണ്ടില്ലെന്ന് നടിക്കുന്നത്‌ ശരിയാണോ??

മഞ്ഞപ്പിത്തം ബാധിച്ചവരോട് എന്തു പറയാന്‍ ??? ;)

sajan jcb said...

ഇന്‍ഡ്യന്‍ സംസ്കാരം പിന്തുടരുന്നതു വളരെ നല്ല കാര്യം .. പക്ഷെ മേല്പറഞ്ഞ കാര്യങ്ങള്‍ അതാതു സ്ഥങ്ങളിലെ അക്രൈസ്തവരെ മതത്തിലേക്കു ആകര്‍ഷിക്കന്‍ അല്ല എന്നു ആര്‍ക്കും പറയാനാകില്ല ..

ഒരേ കാര്യങ്ങള്‍ ചെയ്ത് എങ്ങിനെയാണ് സുഹൃത്തേ ആളുകളേ ആകര്‍ഷിക്കുന്നത്? വ്യത്യസ്ത രീതി വരുമ്പോഴല്ലേ ആകര്‍ഷകമാകുക??


കണ്ണടച്ചു ഇരുട്ടാക്കുന്നവരോടും , സത്യത്തിനു മുകളില്‍ കുട മറയായി പിടിക്കുന്നവരോടും എന്തു പറയാന്‍ ??


വളരെ ശരി... എന്ത് പറയാന്‍??

Anonymous said...

http://www.prolades.com/worldrel.pdf

സഞ്ചാരി @ സഞ്ചാരി said...

കുഞ്ഞികിളി,
അനുവാദമില്ലാതെ കമന്റ്‌ കോപ്പിയതില്‍ പരിഭവിക്കാഞ്ഞതിനു നന്ദി. എല്ലാ ഭാവുകങ്ങളും നേരുന്നു

അപ്പുവേട്ടാ,
ശൈലി ഒന്നു മാറ്റി:)

ഞാനാഗ്നി,
ഗൗരവമായ ഒരു വിഷയമാണ്‌ താങ്കള്‍ ഉന്നയിച്ചിരിക്കുന്നത്‌. ഭാരതീയ വത്ക്കരണത്തെ കുറിച്ച്‌ കൂടുതല്‍ വിശദീകരണം ആവശ്യമുള്ളതു കൊണ്ട്‌ അടുത്ത കുറിപ്പ്‌ ഇതിനായി മാറ്റിവയ്ക്കുന്നു. അതേസമയം സഞ്ചാരി നെഞ്ചത്തു കൈവച്ചു ക്രിസ്തുമതത്തെ കുറിച്ചു പറയുന്നു(മറ്റുമതങ്ങളെ ക്കുറിച്ച്‌ ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല), മനുഷ്യനായി അവതരിച്ച ദൈവമാണ്‌ ക്രിസ്തുമത സ്ഥാപകന്‍. കാരണം, എന്റെ നെഞ്ചില്‍ ക്രിസ്തു ദൈവമാണ്‌. ഒരുപക്ഷെ മറ്റേതെങ്കിലും സാമുഹിക ശാസ്ത്രഞ്ജനോട്‌ ഇതേ ചോദ്യം ആവര്‍ത്തിച്ചാല്‍ താങ്കള്‍ പ്രതീക്ഷിക്കുന്ന ഉത്തരം ലഭിക്കും. സന്ദര്‍ശനത്തിനും ചര്‍ച്ചക്കും ഏറെ നന്ദി, സുമനസ്സുകളായ സംശായാലുകളെ ഞാനും ഇഷ്ടപ്പെടുന്നു... ക്രിസ്തുശിഷ്യനായിരുന്ന തോമസ്സ്‌ വലിയ സംശായലുവായിരുന്നു.

സാജന്‍,
ഞാനിവിടെ പണ്ടുമുതലെ ഉണ്ടായിരുന്നു... ഡീക്കനും മുന്‍പ്‌. വിവാദവിഷയങ്ങളില്‍ സമയപരിമിതി മൂലമാണ്‌ ഇടപെടാതിരുന്നത്‌. ഇനിയും ആ പരിമിതി ഉണ്ട്‌. എങ്കിലും ശ്രമിക്കാം. ചര്‍ച്ച തുടരുക. നന്ദി

ജോര്‍ജ്ജ്‌,
സന്ദര്‍ശനത്തിനും ചര്‍ച്ചക്കും നന്ദി... തുടരുക. അടുത്ത പോസ്റ്റില്‍ ഈ വിഷയങ്ങള്‍ ഉള്‍പ്പെടുത്താന്‍ പരിശ്രമിക്കാം.

സഞ്ചാരി @ സഞ്ചാരി said...

ഞാനഗ്നി ഉന്നയിച്ച ചോദ്യങ്ങള്‍ക്കുള്ള എന്റെ അഭിപ്രായം 'ഇവിടെ
'

Anonymous said...

kd13
supreme clothing
curry 9
supreme
yeezy 350
air jordan travis scott
hermes outlet
golden goose
hermes bag
bape shoes